ബിജെപിയെ അവഗണിക്കുക, മോദിക്കെതിരെ നെഗറ്റീവ് ക്യാമ്പയിന്‍ വേണ്ട, കെജ്‌രിവാളിന്റെ തന്ത്രം ഇങ്ങനെ
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിക്കെതിരെ പുതിയ തന്ത്രം പറ്റി ആംആദ്മി പാര്‍ട്ടി. ബിജെപി പ്രധാന പ്രതിപക്ഷമായി നില്‍ക്കുന്ന സാഹചര്യത്തില്‍ അവരെ പരമാവധി അവഗണിക്കുകയെന്ന തന്ത്രമാണ് അരവിന്ദ് കെജ്‌രിവാള്‍ സ്വീകരിക്കുന്നത്. ഇതിലൂടെ പ്രധാന എതിരാളിയായി കോണ്‍ഗ്രസിനെ പ്രഖ്യാപിക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ നടത്തിയ വലിയ ക്യാമ്പയിന്‍ ബിജെപിക്ക് തന്നെ ഗുണകരമായ സാഹചര്യത്തിലാണ് ആംആദ്മി പാര്‍ട്ടി പുതിയ രീതിയിലേക്ക് മാറുന്നത്. ഇതേ കാരണം കൊണ്ട് തന്നെ ബിജെപിയിലെ വിഭാഗീയത ഇത്തവണ വലിയ പ്രചാരണ വിഷയമാക്കിയിട്ടില്ല അരവിന്ദ് കെജ്‌രിവാള്‍. അവരുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് വ്യക്തമാക്കാന്‍ മാത്രമാണ് എഎപി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ക്യാമ്പയിന്‍ ബിജെപിയെ ശരിക്കും പ്രതിരോധത്തിലാക്കുകയാണ്.

പോസിറ്റീവ് മാത്രം
പോസിറ്റീവ് സമീപനം മതിയെന്ന അരവിന്ദ് കെജ്‌രിവാളിന്റെ നിലപാട്. പ്രചാരണത്തില്‍ ബിജെപിയെ വിമര്‍ശിക്കുന്നതോ, അതല്ലെങ്കില്‍ നരേന്ദ്ര മോദിയെ പരിഹസിക്കുന്നതോ ആയ കാര്യങ്ങള്‍ ഒരിക്കലും ഉണ്ടാവരുതെന്നാണ് നിര്‍ദേശം. അതിലൂടെ ബിജെപിയെ പൂര്‍ണമായും ഒറ്റപ്പെടുത്തുകയാണ് എഎപിയുടെ തന്ത്രം. എതിരാളികളില്‍ നിന്ന് സ്ഥിരമായി പ്രതികരണങ്ങള്‍ ഇല്ലാതിരിക്കുമ്പോള്‍ പൊതുമണ്ഡലത്തില്‍ പിടിച്ചുനില്‍ക്കാന്‍ ബിജെപി ബുദ്ധിമുട്ടും. വികസന കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്നാണ് നിര്‍ദേശം.

തന്ത്രമൊരുക്കിയത് കെജ്‌രിവാള്‍
എല്ലാ എംഎല്‍എമാരോടും ദിവസവും ഓഫീസില്‍ എത്തണമെന്നാണ് കെജ്‌രിവാളിന്റെ നിര്‍ദേശം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിഞ്ഞ് പരിഹരിച്ച ശേഷം പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആദ്യ നിര്‍ദേശം. സൗജന്യമായി ജലം, സബ്‌സിഡിയോടെയുള്ള വൈദ്യുതി, വിദ്യാഭാസം, മൊഹല്ല ക്ലിനിക്കുകള്‍ തുടങ്ങിയവയാണ് പ്രചാരണത്തില്‍ എഎപി ഉന്നയിക്കുന്ന വിഷയങ്ങള്‍. വലിയ റാലികള്‍ക്ക് പകരം ചെറിയ വിഭാഗങ്ങളായി തരംതിരിച്ച് ജനങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുന്നതാണ് മറ്റൊരു തന്ത്രം. ഇത് ഓരോ മണ്ഡലങ്ങളിലെ ജനക്കൂട്ടം കൂടുതലുള്ള സ്ഥലത്താണ് നടത്തുക.

