ശ്രീരാമന്റെ വജ്രമാലയും, സ്വർണവും, 200 കിലോ വെള്ളിയും മോഷ്ടിച്ചു! ഉന്നത നേതാക്കൾ കുടുങ്ങും? യോഗിക്ക് റിപ്പോർട്ട
അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലേക്ക് ഭക്തർ സമർപ്പിച്ച വഴിപാടുകളിലും സംഭാവനകളിലും വൻ ക്രമക്കേട് നടന്നെന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം തങ്ങളുടെ ആദ്യ റിപ്പോർട്ട് സമർപ്പിച്ചു. ഏകദേശം 150 പേജുകളുള്ള അതിനിർണ്ണായകമായ ഈ പ്രാഥമിക റിപ്പോർട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനാണ് കൈമാറിയത്. ക്ഷേത്ര സമുച്ചയത്തിലും പരിസരങ്ങളിലും ഒരാഴ്ചയോളം നീണ്ട നേരിട്ടുള്ള പരിശോധനകൾക്കും ട്രസ്റ്റ് ഭാരവാഹികളെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനും ശേഷമാണ് എസ്‌ഐടി റിപ്പോർട്ട് തയ്യാറാക്കിയത്.
സംഭാവനകൾ കൈകാര്യം ചെയ്തതിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന പരാതികളെ തുടർന്ന് ജൂൺ 13-നാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ 150-ഓളം പേരുടെ മൊഴി രേഖപ്പെടുത്തുകയും സംശയകരമായ സാഹചര്യത്തിൽ രണ്ട് കോടിയിലധികം രൂപയുടെ പണം കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നത് വരെ അയോധ്യ വിട്ടുപോകരുതെന്ന് ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രമുഖ ഉദ്യോഗസ്ഥർക്ക് പോലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കാണാതായ സ്വർണ്ണവും വെള്ളിയും; ഭൂമി ഇടപാടുകളിലും വൻ തട്ടിപ്പ്
രാമ ലല്ലയ്ക്ക് ഭക്തർ സമർപ്പിച്ച സ്വർണ്ണം, വെള്ളി, വജ്രങ്ങൾ എന്നിവയുടെ കൃത്യമായ രേഖകൾ സൂക്ഷിക്കുന്നതിൽ ട്രസ്റ്റിന് വലിയ വീഴ്ച പറ്റിയതായാണ് സൂചനകൾ. ഇതിനുപുറമെ, ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന ഭൂമി ഇടപാടുകളും അന്വേഷണ പരിധിയിലാണ്. വിപണി വിലയേക്കാൾ നാലിരട്ടി വരെ ഉയർന്ന തുകയ്ക്കാണ് ചിലയിടങ്ങളിൽ ട്രസ്റ്റ് ഭൂമി വാങ്ങിക്കൂട്ടിയതെന്ന ആരോപണവും എസ്‌ഐടി പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിൽ കണ്ടെത്തിയ ഏറ്റവും ഞെട്ടിക്കുന്ന വിവരം ഭക്തർ സമർപ്പിച്ച കോടിക്കണക്കിന് രൂപയുടെ സ്വർണ്ണ-വെള്ളി ആഭരണങ്ങൾ കാണാതായി എന്നതാണ്.

2021-ൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ സമർപ്പിച്ച 200 കിലോ വെള്ളി കട്ടികൾ നിലവിലെ സ്റ്റോക്ക് രജിസ്റ്ററിൽ കാണാനില്ല. സ്വർണ്ണ വ്യാപാരികൾ നൽകിയ 60 കിലോയോളം വരുന്ന വെള്ളിക്കട്ടകളും കാണാനില്ല. ഭഗവാന് ചാർത്തിയ വിലപിടിപ്പുള്ള വജ്രമാല, സ്വർണ്ണ പാദുകങ്ങൾ, സ്വർണ്ണ ഗദ എന്നിവയും കാണാതായ വസ്തുക്കളുടെ പട്ടികയിലുണ്ട്. ഇവ ഉരുക്കിയെന്നോ സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയെന്നോ ഉള്ള പരസ്പരവിരുദ്ധമായ മറുപടികളാണ് ചോദ്യം ചെയ്യലിൽ ട്രസ്റ്റ് ഭാരവാഹികൾ നൽകിയത്.
