70 ലക്ഷത്തിന്റെ വിദേശ നോട്ടുകളുമായി ഓട്ടോ ഡ്രൈവര്‍ മുങ്ങി
അഹമ്മദാബാദ്: 70 ലക്ഷത്തിന്റെ വിദേശ നോട്ടുകളുമായി ഓട്ടോ ഡ്രൈവര്‍ നാടുവിട്ടു. കാലാപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം നടന്നത്. സിസിടിവി ക്യാമറകളുടെ അടിസ്ഥാനത്തില്‍ സൂറത്ത് സ്വദേശിയായ യുവാവിനെ പോലീസ് തിരയുകയാണ്.
അങ്കുര്‍ കൊട്ട്നാല എന്നയാളുടെ ബാഗാണ് ഓട്ടോ ഡ്രൈവര്‍ മോഷ്ടിച്ച് കടന്ന് കളഞ്ഞത്. തോമസ് കുക്കിന്റെ ഡ്രൈവറായ അങ്കുര്‍ ഒക്ടോബര്‍ മൂന്നിനായിരുന്നു സൂറത്തില്‍ എത്തിയത്. ഇവിടെ നിന്നും ഓഫീസിലേക്ക് പോകുവാനായി കാലുപൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടോ വിളിച്ചു.
സ്റ്റേഷനില്‍ എത്തിയപ്പോള്‍ ചില്ലറ നല്കാന് ഇല്ലാത്തതിനാല്‍ അടുത്തുള്ള സ്റ്റാളില്‍ പോയി പണം മാറ്റാന്‍ ഡ്രൈവര്‍ നിര്‍ദേശിച്ചു. എന്നാല്‍ അങ്കുര്‍ പണം മാറ്റി തിരികെ വരുമ്പോഴേക്കും പണം സൂക്ഷിച്ചിരുന്ന ബാഗുമായി ഡ്രൈവര്‍ കടന്നു കളഞ്ഞു.
അങ്കുറിന്റെ പരാതിയില്‍ കാലുപൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ബാഗില്‍ 80,000 യുഎസ് ഡോളറാണ് ഉണ്ടായിരുന്നത് എന്ന് പറയുന്നു. ബാഗ് നഷ്ടപ്പെട്ട് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് പരാതി പോലീസിന് നല്‍കിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്താല്‍ ഓട്ടോയുടെ രജിസ്റ്റര്‍ നമ്പര്‍ സഹിതം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.