വിവാദ ചര്‍ച്ചകൾ വേണ്ട, ഭൂമി പൂജ കവർ ചെയ്യുന്ന ചാനലുകൾക്ക് പ്രത്യേക നിർദ്ദേശം; ലംഘിച്ചാൽ നടപടി
അയോധ്യ: രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമി പൂജ ആഗസ്റ്റ് ആദ്യവാരത്തോടെ രാമജന്മഭൂമിയില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യം കണക്കിലെടുത്ത് ആഗസ്റ്റ് മൂന്നിനോ അഞ്ചിനോ ഭൂമി പൂജ നടത്താനാണ് തീരുമാനം. പ്രധാനമന്ത്രിയുടെ സൗകര്യാര്‍ഥം ക്ഷേത്ര ശിലാസ്ഥാപനത്തിനായി ഇതില്‍ ഏതെങ്കിലും ദിവസം തിരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. അന്നുമുതലാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുക. ഭൂമി പൂജയുടെ സാഹചര്യത്തില്‍ വലിയ രീതിയിലുള്ള മുന്നൊരുക്കങ്ങളാണ് രാമജന്മഭൂമിയില്‍ നടക്കുന്നത്.
ഭൂമി പൂജയുടെ പശ്ചാത്തലത്തില്‍ ചാനലുകള്‍ക്കും മറ്റ് മാധ്യമങ്ങള്‍ക്കും പ്രത്യേക നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് അയോധ്യ ജില്ലാ ഭരണകൂടം. ഭൂമി പൂജയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ യാതൊരുവിധത്തിലുള്ള വിവാദ ചര്‍ച്ചകളും നടത്തരുതെന്ന് ജില്ലാ ഭരണകൂടം പ്രത്യേകം നിര്‍ദ്ദേശം നല്കി. ഏതെങ്കിലും മതം, സമൂഹം, വിഭാഗം, അല്ലെങ്കില്‍ ഏതെങ്കിലും പ്രത്യേക വ്യക്തി എന്നിവയെക്കുറിച്ച് ഒരു അഭിപ്രായവും ആരും പറയുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.
ഒരു ചാനല്‍ കാരണം എന്തെങ്കിലും ക്രമസമാധാന സാഹചര്യം ഉണ്ടായാല്‍ അതാത് മീഡിയോ മേധാവികള്‍ക്ക് ഉത്തരവാദിത്തമുണ്ടാകുമെന്നും കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഭരണകൂടം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എല്ലാ ചാനല്‍ മേധവികള്‍ക്കും ഇതുമായി ബന്ധപ്പെട്ട ഉത്തരവ് അയച്ചിട്ടുണ്ട്. ചാനല്‍ നടത്തുന്ന ഒരു പരിപാടികള്‍ക്കും പൊതുസ്ഥലങ്ങള്‍ വേദിയാകരുതെന്നും എല്ലാം സ്വകാര്യ സ്ഥലങ്ങളില്‍ നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ചാനലുകളോട് സാമൂഹിക അകലം പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിപാടിയില്‍ പാനലിസ്റ്റുകള്‍ക്ക് പുറമെ പ്രേക്ഷകര്‍ ഉണ്ടാകാന്‍ പാടില്ലെന്നും പങ്കെടുക്കുന്ന എല്ലാവരും മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്. രാമക്ഷേത്രത്തിലെ ഭൂമി പൂജ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. അതിനുള്ള എല്ലാ സൗകര്യവും അവിടെ ഒരുക്കും. ലൈവ് ടെലകാസ്റ്റിനായി ഒരു പ്രത്യേക മീഡിയ സെന്ററും ഒരുക്കുമെന്നും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുരളീധര്‍ സിംഗ് ഇന്ത്യന്‍ എക്സപ്രസിനോട് പറഞ്ഞു. ക്രമസമാധാനം പാലിക്കുന്നതിനും കൊവിഡ് സാഹചര്യം കണക്കിലെടുത്തും വാര്‍ത്താ ചാനലുകള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. ഇതോടൊപ്പം ആളുകള്‍ കൂട്ടം കൂടുന്നതും വിവാദ പരാമര്‍ശങ്ങളും ഒഴിവാക്കേണ്ടതുണ്ട്. അതിനായി കൃത്യമായ പ്രോട്ടോക്കോള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.