അയോധ്യ ക്ഷേത്ര കൊള്ള; പ്രതികൾ പണം ഒളിപ്പിച്ചത് സോക്സിലും വസ്ത്രങ്ങളിലും, ദൃശ്യങ്ങൾ പോലീസിന്
അയോധ്യ: അയോധ്യ കൊള്ളയിൽ പ്രതികൾ സംഭാവന കടത്തുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അറസ്റ്റിലായ എട്ടുപേരിൽ അഞ്ചുപേർ നോട്ടുകെട്ടുകൾ വസ്ത്രങ്ങൾക്കുള്ളിലും സോക്സിലും ഒളിപ്പിച്ചുകടത്തുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ക്ഷേത്രത്തിലെ പിൽഗ്രിം ഫെസിലിറ്റി സെന്ററിലെ കഴിഞ്ഞ 45 ദിവസത്തെ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് അയോധ്യ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അവിനാഷ് ശുക്ല, ലവ്കുഷ് മിശ്ര, അനുകൽപ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, രാം ശങ്കർ യാദവ് എന്ന ടിന്നു യാദവ്, സുഭാഷ് ശ്രീവാസ്തവ എന്നിവരെയാണ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിൽ ഇതുവരെ 80 ലക്ഷത്തോളം രൂപ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

അറസ്റ്റിലായവരിൽ ടിന്നു യാദവ് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ മുൻ ഡ്രൈവറാണ്. മറ്റൊരു പ്രതിയായ മനീഷ് യാദവ് ടിന്നുവിന്റെ സഹോദര പുത്രനുമാണ്. പ്രതികളായ അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, അവിനാഷ് ശുക്ല, മനീഷ് യാദവ് എന്നിവരുടെ താമസസ്ഥലങ്ങളിൽ നിന്നാണ് പ്രധാനമായും പണം കണ്ടെടുത്തത്.
ക്ഷേത്രത്തിലെ വിവിധ കാണിക്കവഞ്ചികളിൽ നിന്നുള്ള നോട്ടുകളും നാണയങ്ങളും എണ്ണുന്നതിനായി അമ്പതോളം പേരെയാണ് ട്രസ്റ്റ് ചുമതലപ്പെടുത്തിയിരുന്നത്. നോട്ടുകൾ കൂട്ടിയിട്ടിരിക്കുന്ന വലിയ കൂമ്പാരത്തിൽ നിന്നും തന്ത്രപരമായാണ് പ്രതികൾ നോട്ടുകെട്ടുകൾ മാറ്റിയത്.
അറസ്റ്റിലായ എട്ടുപേരിൽ ആറുപേരെയും പണം നിക്ഷേപിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് (എസ്ബിഐ) കരാർ അടിസ്ഥാനത്തിൽ നിയമിച്ചത്. വാരണാസി ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈനിക് സെക്യൂരിറ്റീസ് എന്ന മാൻപവർ ഏജൻസി വഴിയാണ് ഈ നിയമനം നടന്നത്. ബാങ്കുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ഹൗസ് കീപ്പിങ് ജീവനക്കാരെ മാത്രമാണ് തങ്ങൾ നൽകാറുള്ളതെന്നും സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാനുള്ള ആളുകളെ നൽകാറില്ലെന്നും സൈനിക് സെക്യൂരിറ്റീസ് വ്യക്തമാക്കി.
ഈ കേസിൽ ബാങ്ക് തന്നെയാണ് തങ്ങൾക്ക് നിയമിക്കേണ്ടവരുടെ പേരുകൾ നൽകിയതെന്നും ഏജൻസി അധികൃതർ പറയുന്നു. ബാങ്ക് നൽകിയ പേരുകാരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് പേപ്പർ വർക്കുകൾ ചെയ്യുക മാത്രമാണ് ഏജൻസി ചെയ്തത്. ഇവർ ആരും തന്നെ മുൻപ് തങ്ങളോടൊപ്പം ജോലി ചെയ്തവരല്ലെന്നും ഏജൻസി വ്യക്തമാക്കി.
ശരിയായ പരിശോധനകളോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് പണം എണ്ണാൻ ആളുകളെ നിയമിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ പലരും പരസ്പരം ബന്ധുക്കളോ അല്ലെങ്കിൽ ട്രസ്റ്റിലെ ഉന്നതരുമായി പരിചയമുള്ളവരോ ആണ്. ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഭൂരിഭാഗം പേർക്കും ജോലി ലഭിച്ചത്. പണം എണ്ണുന്ന സ്ഥലത്തേക്ക് ജീവനക്കാർ കയറുമ്പോഴും ഇറങ്ങുമ്പോഴും കൃത്യമായ പരിശോധനകളോ സുരക്ഷാ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications