നാടകീയ രംഗങ്ങള്‍... അയോധ്യ കേസില്‍ വാദം കഴിഞ്ഞു; വിധി പറയാന്‍ സുപ്രീംകോടതി മാറ്റിവച്ചു
ദില്ലി: അയോധ്യ കേസില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. തുടര്‍ച്ചയായ 40ാം ദിവസത്തെ വാദം കേള്‍ക്കലിന് ശേഷം അയോധ്യ കേസ് വിധി പറയുന്നതിന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് മാറ്റിവച്ചു. കേസിലെ എല്ലാ കക്ഷികളുടെയും വാദം കോടതി കേട്ടു. ഏറ്റവും ഒടുവില്‍ കോടതിയെ നിലപാട് ബോധിപ്പിച്ചത് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന് രാജീവ് ധവാന് ആയിരുന്നു.
വാദം കേള്‍ക്കലിന്റെ അവസാന ദിനമായ ഇന്ന് നാടകീയ രംഗങ്ങള്‍ക്കാണ് കോടതി സാക്ഷ്യം വഹിച്ചത്. രാമജന്മഭൂമിയുടേത് എന്ന് അവകാശപ്പെട്ട് ഹിന്ദു മഹാസഭയുടെ അഭിഭാഷകന് ഹാജരാക്കിയ ഭൂപടം വഖഫ് ബോര്‍ഡ് അഭിഭാഷകന് രാജീവ് ധവാന് കീറിയെറിഞ്ഞതാണ് കോടതിയില്‍ ഉദ്വേഗ നിമിഷങ്ങള്‍ക്ക് ഇടയാക്കിയത്. സുപ്രീംകോടതി കടുത്ത ഭാഷയിലാണ് ഈ നീക്കത്തോട് പ്രതികരിച്ചത്. നവംബര്‍ 17ന് മുമ്പ് വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബുധനാഴ്ച അഞ്ച് മണി വരെ അയോധ്യ കേസില്‍ വാദം നടക്കുമെന്ന് സൂപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാവിലെ കക്ഷികളെ അറിയിച്ചിരുന്നു. കൂടുതല്‍ സമയം ആവശ്യപ്പെട്ട ഹിന്ദുമഹാസഭയുടെ ഹര്‍ജി തള്ളിയാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്.
ദൂബ് മാരോ... കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി; പ്രചാരണം അന്തിമഘട്ടത്തിലേക്ക്
Recommended Video
ആഗസ്റ്റ് ആറ് മുതല്‍ എല്ലാ ദിവസവും തുടര്‍ച്ചയായി കേസില്‍ വാദം കേട്ടുവരികയാണ് കോടതി. നേരത്തെ ഒക്ടോബര്‍ 17ന് വാദം അവസാനിപ്പിക്കണമെന്നാണ് സുപ്രീംകോടതി കക്ഷികള്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍ ഒരു ദിവസം മുമ്പ് വാദം അവസാനിപ്പിച്ചിരിക്കുകയാണ്. മധ്യസ്ഥ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് എല്ലാദിവസവും വാദം കേള്‍ക്കാന്‍ ആരംഭിച്ചത്.
അധികം വൈകാതെ വിധി പ്രഖ്യാപനമുണ്ടാകുമെന്ന് കരുതുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിന് മുമ്പ് വിധി വരുമെന്നാണ് ഇതുവരെയുള്ള വിവരം. നവംബര്‍ 17നാണ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. വാദം പൂര്‍ത്തിയായി കഷ്ടിച്ച് ഒരു മാസത്തില്‍ താഴെയാണ് വിധി പ്രഖ്യാപനത്തിന് സമയം ലഭിക്കുക എന്ന് ചുരുക്കം.
അയോധ്യ കേസ് 2011ലാണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ മൂന്നായി വീതിച്ചു നല്കിയ അലഹാബാദ് ഹൈക്കോടതിയുടെ 2010ലെ വിധി ചോദ്യം ചെയ്ത് 14 ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്.