രാംദേവ് പെണ്‍വേഷംകെട്ടി ഒളിച്ചോടാന്‍ ശ്രമിച്ചയാളെന്ന് പരിഹാസം
ദില്ലി: യോഗ ഗുരു രാംദേവിനെതിരെ പരിഹാസവുമായി ഉത്തര്‍ പ്രദേശ് മന്ത്രി അസം ഖാന്‍. രാംദേവ് പെണ്‍വേഷം കെട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളാണെന്നും അങ്ങിനെ ഒരാളാണ് തലയറുക്കുന്നതിന്റെ കാര്യം പറയുന്നതെന്നും അസം ഖാന്‍ പറഞ്ഞു. കഴിഞ്ഞദിവസം രാംദേവ് നടത്തിയ വിവാദ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അസം ഖാന്‍.
നിയമം അനവദിക്കാത്തതുകൊണ്ടാണ്, അല്ലെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാത്തുവരുടെ തലയറുക്കുമെന്നായിരുന്നു രാംദേവിന്റെ വിവാദ പരാമര്‍ശം. വൈദ്യനെന്ന് സ്വയം വിശേഷിപ്പിക്കുന്ന രാംദേവ് സ്വന്തം ബിസിനസ് നോക്കി നടത്തുകയാണ് വേണ്ടതെന്നും ഇത്തരം കാര്യങ്ങള്‍ പറയുകയല്ലെന്നും അസം ഖാന്‍ പറഞ്ഞു.

രാം ലീല മൈതാനിയില്‍ നടന്ന സമരത്തിനിടെ സ്ത്രീയുടെ വേഷം കെട്ടി ഒളിച്ചോടാന്‍ ശ്രമിക്കവെ രാംദേവിനെ പോലീസ് പിടികൂടിയിരുന്നു. രാംദേവ് ആര്‍എസ്എസ് ഏജന്റാണെന്ന് അന്നുതന്നെ പ്രചാരം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം തന്നെ അത് നിഷേധിച്ച് രംഗത്തെത്തി. എന്നാല്‍, രാംദേവ് ആര്‍എസ്എസ് ബിജെപി ഏജന്റാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണെന്ന് അസം ഖാന്‍ പറയുന്നു.
രാജ്യത്തെ മതേതരത്വം തകര്‍ക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുകയാണ് രാംദേവ്. ബിജെപി ആര്‍എസ്എസ് ഏജന്റായി പ്രവര്‍ത്തിക്കുന്ന ഇയാളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും അസം ഖാന്‍ പറഞ്ഞു. ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഉള്ള അസം ഖാന്‍ പ്രസ്താവന വഴിയാണ് രാംദേവിനെതിരെ ആഞ്ഞടിച്ചത്.












Click it and Unblock the Notifications