അയോധ്യ പ്രതിഷ്‌ഠ ചടങ്ങ്; പ്രതിഷേധം കടുത്തു, അവധി പിൻവലിച്ച് എയിംസ്, മറ്റ് ആശുപത്രികളിൽ അവധി തുടരും
ഡൽഹി: അയോധ്യ പ്രതിഷ്‌ഠ ദിനത്തോടനുമ്പന്ധിച്ച് നാളെ ഉച്ചവരെ നൽകിയ അവധി പിൻവലിച്ച് എയിംസ്. ആശുപത്രിക്ക് അവധി നൽകാനുള്ള തീരുമാനത്തിനെതിരെ വിമർശനം ശക്തമായ പശ്ചാത്തലത്തിലാണ് നടപടി. അടിയന്തര ശസ്ത്രക്രിയകൾ നടത്തുമെന്നും മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ പിന്നീട് നടത്തുമെന്നും അധികൃതർ അറിയിച്ചു.
ഇന്നലെ ഉച്ചയോടെയായിരുന്നു എയിംസ് അവധി സംബന്ധിച്ച് സർക്കുലർ ഇറക്കിയത്. ഉച്ചയ്ക്ക് 2.30 വരെ ആശുപത്രി അവധിയായിരിക്കുമെന്നാണ് സർക്കുലറിൽ വ്യക്തമാക്കിയത്. അവധി വിവരം എല്ലാ വകുപ്പുകളുടെ തലവന്മാരും യൂണിറ്റുകളും ഓഫീസര്‍മാരും അതത് വകുപ്പിലെ ജീവനക്കാരെ അറിയിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ ആയിരക്കണക്കിന് രോഗികൾ എത്തുന്ന എയിംസിന്റെ സർക്കുലറിനെതിരെ വലിയ വിമർശനമാണ് പല കോണിൽ നിന്നും ഉയർന്നത്. പുറത്ത് നിന്ന് മാസങ്ങൾ കാത്തിരുന്ന് കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചെത്തുന്ന രോഗികളെ വലയ്ക്കുന്നതാണ് അധികൃതരുടെ തീരുമാനം എന്നാണ് പലരും കുറ്റപ്പെടുത്തിയത്. തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ അടക്കം രംഗത്തെത്തിയതോടെയാണ് ഇപ്പോൾ തീരുമാനം പിൻവലിച്ചിരിക്കുന്നത്.
അതേസമയം രാജ്യതലസ്ഥാനത്തെ റാം മനോഹർ ലോഹ്യ ആശുപത്രി, സഫ്ജർദങ് ആശുപത്രി ഉൾപ്പെടെ ഡൽഹിയിലെ മറ്റ് സർക്കാർ ആശുപത്രികളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 8 മുതൽ 10 വരെ മാത്രമായിരിക്കും ഒപിയെന്നാണ് ആശുപത്രികൾ അറിയിച്ചിരിക്കുന്നത്. സാധാരണ ഉച്ചയ്ക്ക് 1 മണി വരെയാണ് ഒപി. ലാബ് / റേഡിയോളജിക്കൽ സേവനങ്ങൾ രാവിലെ 11:30 വരെ ലഭ്യമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫാർമസി സേവനങ്ങൾ ഉച്ചയ്ക്ക് 12:00 വരെ പ്രവർത്തിക്കും എന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.
അയോധ്യയിലെ രാമപ്രതിഷ്ഠ ചടങ്ങിന് രാജ്യത്തുടനീളമുള്ള എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകൾക്കും കേന്ദ്ര സ്ഥാപനങ്ങൾക്കും കേന്ദ്ര വ്യവസായ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ഉച്ച വരെ കേന്ദ്രസർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരി വിപണികള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും തിങ്കളാഴ്ച പൂര്‍ണ അവധിയായിരിക്കും. ഉത്തർ പ്രദേശ് അടക്കം ബി ജെ പി ഭരിക്കുന്ന പത്തോളം സംസ്ഥാനങ്ങളും തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തിങ്കളാഴ്ചഉച്ചയ്ക്ക് 12.20നാണ് പ്രാണ്‍ പ്രതിഷ്ഠാച്ചടങ്ങ് ആരംഭിക്കുക. 121 ആചാര്യന്മാരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടത്തുക. ഉച്ചയ്ക്ക് 12.20 മുതൽ 1 മണി വരെയാണ് ചടങ്ങുകൾ.












Click it and Unblock the Notifications