ആസ്‌ത്രേലിയയിലെ കാട്ടുതീ; ഹെലികോപ്റ്റര്‍ വഴി മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കി അധികൃതര്‍
സൗത്ത്‌വേല്‍സ്: മൂന്ന് മാസത്തോളമായി ആസ്‌ത്രേലിയയില്‍ തുടരുന്ന കാട്ടുതീയില്‍ ഉഴലുന്ന മൃഗങ്ങള്‍ക്കായി ഹെലികോപ്റ്റര്‍ വഴി ഭക്ഷണമെത്തിച്ച് അധികൃതര്‍. 5 ദശലക്ഷക്കണക്കിന് ഹെക്ടറിലധികം ഭൂമിയാണ് കാട്ടുതീയില്‍ നശിച്ചത്. 27 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
എന്നാല്‍ കാട്ടുതീയില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുമഭവിച്ചത് മൃഗങ്ങളാണ്. കാട്ടുതീയെ തുടര്‍ന്നുണ്ടായ കൊടും ചൂടില്‍ ഒരു ബില്യണിലധികം മൃഗങ്ങള്‍ ചത്തു. ഒറ്റപ്പെട്ടുപോയ മൃഗങ്ങളെ രക്ഷിക്കാന്‍ കാട്ടിനുള്ളിലെ കൊടും ചൂട് വകവെയ്ക്കാതെ അഗ്‌നിശമന സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തകരും രംഗത്തുണ്ട്. നിരവധി രക്ഷാപ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടരുകയാണ്.

ന്യൂ സൗത്ത് വെയില്‍സിലെ കോല ജനസംഖ്യയുടെ 30 ശതമാനവും ഇതിനോടകം ഇല്ലാതായിട്ടുണ്ട്. അവശേഷിക്കുന്ന മൃഗങ്ങളെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ശ്രമം. ഇതിന്റെ ഭാഗമായാണ് ആയിരക്കണക്കിന് കിലോ കാരറ്റും മധുരക്കിഴങ്ങും ഹെലികോപ്റ്ററുകള്‍ വഴി വിതരണം ചെയ്തത്. 'ഓപ്പറേഷന്‍ റോക്ക് വാലാബി' എന്ന പേരിലുള്ള ഈ ദൗത്യം പുല്ലുകളും കുറ്റിച്ചെടികളും ഇലകളും തിന്നുന്ന റോക്ക് വാലബികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
ഈ സംരംഭത്തിന്റെ ചില ചിത്രങ്ങള്‍ സൗത്ത് വെയില്‍സിലെ ഊര്‍ജ്ജ, പരിസ്ഥിതി മന്ത്രി മാത്യു കീന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു. മൈക്രോ ബ്ലോഗിംഗ് സൈറ്റുകളിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഈ ചിത്രങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പങ്കുവെക്കപ്പെടുന്നത്. കാട്ടുതീക്ക് മുമ്പുതന്നെ റോക്ക് വാലാബീസ് വംശനാശഭീഷണി നേരിട്ടിരുന്നതിനാല്‍ ഇപ്പോഴത്തെ ദൗത്യത്തിന് വലിയ പ്രാധാന്യമുണ്ട്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ സഹായിക്കുന്നതിന് ഭക്ഷണ വിതരണം സംസ്ഥാനവ്യാപകമായി നടത്തുമെന്നന് കീന്‍ പറയുന്നു. സാധാരണഗതിയില്‍ വാലാബികള്‍ തീയെ അതിജീവിക്കും.
എന്നാല്‍ പരിമിതമായ പ്രകൃതിദത്ത ഭക്ഷണങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അവ ഒറ്റപ്പെട്ടു പോകും. വരള്‍ച്ചയെ തുടര്‍ന്ന് തന്നെ വാലബികളുടെ അതിജീവനം കടുത്ത പ്രതിസന്ധിയിലായിരുന്നു. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ക്ക് അതിജീവനം വെല്ലുവിളിയാണെന്നും കീന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഭക്ഷണ വിതരണം വിവേകപൂര്‍ണ്ണമായ തീരുമാനമാണെന്നും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ദീര്‍ഘകാല നടപടി ആവശ്യമാണെന്നും പ്രകൃതി സംരക്ഷകര്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications