പൗരത്വ നിയമത്തില്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചില്ല;ബിജെപി-ആര്‍എസ്എസ് യോഗത്തില്‍ വിമര്‍ശനം
ദില്ലി: പൗരത്വ ഭേദഗതി വിഷയത്തില്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചില്ലെന്ന് ബിജെപി-ആര്‍എസ്എസ് യോഗത്തില്‍ കടുത്ത വിമര്‍ശനം. അയോധ്യ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ സ്വീകരിച്ച നടപടികള്‍ സ്വീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും യുപിയിലെ മീററ്റില്‍ ചേര്‍ന്ന ആര്‍എസ്എസ്-ബിജെപി നേതൃ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
അയോധ്യ വിധിയ്ക്ക് മുന്‍പ് മുസ്ലീം വിഭാഗത്തിലെ നേതാക്കളുമായി ബിജെപി നേതൃത്വം ആശയ വിനിമയം നടത്തിയിരുന്നു. മന്ത്രിമാരുടെ നേതൃത്വത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉള്ളവരുമായി പ്രത്യേകം ചര്‍ച്ചകളും സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ന്യൂനപക്ഷങ്ങളുമായി ആശയ വിനിമയം നടത്താതിരുന്നതാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതെന്ന് യോഗത്തില്‍ ആര്‍എസ്എസ് കുറ്റപ്പെടുത്തി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്ലീം വിഭാഗത്തില്‍ നിന്നും പ്രതിഷേധം ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്രയും വലിയ പ്രതിഷേധങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നേരത്തേ ബിജെപി മന്ത്രിമാര്‍ തന്നെ കുറ്റസമ്മതം നടത്തിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രക്ഷോഭം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഈ നിലയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മീററ്റ് എംപി രാജേന്ദ്ര അഗര്‍വാളും പ്രതികരിച്ചു.
Recommended Video
ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമാണെന്ന് വിശ്വസിക്കുന്നില്ല. പാര്‍ലമെന്‍റില്‍ ബില്ലിനെ എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവര്‍ക്ക് ഇപ്പോള്‍ പുറത്ത് പ്രതിഷേധങ്ങളുടെ ഭാഗമാകേണ്ടി വരുന്നതെന്നും അഗര്‍വാള്‍ പറഞ്ഞു. അതേസമയം പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കുന്നതിനും ജനങ്ങളെ നിയമത്തെ കുറിച്ച് ബോധവത്കരിക്കുന്നതിനും വേണ്ടി ജനവരി 26 വരെ പ്രത്യേകം പരിപാടികള്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപിയും ആര്‍എസ്എസും.












Click it and Unblock the Notifications