എസ്‌ഐടിയുടെ നിരീക്ഷണത്തിലുള്ള 4 പ്രമുഖർ
ക്ഷേത്ര ഭരണത്തിൽ നിർണ്ണായക സ്വാധീനമുള്ള നാല് പ്രമുഖ വ്യക്തികളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ചമ്പത് റായ്: രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ മുൻനിര നേതാവും ട്രസ്റ്റിന്റെ ഓഡിറ്റ് കമ്മിറ്റി തലവനുമായ ചമ്പത് റായെ എസ്‌ഐടി വിശദമായി ചോദ്യം ചെയ്തു. എന്നാൽ ആഭ്യന്തര ഓഡിറ്റിങ്ങിൽ ക്രമക്കേടുകൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ഇദ്ദേഹത്തിന്റെ വാദം.
രാംശങ്കർ യാദവ്: ചമ്പത് റായുടെ മുൻ ഡ്രൈവറും നിലവിൽ അദ്ദേഹത്തിന്റെ വിശ്വസ്തനുമായ തിന്നു യാദവിന്റെ പേരിലുള്ള വൻ സ്വത്തുക്കളാണ് അന്വേഷണസംഘത്തെ അമ്പരപ്പിച്ചത്. ഇയാളുടെ വീട്ടിൽ നിന്നും പണം കണ്ടെടുത്തതായി സൂചനയുണ്ട്. എന്നാൽ ട്രാൻസ്‌പോർട്ട് ബിസിനസ്സിൽ നിന്നുള്ള വരുമാനമാണിതെന്നാണ് ഇയാൾ പറയുന്നത്.
ഡോ. അനിൽ കുമാർ മിശ്ര: പ്രതിഷ്ഠാ ചടങ്ങുകളിലും കൺസ്ട്രക്ഷൻ മേൽനോട്ടത്തിലും സജീവമായിരുന്ന ഇദ്ദേഹത്തെ പണം കൈകാര്യം ചെയ്തതിലെ അപാകതകളുമായി ബന്ധപ്പെട്ടാണ് എസ്‌ഐടി ചോദ്യം ചെയ്തത്.
ഗോപാൽ റാവു: കർണാടകയിൽ നിന്നുള്ള ഇദ്ദേഹമാണ് ദർശന ക്രമീകരണങ്ങളും വഴിപാടുകളും നിയന്ത്രിച്ചിരുന്നത്. അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
സുരക്ഷാ വീഴ്ചയും മാറ്റങ്ങൾക്കുള്ള നിർദ്ദേശവും
ദിവസേന ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന അയോധ്യയിൽ ഭണ്ഡാരങ്ങളിൽ നിന്നുള്ള പണം എണ്ണുന്നത് സ്വകാര്യ ഏജൻസിയും ബാങ്ക് ജീവനക്കാരുമാണ്. ഈ പ്രക്രിയ സിസിടിവി നിരീക്ഷണത്തിലായിരുന്നിട്ടും, ചില പ്രധാന ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ അപ്രത്യക്ഷമായതും കൃത്യമായ രേഖകൾ സൂക്ഷിക്കാത്തതും വലിയ വീഴ്ചയായി എസ്‌ഐടി ചൂണ്ടിക്കാണിക്കുന്നു.
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം പോലെയുള്ള രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളിലെ കർശനമായ ഭണ്ഡാരം എണ്ണൽ രീതിയും ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങളും അയോധ്യയിലും നടപ്പിലാക്കണമെന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ട്. വരും ദിവസങ്ങളിൽ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ എഫ്ഐആറുകളും അറസ്റ്റുകളും ഉണ്ടായേക്കുമെന്നാണ് ഉത്തർപ്രദേശ് ഭരണകൂടത്തിൽ നിന്നും ലഭിക്കുന്ന സൂചന.












Click it and Unblock the Notifications