പീഡനം ചെറുക്കാന്‍ ഡീസന്റ് ഡ്രസ്സ്; ഇത് താന്‍ഡാ പോലീസ്!
കൊല്‍ക്കത്ത: പീഡനം ചെറുക്കണമെങ്കില്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ പെണ്‍കുട്ടികള്‍ മാന്യമായി വസ്ത്രം ധരിക്കണം. ഏതെങ്കിലും മത നേതാക്കളോ ഖാപ് പഞ്ചായത്ത് മുഖ്യനോ ആണ് പറയുന്നത് എന്ന് കരുതാന്‍ വരട്ടെ. കൊല്‍കത്ത പോലീസിന്റെ വകയാണ് ഈ ഉപദേശം. പോലീസ് ആണോ മോറല്‍ പോലീസ് ആണോ ഇവര്‍ എന്ന് സംശയിക്കുന്നവരെ തീര്‍ത്തും തെറ്റ് പറയാന്‍ പറ്റില്ല.
കൊല്‍ക്കത്തയിലെ ബിദന്‍ നഗര്‍ പോലീസാണ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഈ നിര്‍ദേശം നല്‍കിയത്. ഇത് മാത്രമല്ല, പീഡനങ്ങള്‍ ഒഴിവാക്കാനായി 12 വഴികളാണ് പോലീസിന് നിര്‍ദേശിക്കാനുള്ളത്. തിരക്കേറിയ ബസ്സുകളിലും ട്രെയിനുകളിലും യാത്ര ഒഴിവാക്കുക, ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുക, പുറത്തുപോകുമ്പോള്‍ കയ്യില്‍ കുരുമുളക് സ്പ്രേ കരുതുക എന്നിങ്ങനെ പോകുന്നു പന്ത്രണ്ടിന പരിപാടികള്‍.

എന്നാല്‍ പോലീസിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പ്രതീക്ഷിച്ച പ്രതികരണമല്ല കിട്ടിയത് എന്ന് മാത്രം. ഖാപ് പഞ്ചായത്ത് അധികാരികള്‍ പറയുന്നത് പോലുള്ള കാര്യങ്ങളാണ് പോലീസും പറയുന്നത് എന്നാണ് ആക്ഷേപം. സ്ത്രീകളല്ലല്ലോ പുരുഷന്മാരല്ലേ പ്രശ്‌നക്കാര്‍. എന്തുകൊണ്ടാണ് പുരുഷന്മാര്‍ ഇത് ചെയ്യരുത് അത് ചെയ്യരുത് എന്ന് പറഞ്ഞ് നിര്‍ദേശം കൊടുക്കാത്തത്. കിട്ടാവുന്ന ശിക്ഷകള്‍ കൂടി പറഞ്ഞുകൊടുത്ത് പുരുഷന്മാരെ ബോധവല്‍ക്കരിക്കുകയാണ് വേണ്ടത് - എന്‍ ജി ഒ പ്രവര്‍ത്തകയായ അനുരാധ പറയുന്നു.
സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട പോലീസ് അവരോട് തിരക്കുള്ള ബസ്സില്‍ പോകരുത് എന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്. പെണ്ണുങ്ങള്‍ വീട്ടില്‍ ഇരുന്നാല്‍ മതി എന്നാണോ പോലീസും പറയുന്നത്. എന്താണ് മാന്യമായ വസ്ത്രം, മാന്യമല്ലാത്ത വസ്ത്രം ഏതാണ്. ഇവിടെ താലിബാന്‍ ഭരണമാണോ നടക്കുന്നത് - ഇങ്ങനെ പോകുന്നു പ്രതിഷേധങ്ങള്‍. സംഭവം വിവാദമായതോടെ വെബ്‌സൈറ്റ് പോസ്റ്റ് പോലീസ് ഡിലീറ്റ് ചെയ്തു.












Click it and Unblock the Notifications