അസം ഖാന് ജാമ്യം; ഇഡിയെ കുടഞ്ഞ് അലഹാബാദ് ഹൈക്കോടതി, ജയില്‍കവാടത്തിലെ അറസ്റ്റ് കടന്നകൈ
സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന് അലഹാബാദ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇഡി അറസ്റ്റ് ചെയ്ത കേസിലാണ് ജാമ്യം. മറ്റൊരു കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുമ്പോഴാണ് രണ്ടാഴ്ച മുമ്പ് അസം ഖാനെ ജയില്‍ കവാടത്തില്‍ വെച്ച് ഇഡി അറസ്റ്റ് ചെയ്തത്. ഇത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയുള്ള നീക്കമാണ് എന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
ആരോപിക്കപ്പെട്ട കുറ്റം അസം ഖാന്‍ ചെയ്തു എന്നതിന് യാതൊരു തെളിവും ഇതുവരെ ലഭിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അസം ഖാനെ അറസ്റ്റ് ചെയ്യുമ്പോള്‍ ഇഡി ചട്ടം പാലിച്ചില്ലെന്നും ജസ്റ്റിസുമാരായ രാജീവ് ഗുപ്ത, ദേവേന്ദ്ര സിങ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു. അസം ഖാനെതിരെ ഉത്തര്‍ പ്രദേശ് പോലീസ് ഒന്നിലധികം കേസുകള്‍ എടുത്തിട്ടുണ്ട്. ഇതില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന വേളയിലായിരുന്നു ഇഡിയുടെ അറസ്റ്റ്.

അസം ഖാന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ് എന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. രണ്ട് പാന്‍കാര്‍ഡ് കൈവശപ്പെടുത്തി എന്ന കേസിലാണ് അസം ഖാനെയും മകന്‍ അബ്ദുല്ല അസമിനെയും അറസ്റ്റ് ചെയ്തിരുന്നത്. ഒക്ടോബര്‍ 29ന് അലഹാബാദ് ഹൈക്കോടതി ഈ കേസില്‍ ജാമ്യം നല്‍കിയിരുന്നു. ഒക്ടോബര്‍ 31ന് അദ്ദേഹം ജയിലില്‍ നിന്ന് ഇറങ്ങുന്ന വേളയിലാണ് ഇഡി അറസ്റ്റ് ചെയ്തത്.
മുഹമ്മദ് അലി ജൗഹര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിലാണ് ഇഡിയുടെ നടപടി. ഉത്തര്‍ പ്രദേശിലെ പ്രധാന സ്വകാര്യ സര്‍വകലാശാലകളില്‍ ഒന്നാണ് അസം ഖാന്റെ നിയന്ത്രണത്തിലുള്ള മുഹമ്മദ് അലി ജൗഹര്‍ യൂണിവേഴ്‌സിറ്റി. എന്നാല്‍ ഈ സ്ഥാപനത്തിന്റെ പല കെട്ടിടങ്ങളും നിയമവിരുദ്ധമായി നിര്‍മിച്ചു എന്ന് ബിജെപിയും യുപി സര്‍ക്കാരും ആരോപിച്ചിരുന്നു. പൊളിച്ചുനീക്കാനുള്ള നീക്കങ്ങളും നടന്നു.
സര്‍വകലാശാലയ്ക്ക് വേണ്ടി കര്‍ഷകരില്‍ നിന്ന് ബലമായി ഭൂമി ഏറ്റെടുത്തു എന്നതാണ് ഒരു ആരോപണം. സ്വകാര്യ സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മാണം നടന്നു എന്നാണ് മറ്റൊരു ആരോപണം. ഈ കേസില്‍ ഗാസിയാബാദിലെ പിഎംഎല്‍എ കോടതി നവംബര്‍ ഒന്ന് വരെ അസം ഖാനെ റിമാന്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് അസം ഖാന്‍ ഇഡിയുടെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാന്‍ സുപ്രീംകോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി.
ഇഡി നിയമവിരുദ്ധമായിട്ടാണ് അസം ഖാനെ അറസ്റ്റ് ചെയ്തത് എന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. അറസ്റ്റിനുള്ള കാരണം പോലും അറിയിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഉദ്യോഗസ്ഥര്‍ പലതവണ വിവരം അറിയിക്കാന്‍ ശ്രമിച്ചു എങ്കിലും ഖാന്‍ ഒഴിഞ്ഞുമാറി എന്നാണ് ഇഡി പറയുന്നത്. ഖാനെ അറസ്റ്റ് ചെയ്യാനുള്ള കാരണം ഒരാഴ്ച്ചയ്ക്കകം അറിയിക്കാമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ അറിയിച്ചു. ഡിസംബര്‍ 10ന് അടുത്ത വാദം കേള്‍ക്കും.





Click it and Unblock the Notifications
