പശുവിനെ കൊന്ന് മുസ്ലീം യുവാവിനേയും പോലീസിനേയും കുടുക്കാൻ ശ്രമം; ബജ്‌റംഗ്ദൾ നേതാവ് അറസ്റ്റിൽ
ഉത്തർപ്രദേശ്: പശുവിനെ കൊന്ന് മുസ്ലീം യുവാവിനെ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ ബജ്‌റംഗ്ദൾ നേതാവ് അടക്കം നാല് പേർ അറസ്റ്റിൽ. ബജ്റംഗ്ദൾ മൊറാദാബാദ് ജില്ലാ പ്രസിഡൻ്റ് മോനു ബിഷ്‌ണോയി ഉൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്. പ്രതികൾ പോലീസിനെതിരേയും ഗൂഢാലോചന നടത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
മൊറാദാബാദ് ജില്ലയിലെ ചേത്രംപൂർ ഗ്രാമത്തിൽ നിന്നുള്ള ഷഹാബുദ്ദീൻ, ബജ്‌റംഗ്ദൾ നേതാവ് മോനു ബിഷ്‌ണോയ് എന്ന സുമിത് രാമൻ ചൗധരി, രാജീവ് ചൗധരി എന്നിവരാണ് അറസ്റ്റിലായത്. മൊഹമൂദ് എന്നയാൾക്കെതിരെ പ്രതികാരം തീർക്കുകയായിരുന്നു ഷഹാബുദീന്റെ ലക്ഷ്യം. ഇതിനായി പശുവിനെ കശാപ്പ് ചെയ്ത് അത് മൊഹമൂദ് ആണ് ചെയ്തതെന്ന് വരുത്തി തീർക്കാൻ ഇയാൾ ശ്രമിച്ചു. ഇതിനായി ബജ്‌റംഗ്ദൾ പ്രവർത്തകരുടെ സഹായവും ഇയാൾ തേടിയതായി പോലീസ് പറഞ്ഞു.

ഈ മാസം 16 നാണ് കാൻവാർ പാതയിൽ പശുവിൻ്റെ തല കണ്ടെത്തിയത്.
ശ്രാവണ മാസത്തിൽ ഹിന്ദു തീർഥാടകർ ഹരിദ്വാർ പോലുള്ള ആരാധനാലയങ്ങളിലേക്ക് പോകാൻ കൂടുതലായി ഉപയോഗിക്കുന്ന വഴിയാണിത്. ജനുവരി 28നും സമാന രീതിയിൽ പശുവിനെ കശാപ്പ് ചെയ്തതായി കണ്ടെത്തി. കാൻവാർ പാതയ്ക്ക് തൊട്ടടുത്തുള്ള സ്ഥലത്ത് നിന്നായിരുന്നു ഇത്. ഇവിടെ നിലത്ത് കിടക്കുന്ന ഒരു ജോടി ട്രൗസറിൽ മെഹമൂദിൻ്റെ വാലറ്റ് കണ്ടെത്തിയിരുന്നു. എന്നാൽ പരിശോധനയിൽ ദുരൂഹത ഉള്ളതായി പോലീസ് കണ്ടെത്തി.
മെഹ്മൂദിനെ ചോദ്യം ചെയ്തപ്പോൾ, ഗ്രാമത്തിലെ ചിലരുമായി തനിക്ക് ശത്രുതയുണ്ടെന്ന് ഇയാൾ പറഞ്ഞതായും തുടർന്ന നടത്തിയ അന്വേഷണത്തിൽ ഷഹാബുദ്ദീൻ, ജംഷീദ് എന്നിവരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. ഷഹാബുദീനും ജംഷീദും ചേർന്നാണ് മറ്റ് പ്രതികളുടെ സഹായം തേടിയതെന്നും പോലീസ് വ്യക്തമാക്കി.
മോനു ബിഷ്‌ണോയി അടുത്തിടെ വധശ്രമക്കേസിൽ ജയിലിലായിരുന്നു. പുറത്തിറങ്ങിയ മോനു വിവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. തന്റെ ആവശ്യങ്ങൾ നേടിയെടുക്കാനായി ഇയാൾ പോലീസിന്റെ സഹായം തേടിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ഇവരെ കുടുക്കാനും ശ്രമമുണ്ടായിരുന്നതായും എസ്എസ്പി പറഞ്ഞു. ജനുവരി 14-ന് ഷഹാബുദ്ദീൻ്റെ കൂട്ടാളിയായ നയീമിന് 2000 രൂപ നൽകി പശുവിൻ്റെ തല എവിടെ നിന്നെങ്കിലും കൊണ്ടുവന്ന് ഛജ്‌ലൈത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ വെക്കാൻ ആവശ്യപ്പെട്ടു. ഇത് പോലീസിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യം വെച്ചായിരുന്നു. രണ്ടാമത്തെ പശുവിനെ ഒരു വീട്ടിൽ നിന്നും പ്രതികൾ മോഷ്ടിക്കുകയായിരുന്നു', പോലീസ് വ്യക്തമാക്കി. സംഭവത്തിൽ രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ ഫോണുകൾ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.












Click it and Unblock the Notifications