സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം: കേരളത്തിന്റെ വീരപുത്രൻ,ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാൻ
ജീവിച്ച വർഷങ്ങളല്ല, വർഷിച്ച ജീവിതമാണ് പ്രധാനമെന്ന് തെളിയിച്ച ധീരദേശാഭിമാനിയാണ് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്.ചരിത്രത്തെ നിർമ്മിച്ചു കടന്നുപോയ അപൂർവ്വം മനുഷ്യരിൽ മുൻനിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. മലബാറിന്റെ രാഷ്ട്രീയത്തിൽ നിന്നും ദേശീയതലത്തിലേക്ക് ഉദിച്ചുയർന്ന നേതാവ്, കെപിസിസിയുടെ അമരക്കാരൻ, മദിരാശി അസംബ്ലിയിലെ കോൺഗ്രസിന്റെ ഗർജ്ജനം, സ്വാതന്ത്ര്യത്തിന് തീജ്വാല പകർന്ന അൽഅമീന്റെ പത്രാധിപർ, മുസ്ലിം സമുദായത്തെ ദിശ തെറ്റാതെ നയിച്ച ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറി..ഇങ്ങനെ ചുരുക്കിയാൽ ചുരുങ്ങില്ല അബ്ദുറഹ്മാൻ എന്ന വീരപുത്രന്റെ ജീവിതം. എല്ലാറ്റിലും ഉപരി സ്വാതന്ത്ര്യാനന്തരം രാജ്യത്തുണ്ടായ മുറിവ് ഉണക്കാൻ വിശ്രമമില്ലാതെ ഓടിനടന്ന മനുഷ്യസ്‌നേഹി കൂടിയാണ് അദ്ദേഹം.

1898 ൽ കൊടുങ്ങല്ലൂരിൽ അഴിക്കോട് കറുകപ്പാടത്താണ് ജനനം. കോഴിക്കോട് ബേസൽ മിഷൻ കോളജിൽ നിന്നും ഇന്റർമീഡിയറ്റ് പാസ്സായതിനുശേഷം മദ്രാസ് പ്രസിഡൻസി കോളജിൽ ഉപരിപഠനം നടത്തി.കോളേജിൽ ബിഎ ഓണേഴ്സ് പഠനകാലത്താണ് മലബാറിലെ നിസ്സഹകരണ പ്രസ്ഥാനത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും പങ്കെടുക്കാനായി പഠനം നിർത്തി. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തിപകർന്നതിന് കൊടിയ മർദനങ്ങളായിരുന്നു അബ്ദുറഹിമാന് നേരിടേണ്ടി വന്നത്. 1921-ൽ ഒറ്റപ്പാലത്ത് നടന്ന കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടായിരുന്നു മുഹമ്മദ് അബ്ദുറഹ‌്മാൻറെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശം.
ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനം മലബാറിൽ ശക്തമായതോടെ കോൺഗ്രസ് സമിതികളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഖിലാഫത്ത് കമ്മിറ്റികളുടെ പ്രവർത്തനങ്ങളുടെ ചുമതല അബ്ദറഹിമാനായിരുന്നു. ബ്രീട്ടീഷ് സൈന്യത്തിനെതിരെ മലബാറിലെ മുസ്ലീങ്ങളേയും ഹിന്ദുക്കളേയും ഒരുമിച്ച് നിർത്താൻ ഖിലാഫത്ത് പ്രസ്ഥാനത്തിന് സാധിച്ചെങ്കിലും മലബാർ കലാപത്തിന് തടയിടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. കലാപത്തിന് ശേഷം സമാധാനം പുനഃസ്ഥാപിക്കുന്നതിൽ നിർണായക പങ്കായിരുന്നു അബ്ദുറഹ്മാൻ വഹിച്ചത്. കലാപത്തിന് വർഗീയ നിറം നൽകാനുള്ള ശ്രമങ്ങളെ തള്ളിയ അദ്ദേഹം മലബാർ കലാപത്തെ കർഷക കലാപം എന്നായിരുന്നു വിശേഷിപ്പിച്ചത്.
പട്ടാള നടപടിയെ വിമർശിച്ച് ലേഖനമെഴുതിയതിന് 1921 ൽ അബ്ദുറഹിമാന്‍ സാഹിബിനെ ബ്രിട്ടീഷ് സൈന്യം അറസ്റ്റുചെയ്തു. പട്ടാള കോടതി രണ്ടുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. ജയിലിൽ കിടക്കവേയാണ് സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിനും ഒരു പത്രത്തിന്റെ ആവശ്യം മനസിലാക്കുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ പിന്നാലെ അദ്ദേഹം അൽ അമീൻ എന്ന പത്രം ആരംഭിച്ചു. മുസ്ലീങ്ങൾക്കിടയിലെ അനാചരണങ്ങൾക്കെതിരേയും ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേയും അൽ അമീൻ പത്രം നിലകൊണ്ടു.സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് പുതിയൊരു ദിശാബോധം നൽകുന്നതിൽ സുപ്രധാന പങ്കായിരുന്നു അൽ അമീൻ വഹിച്ചത്.
1930-ൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കോഴിക്കോട് നടന്ന ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്തതിന് അദ്ദേഹത്തിന് ഒമ്പത് മാസത്തെ ജയിൽ തടവ് അനുഭവിക്കേണ്ടി വന്നിരുന്നു. വലതുപക്ഷ നേതാക്കളുടെ ശക്തമായ എതിർപ്പിനെ മറികടന്ന് 1938 മുതൽ 40 വരെ കെ പി സി സി അധ്യക്ഷനായി പ്രവർത്തിച്ചു. ഇക്കാലയളവിൽ വിവിധ വിഭാഗങ്ങളെ ഒരുമിച്ച് കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. പോരാട്ടവഴിയിൽ കോൺഗ്രസനെ ബഹുജനപ്രസ്ഥാനമാക്കി വളർത്തുന്നതിലും ഇത് നിർണായകമായി. 1937 ൽ മദ്രാസ് അസംബ്ലിയിലേക്ക് വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സുഭാഷ് ചന്ദ്രബോസുമായി അടുത്ത അദ്ദേഹം ഫോർവേഡ് ബ്ലോക്കിന്റെ കേരളത്തിലെ സ്ഥാപക ചെയർമാനായി. 1940 ൽ നേതാജിയുടെ അറസ്റ്റിന് പിന്നാലെ 1940 ജൂലൈ 3 ന് രാജ്യരക്ഷാ നിയമം ചുമത്തി അബ്ദുറഹ്മാനേയും അറസ്റ്റ് ചെയ്തു. 5 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം ജയിൽ മോചിതനാകുന്നത്. നീണ്ട ജയിൽവാസത്തിന് പിന്നാലെ 1945 നവംബർ 23-നാണ് അന്ത്യം.കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ ഒരു പൊതുപരിപാടി കഴിഞ്ഞ് മടങ്ങി വരുമ്പോൾ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.












Click it and Unblock the Notifications