അയോധ്യ രാമക്ഷേത്ര തട്ടിപ്പ്; 8 പേര്‍ക്കെതിരെ കേസെടുത്തു, രണ്ടു പേര്‍ അറസ്റ്റില്‍, പ്രമുഖര്‍ പുറത്ത്
അയോധ്യ രാമക്ഷേത്രത്തിലെ പണവും സ്വര്‍ണവും തട്ടിയ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവം വലിയ വാര്‍ത്തയായ പിന്നാലെയാണ് കേസെടുക്കാന്‍ പോലീസ് നിര്‍ബന്ധിതരായത്. പ്രത്യേക സംഘം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് ഉത്തര്‍ പ്രദേശ് പോലീസിന്റെ നീക്കം. ക്ഷേത്രത്തിന് നല്‍കിയ സംഭാവനകളില്‍ അഴിമതി നടത്തി എന്നാണ് ആരോപണം.
അനുകല്‍പ്പ് മിശ്ര, ലവകുഷ് മിശ്ര എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറ് പേര്‍ കസ്റ്റഡിയിലാണ്. രാമജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹന്‍ നല്‍കിയ പരാതിയില്‍ രാമജന്മഭൂമി പോലീസ് സ്‌റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളും പ്രതിരോധത്തിലാകുകയും എസ്പിയും എഎപിയും കോണ്‍ഗ്രസും വിഷയം ചര്‍ച്ചയാക്കുകയും ചെയ്തതോടെയാണ് നടപടി.

പരാതിയില്‍ എട്ട് പേരുകള്‍ എടുത്തു പറയുന്നുണ്ട്. ഇവര്‍ക്കെതിരെയാണ് കേസെടുത്തത്. അതേസമയം, തിരിച്ചറിയാത്ത പ്രതികളും കേസിലുണ്ടെന്ന് എഫ്‌ഐആര്‍ സൂചിപ്പിക്കുന്നു. അവിനാശ് ശുക്ല, അനുകല്‍പ്പ് മിശ്ര, മനീഷ് യാദവ്, രാമശങ്കര്‍ മിശ്ര, രാമശങ്കര്‍ യാദവ് എന്ന ടിന്നു, സുഭാഷ് ചന്ദ്ര, കരുണേഷ് പാണ്ഡെ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് കേസ്.
'ചെറുമീനുകളെ ചാരി രക്ഷപ്പെടാന്‍ ശ്രമം'
ചെറുമീനുകളെ മാത്രം ശിക്ഷിച്ച് രക്ഷപ്പെടാനാണ് ബിജെപി സര്‍ക്കാരിന്റെ നീക്കം എന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് വിമര്‍ശിച്ചു. സംഭവത്തിന് പിന്നിലുള്ള വലിയ നേതാക്കളെ തൊട്ടിട്ടില്ല. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് തെളിവുകള്‍ ഇല്ലാതാക്കാനാണ് എസ്‌ഐടി ശ്രമിക്കുന്നത് എന്ന് പലരും പറയുന്നു. വലിയ മീനുകളെ രക്ഷിക്കാനാണ് നീക്കം എന്നും അഖിലേഷ് ആരോപിച്ചു.
രാമക്ഷേത്രത്തിന് ലഭിക്കുന്ന സംഭാവനകള്‍ ചിലര്‍ തട്ടിയെടുക്കുന്നു എന്ന് ആരോപണം ഉയര്‍ന്നതോടെ വിശദമായ അന്വേഷണം വേണമെന്ന് ക്ഷേത്ര ട്രസ്റ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 13നാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എസ്‌ഐടിയെ നിയോഗിച്ചത്. ക്ഷേത്രത്തിന് സംഭാവനയായി ലഭിച്ച കോടികള്‍ കാണാനില്ല എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യം അഖിലേഷ് യാദവ് ഉന്നയിച്ചതോടെയാണ് ചര്‍ച്ചയായത്.
സംഭവത്തില്‍ എസ്പിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ചാണ് ആദ്യം വിഎച്ച്പി നേതാവ് അലോക് കുമാര്‍ രംഗത്തുവന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എസ്പി ആരോപണം ഉന്നയിക്കുന്നത് എന്നായിരുന്നു അലോക് കുമാറിന്റെ വാദം. എന്നാല്‍ പിന്നീട് കൂടുതല്‍ വെളിപ്പെടുത്തലുണ്ടായതോടെ ട്രസ്റ്റ് അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ബിജെപിക്ക് തിരിച്ചടിയാണ് പുതിയ സംഭവങ്ങള്‍.















Click it and Unblock the Notifications