കോണ്‍ഗ്രസാണോ പ്രധാന എതിരാളി
കോണ്‍ഗ്രസ് നിലവില്‍ പ്രതിപക്ഷ സ്ഥാനത്താണെങ്കിലും ഒരു സീറ്റ് പോലുമില്ലാത്ത പാര്‍ട്ടിയാണ് ദില്ലിയില്‍. അവരെയാണോ എഎപി പ്രധാന എതിരാളിയായി കാണുന്നതെന്ന ചോദ്യമുയര്‍ന്നിട്ടുണ്ട്. അതിന് പിന്നിലും പ്രധാന കാരണമുണ്ട്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കാണ് ഇപ്പോള്‍ എഎപിയെ ദില്ലിയില്‍ ശക്തരാക്കിയത്. അത് നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനെതിരെ പോരാടേണ്ടത് അത്യാവശ്യമാണ്. നിലവില്‍ ഷീലാ ദീക്ഷിതിനെ പോലൊരു നേതാവില്ലാത്തത് മാത്രമാണ് എഎപിക്ക് ഗുണകരമാകുന്നത്. കഴിഞ്ഞ ദിവസം ദില്ലിയില്‍ എഎപിക്ക് അനുകൂലമാണ് കാര്യങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോയും പറഞ്ഞിരുന്നു.

ജനസംവാദവുമായി കെജ്‌രിവാള്‍
ജനസംവാദം എന്നാണ് എഎപിയുടെ പ്രചാരണത്തിന്റെ പേര്. ഇതിലൂടെ പ്രസംഗത്തിന് പകരം ഓരോ വ്യക്തിയുടെ മണ്ഡലത്തിലും എഎപി എംഎല്‍എമാര്‍ എന്താണ് ചെയ്തതെന്ന് അറിയാനുള്ള ശ്രമമാണ് നടത്തുന്നത്. എന്താണ് അവര്‍ക്ക് ഇനി ആവശ്യമുള്ളത് എന്നിവയും ഇക്കാര്യത്തില്‍ എഎപി ഗൗരവത്തോടെ എടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബദാര്‍പൂര്‍ എംഎല്‍എ നാരായണ്‍ ദത്ത് ശര്‍മ നടത്തിയ മൊഹല്ല സഭ വന്‍ വിജയമായിരുന്നു. ഇതിന് പുറമേ ടൗണ്‍ ഹാളില്‍ കെജ്‌രിവാളുമായി നേരിട്ട് വോട്ടര്‍മാര്‍ക്ക് സംസാരിക്കാനുള്ള അവസരവും ഒരുക്കുന്നുണ്ട്.

കിഷോറിന്റെ സഹായം
പ്രശാന്ത് കിഷോറിന്റെ സേവനം കെജ്‌രിവാളിനൊപ്പം ഇത്തവണയുണ്ട്. അദ്ദേഹത്തിന്റെ ഐപാക്ക് വഴിയാണ് എഎപി റിപ്പോര്‍ട്ട് കാര്‍ഡ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇതിനായി ഡോര്‍ ടു ഡോര്‍ ക്യാമ്പയിനുമുണ്ട്. അതേസമയം ആര്‍എസ്എസ് മോഡലിലാണ് എഎപി സംഘടന ശക്തിപ്പെടുത്തിയിരിക്കുന്നത്. അ്േത രീതിയിലുള്ള സംഘടനാ പ്രവര്‍ത്തനം കാരണം ബിജെപിക്ക് വോട്ടര്‍മാരുടെ വിശ്വാസത്തെ തകര്‍ക്കാന്‍ സാധിക്കുന്നില്ല. ഇതിന് പുറമേ ക്രൗഡ് ഫണ്ടിംഗ് ആശയവും എഎപി നടപ്പാക്കിയിട്ടുണ്ട്. ഗ്രേറ്റര്‍ കൈലാഷ് എംഎല്‍എ സൗരഭ് ഭരദ്വാജ് ജനങ്ങളില്‍ നിന്ന് പണം വാങ്ങിയാണ് മ്ത്സരിക്കുന്നത്.

പൗരത്വ നിയമത്തില്‍ അനക്കമില്ല
തിരഞ്ഞെടുപ്പ് അടുത്തിട്ടും പൗരത്വ നിയമ പ്രതിഷേധത്തില്‍ കെജ്‌രിവാള്‍ ശക്തമായി പ്രതിഷേധിച്ചിട്ടില്ല. ഇത് തിരഞ്ഞെടുപ്പ് തന്ത്രമാണ്. ദില്ലിയിലെ 35 ലക്ഷം വീടുകളെ ബാധിക്കുന്ന കാര്യം മാത്രം ചര്‍ച്ച ചെയ്താല്‍ മതിയെന്നാണ് എഎപിയുടെ നിലപാട്. വിവാദ പരാമര്‍ശങ്ങളൊന്നും നടത്തരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. എഎപിയെ ചില നേതാക്കള്‍ക്ക് പൗരത്വ നിയമത്തിലെ ബിജെപിക്കെതിരെ പ്രതികരിക്കണമെന്നുണ്ട്. എന്നാല്‍ ഈ വിഷയം അനാവശ്യ പബ്ലിസിറ്റി ബിജെപിക്കുണ്ടാക്കി കൊടുക്കുമെന്നാണ് കെജ്‌രിവാളിന്റെ വാദം. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വലിയ പ്രതികരണത്തിന് സാധ്യതയുണ്ട്.












Click it and Unblock the Notifications