കാലില്‍ ഹിന്ദു ദൈവത്തിന്റെ ടാറ്റു, വിദേശികള്‍ക്കുനേരെ കൈയ്യേറ്റശ്രമം
ബെംഗളൂരു: കാലില്‍ ഹിന്ദു ദൈവത്തിന്റെ ചിത്രം പച്ചക്കുത്തിയ വിദേശികളെയും വെറുതെവിട്ടില്ല. ദമ്പതികള്‍ക്കുനേരെ മതഭ്രാന്തന്മാരുടെ കൈയ്യേറ്റശ്രമം. ഓസ്ട്രേലിയയില്‍ നിന്ന് ബെംഗളൂരുവിലെത്തിയ ദമ്പതികള്‍ക്കു നേരെയാണ് കൈയ്യേറ്റ ശ്രമം ഉണ്ടായത്. പ്രശ്നം കൈയ്യാങ്കളിയിലെത്തിയപ്പോള് പോലീസും സംഭവ സ്ഥലത്തെത്തി.
പാവം വിദേശികള്‍ക്ക് എന്തറിയാം, ഇതു ഹിന്ദു ദൈവമാണെന്ന് അറിഞ്ഞു കൊണ്ടല്ലല്ലോ പച്ചക്കുത്തിയത്. ഇതൊക്കെ ജനങ്ങളോട് പറഞ്ഞിട്ടെന്തു കാര്യം. ജനങ്ങള്‍ ഇവരെ വെറുതെവിട്ടുമില്ല. അവസാനം ജനങ്ങളോട് മാപ്പു പറയിപ്പിച്ചാണ് ദമ്പതികളെ വിട്ടത്. മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ചാണ് ജനങ്ങള്‍ പ്രശ്നമുണ്ടാക്കിയത്.
ബെംഗളൂരുവിലെ ഒരു റെസ്റ്റോറന്റില്‍ നിന്നിറങ്ങവെയാണ് ഒരു കൂട്ടം ആളുകള്‍ ദമ്പതികളെ തടഞ്ഞു നിര്‍ത്തിയത്. വിനോദ സഞ്ചാരികളായ മാത്യു ഗോര്‍ഡന്‍, എമിലി കാസ്സിയാനൗ എന്നിവരെയാണ് തടഞ്ഞു നിര്‍ത്തിയത്. കാലില്‍ ദുര്‍ഗ്ഗാ ദേവിയുടെ ചിത്രമാണുണ്ടായത്. ചിത്രം ഇവിടെവെച്ച് നീക്കം ചെയ്യണമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് ദമ്പതികള്‍ പറയുന്നു.
പോലീസെത്തിയിട്ടും ദമ്പതികള്‍ക്ക് രക്ഷപ്പെടാനായില്ല. തുടര്‍ന്ന് ദമ്പതികളെ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അവിടെവെച്ച് പോലീസ് ഇവരെ ശകാരിക്കുകയും മത വികാരത്തെക്കുറിച്ച് ക്ലാസെടുക്കുകയുമാണ് ചെയ്തത്.