കാശ്മീരിലെ ഹിമപാതം;കുടുങ്ങികിടന്ന റഷ്യൻ സ്കീയർ സംഘത്തിലെ ഒരാൾ മരിച്ചു, 6 പേരെ രക്ഷപ്പെടുത്തി
ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ ഹിമപാതത്തിൽ റഷ്യൻ സ്കീയർ മരിച്ചു. റഷ്യയിൽ നിന്നുള്ള ആൻ്റൺ (50) ആണ് കൊല്ലപ്പെട്ടത്. സ്കീയിങ്ങിനെത്തിയ ഏഴംഗ സംഘത്തിലെ മറ്റ് ആറ് പേരെ രക്ഷപ്പെടുത്തി. ഹെലികോപ്റ്ററുകളടക്കം വിന്യസിച്ചായിരുന്നു ഇവർക്കായി തിരച്ചിൽ നടത്തിയത്.
ഗുൽമാർഗിലെ കോങ്‌ദൂരി ചരിവുകൾക്ക് സമീപമായിരുന്നു ഇന്ന് വലിയ തോതിൽ ഹിമതാപം ഉണ്ടായത്. ഇതിന് പിന്നാലെ വിനോദസഞ്ചാരികൾ മഞ്ഞിൽ കുടുങ്ങിക്കിടക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പ്രാദേശിക ഗൈഡ് ഉൾപ്പെടെ 8 പേരായിരുന്നു കുടുങ്ങിയത്. തുടർന്ന് ഗുൽമാർഗ് ബറ്റാലിയനിൽ നിന്നുള്ള ഇന്ത്യൻ സൈന്യത്തിൻ്റെ അവലാഞ്ച് റെസ്‌ക്യൂ ടീമിനെ രക്ഷാപ്രവർത്തനത്തിനായി വിന്യസിക്കുകയായിരുന്നു. സൈനിക ഉദ്യോഗസ്ഥരുടെയും ജമ്മു കശ്മീർ ഭരണകൂടത്തിൻ്റെ പട്രോളിംഗ് ടീമിന്റെയും സഹായത്തോടെ ഹെലികോപ്റ്ററുകളും വിന്യാസിച്ചായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.

ജനുവരി ആദ്യ ആഴ്ചകളിൽ വരണ്ട കാലാവസ്ഥയ്ക്ക് സാക്ഷ്യം വഹിച്ച ഗുൽമാർഗിൽ ഫെബ്രുവരി ആദ്യം മുതൽ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത്. സ്കീയിംഗിന് പേരു കേട്ട സ്ഥലമാണ് ഗുൽമാർഗ്.മഞ്ഞുവീഴ്ച ആരംഭിച്ചതോടെ സാഹസിക സഞ്ചാരികൾ ഇവിടേക്ക് ധാരാളമായി എത്തുന്നുണ്ട്.












Click it and Unblock the Notifications