സുവർണ്ണക്ഷേത്രത്തില്‍ വീണ്ടും വെടിമുഴക്കം: പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിക്ക് നേരെ വധശ്രമം
അമൃത്സർ: പഞ്ചാബ് മുന്‍ഉപമുഖ്യമന്ത്രി സുഖ്ബീർ സിംഗ് ബാദലിന് നേരെ വെടിവെയ്പ്പ്. അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിലെ പ്രവേശന കവാടത്തില്‍ വെച്ചാണ് ശിരോമണി അകാലിദൾ (എസ്എഡി) നേതാവിനെതിരെ വധശ്രമമുണ്ടായത്. സുവർണ്ണ ക്ഷേത്രത്തിൻ്റെ കവാടത്തിൽ സേവനം നടത്തുന്നതിനിടെയായിരുന്നു ആക്രമണം. ലക്ഷ്യം തെറ്റിയ വെടിയുണ്ട സുവർണ്ണക്ഷേത്ര കവാടത്തിന്റെ ഭിത്തികളില്‍ പതിച്ചു. സുഖ്ബീർ സിംഗ് ബാദല്‍ ഉള്‍പ്പെടെ ആർക്കും പരിക്കില്ല.
അക്രമിയെ സുഖ്ബീർ സിംഗ് ബാദലിന്റെ അനുയായികളും പഞ്ചാബ് പൊലീസും ചേർന്ന് കീഴടക്കി. നേരത്തെ ഭീകര പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടിരുന്ന നരേന്‍ സിങ് ചൗര എന്നയാളാണ് പിടിയിലായിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായി അമൃത്സർ പൊലീസ് കമ്മീഷ്ണർ ഗൂർപ്രീത് സിങ് വ്യക്തമാക്കി.

സിഖ് പരമോന്നത മതസഭയായ 'അകാൽ തഖ്ത്' ന്റെ ശിക്ഷ ഏറ്റുവാങ്ങിയ സുഖ്ബീർ സിംഗ് ബാദല്‍ കഴിഞ്ഞ രണ്ട് ദിവസമായി കൈയിൽ കുന്തവുമേന്തി നീല 'സേവാദർ' യൂണിഫോം ധരിച്ച് സുവർണ്ണ ക്ഷേത്രത്തിൻ്റെ ഗേറ്റിൽ വീല്‍ ചെയറില്‍ ഇരുന്ന് സേവനം അനുഷ്ഠിക്കുകയായിരുന്നു. വെടിവെയ്പ്പിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഗേറ്റിന് അടുത്തേക്ക് പതിയെ നടന്ന് വന്ന അക്രമി പെട്ടെന്ന് പോക്കറ്റില്‍ കരുതിയ തോക്ക് പുറത്തെടുക്കുന്നു. ഈ രംഗം കൃത്യസമയത്ത് ശ്രദ്ധയില്‍പ്പെട്ട അവിടെ ഒരാള്‍ നരേന്‍ സിങ് ചൗരയുടെ കയ്യില്‍ പിടിക്കുകയും ലക്ഷ്യം തെറ്റിയ വെടിയുണ്ട മതിലില്‍ പതിക്കുന്നതുമാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്.
മുന്‍ ഉപമുഖ്യമന്ത്രിക്കെതിരെ നടന്ന വധശ്രമത്തെ അപലപിച്ചുകൊണ്ട് ശിരോമണി അകാലി ദള്‍ നേതാക്കള്‍ രംഗത്ത് വന്നു. 'പഞ്ചാബിൽ കുറ്റവാളികൾ സ്വതന്ത്രമായി വിഹരിക്കുകയാണ്. ക്രമസമാധാന നില എത്രത്തോളം തകർന്നിരിക്കുന്നുവെന്നതിന്റെ ഉദാഹാരണമാണ് ഈ ആക്രമണം വ്യക്തമാക്കുന്നത്' മുൻ ശിരോമണി അകാലിദള്‍ എംപി നരേഷ് ഗുജ്‌റാൾ പറഞ്ഞു.
'ഈ ആക്രമണം വളരെ ദൗർഭാഗ്യകരമാണ്, സുഖ്ബീർ ബാദലിന് യാതൊരു പരിക്കും ഏല്‍ക്കാത്തതിനാല്‍ ഞങ്ങൾ സർവ്വശക്തനോട് നന്ദി പറയുന്നു. പഞ്ചാബിലെ ക്രമസമാധാന നില പരിതാപകരമാണെന്ന് ഞങ്ങളുടെ പാർട്ടി ആവർത്തിച്ച് പറയുന്നു. സർക്കാർ പരാജയപ്പെട്ടു. സുവർണ്ണ ക്ഷേത്രത്തിൻ്റെ കവാടത്തിൽ വരെ ആക്രമണം നടന്നു' മുന്‍ എംപി കൂട്ടിച്ചേർത്തു.
അതേസമയം, പഞ്ചാബ് സർക്കാരിന്റെ ഭാഗമായിരിക്കെ കൈക്കൊണ്ട രാഷ്ട്രീയ തീരുമാനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സുഖ്ബീർ സിങ് ബാദലിനെതിരായ 'അകാൽ തഖ്ത്' നടപടി. പഞ്ചാബ് മുൻ മുഖ്യമന്ത്രിയും സുഖ്ബീറിന്റെ പിതാവുമായ അന്തരിച്ച പ്രകാശ് സിങ് ബാദലിനെതിരെയും നടപടിയുണ്ട്. സുവർണക്ഷേത്രത്തിലെ ശുചീകരണപ്രവൃത്തികൾ, ഗേറ്റിലെ കാവല്‍ ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തനങ്ങള്‍ നടത്താനായിരുന്നു 'അകാൽ തഖ്ത്' ഉത്തരവ്.












Click it and Unblock the Notifications