മന്ത്രിയുടെ കയ്യില്‍ വെടിയുണ്ട, നിയമം അറിയില്ലെന്ന് മന്ത്രി
ദില്ലി: ഉത്തര്‍ പ്രദേശിലെ മന്ത്രിയും എസ് പി നേതാവുമായ അസം ഖാന്റെ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ പിടികൂടി. ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് സുരക്ഷാ പരിശോധനയ്ക്കിടെയാണ് അസം ഖാന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. വിമാനത്താവളത്തില്‍ വെച്ച് വെടിയുണ്ടകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ അസം ഖാനെ സി ഐ എസ് എഫ് ചോദ്യം ചെയ്തു.
എന്നാല്‍ വിമാനത്താവളത്തില്‍ വെടിയുണ്ട കൊണ്ടുവരരുത് എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് അസംഖാന്‍ പറഞ്ഞത്. ആയുധം കൈവശം വെക്കാനുള്ള തന്റെ ലൈസന്‍സ് ഖാന്‍ അന്വേഷണ സംഘത്തിന് നല്‍കി. തുടര്‍ന്ന് അദ്ദേഹത്തെ പോകാന്‍ അനുവദിക്കുകയായിരുന്നു എന്ന് സി ഐ എസ് എഫ് (എയര്‍പോര്‍ട്ട് സെക്ടര്‍) അഡീഷണല്‍ ജനറല്‍ ഒ പി സിംഗ് പറഞ്ഞു.

വെടിയുണ്ട കണ്ടെടുത്തതിന് ശേഷം അസം ഖാനെ അധകൃതര്‍ വിശദമായി പരിശോധിക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. പിടിച്ചെടുത്ത വെടിയുണ്ടകള്‍ അസംഖാന് തിരിച്ചുകൊടുത്തിട്ടില്ല. ഇത് സി ഐ എസ് എഫിന്റെ കസ്റ്റഡിയിലാണ്. ദില്ലിയില്‍ നിന്നും ലഖ്‌നൊവിലേക്ക് പോകാനായി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിയതായിരുന്നു അസം ഖാന്‍.
ഉത്തര്‍ പ്രദേശിലെ നഗരവികസന മന്ത്രിയാണ് അസം ഖാന്‍. 56 കാരനായ ഖാന്‍ സമാജ് വാദി പാര്‍ട്ടിയുടെ സീനിയര്‍ നേതാവും വിവാദ നായകനുമാണ്. നരേന്ദ്ര മോദിക്കെതിരെയും മറ്റ് നേതാക്കള്‍ക്കെതിരെയും വിവാദ പ്രസ്താവനകള്‍ നടത്തിയിട്ടുള്ള അസം ഖാന്‍ തന്റെ വാക്കുകള്‍ തിരുത്താനോ മാപ്പ് പറയാനോ ഇത് വരെ തയ്യാറായിട്ടില്ല.


Click it and Unblock the Notifications