അയോധ്യയിലെ ഹിന്ദുത്വ കോട്ടയില്‍ മഹാത്ഭുതം, വിജയിച്ചത് മുസ്ലീം സ്ഥാനാര്‍ത്ഥി, സ്വതന്ത്രന്റെ തേരോട്ടം
ലഖ്‌നൗ: അയോധ്യയിലെ ഹിന്ദുത്വ കോട്ടയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ വമ്പന്‍ സര്‍പ്രൈസ്. ഇവിടെ മുസ്ലീം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചിരിക്കുന്നത്. വളരെ അമ്പരപ്പിക്കുന്ന വിജയമാണിത്. കഴിഞ്ഞ ദിവസമാണ് ഫലം പുറത്തുവന്നത്. അയോധ്യയിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതും ബിജെപിയാണ്. ഇവിടെയുള്ള മുനിസിപ്പല്‍ കൗണ്‍സിലിലെ 27 വാര്‍ഡുകള്‍ ബിജെപി സ്വന്തമാക്കി. 60 വാര്‍ഡുകളാണ് ഉള്ളത്.
സമാജ് വാദി പാര്‍ട്ടിക്ക് 17 സീറ്റും സ്വതന്ത്രര്‍ക്ക് പത്ത് സീറ്റും ലഭിച്ചു. ഇതിലൊന്നിലാണ് അമ്പരപ്പിക്കുന്ന വിജയം സംഭവിച്ചിരിക്കുന്നത്. ഏറ്റവും ഞെട്ടിക്കുന്നത് സുല്‍ത്താന്‍ അന്‍സാരിയെന്ന ഈ സ്ഥാനാര്‍ത്ഥി ആദ്യമായി മത്സരിക്കുന്ന തിരഞ്ഞെടുപ്പാണ് ഇതെന്നതാണ്. സുല്‍ത്താന്‍ അന്‍സാരി, രാം അഭിറാം ദാസ് വാര്‍ഡില്‍ നിന്നാണ് വിജയിച്ചത്.

ഈ മണ്ഡലം രാമജന്മഭൂമി പോരാട്ടത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച പ്രമുഖ നേതാവിന്റെ പേരിലാണ് അറിയപ്പെടുന്നത്. അന്‍സാരിക്ക് ഈ മണ്ഡലത്തില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. ഇത് ഹിന്ദു-മുസ്ലീം സാഹോദര്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണെന്ന് അന്‍സാരി പറയുന്നു. ഇത് രണ്ട് വിഭാഗത്തിനും അയോധ്യയില്‍ സമാധാനത്തോടെ ജീവിക്കാന്‍ പറ്റുമെന്ന് തെളിയിക്കുന്നു.
ഹിന്ദു സഹോദരങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു വിവേചനവും നേരിട്ടിട്ടില്ല. എന്നെ മറ്റൊരു മതത്തില്‍ നിന്നുള്ള ആളായിട്ടല്ല അവര്‍ പരിഗണിച്ചത്. എന്നെ അവര്‍ പിന്തുണച്ചു. വിജയം അങ്ങനെയാണ് ലഭ്യമായത്. മണ്ഡലത്തില്‍ മുസ്ലീം സാന്നിധ്യവും വളരെ കുറവാണ്.അയോധ്യയിലെ ഈ വാര്‍ഡില്‍ ആകെ 11 ശതമാനമാണ് മുസ്ലീം ജനസംഖ്യയുള്ളത്. കൃത്യമായി പറഞ്ഞാല്‍ 440 വോട്ടുണ്ടാവും. എന്നാല്‍ 3844 ആണ് ഹിന്ദു വോട്ടുകള്‍.
സുല്‍ത്താന്‍ അന്‍സാരി 42 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. 2388 വോട്ടുകളാണ് പോള്‍ ചെയ്തത്. ഇതില്‍ 966 വോട്ടുകള്‍ അന്‍സാരിക്കാണ് ലഭിച്ചത്. പത്ത് സ്ഥാനാര്‍ത്ഥികള്‍ മണ്ഡലത്തില്‍ മത്സരത്തിനുണ്ടായിരുന്നു. മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി നാഗേന്ദ്ര മാഞ്ചിയെയാണ് അന്‍സാരി പരാജയപ്പെടുത്തി. 442 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം.
അതേസമയം ബിജെപി ഈ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ യാതൊരു ആശങ്കയും ഇല്ലായിരുന്നുവെന്ന് അന്‍സാരി പറഞ്ഞു. ഈ മണ്ഡലത്തില്‍ ജനിച്ചുവളര്‍ന്നയാളാണ് ഞാന്‍. കഴിഞ്ഞ 200 വര്‍ഷമായി എന്റെ മുതുമുത്തച്ഛന്മാര്‍ ഇവിടെയുണ്ട്. എന്റെ ഹിന്ദു സുഹൃത്തുക്കളോട് മത്സരിക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍, അവരാണ് എന്നെ പ്രോത്സാഹിപ്പിച്ചതെന്നും അന്‍സാരി പറയുന്നു.
ഈ മണ്ഡലത്തിലെ താമസക്കാരനായ അനൂപ് കുമാറിനും പറയാനുള്ളത് അത് തന്നെയാണ്. അയോധ്യയ്ക്ക് പുറത്തുള്ളവര്‍ മുസ്ലീങ്ങള്‍ എങ്ങനെ ഇവിടെ താമസിക്കുന്നു എന്ന് കരുതുന്നുണ്ടാവും. എന്നാല്‍ ഇപ്പോള്‍ അവര്‍ക്കൊക്കെ മനസ്സിലാവുന്നുണ്ടാവും. ഇവിടെ താമസിക്കുക മാത്രമല്ല, തിരഞ്ഞെടുപ്പ് വിജയിക്കാനും മുസ്ലീങ്ങള്‍ക്ക് സാധിക്കുമെന്ന് അനൂപ് കുമാര്‍ പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പേരില്‍ ലോകപ്രശസ്തമാണ്. അതുപോലെ മുസ്ലീങ്ങളുടെ ധാരാളം പള്ളികളും ഇവിടെയുണ്ട്. രണ്ടും സമാധാനത്തോടെ മുന്നോട്ട് പോകുന്നതാണെന്ന് അയോധ്യയിലെ വ്യാപാരിയായ സൗരഭ് സിംഗ് പറയുന്നു. അതേസമയം മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗിരീഷ് പാഠി ത്രിപാഠിയാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. എസ്പിയുടെ ആശിഷിനെ 35638 വോട്ടിനാണ് ഗിരീഷ് പരാജയപ്പെടുത്തിയത്.












Click it and Unblock the Notifications