പ്രിയങ്ക ഗാന്ധി നേതാവായാല്‍ ബിജെപിക്ക് വെല്ലുവിളിയാകുമെന്ന് ബാബ രാംദേവ്
ദില്ലി: കേന്ദ്രത്തില്‍ ഭരണം നഷ്ടപ്പെട്ടശേഷം പിന്നീട് വന്ന തെരഞ്ഞെടുപ്പുകളിലൊന്നും കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. അഴിമതി ആരോപണത്തില്‍ നിന്നും മുക്തരാകാന്‍ കഴിയാത്തതും നേതൃത്വത്തിന്റെ കഴിവുകേടുമാണ് കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ കഴിയാത്തതെന്ന ആരോപണം നേതാക്കള്‍ തന്നെ ഉന്നയിക്കുന്നുണ്ട്.
രാഹുല്‍ ഗാന്ധിക്ക് പകരം പ്രിയങ്ക ഗാന്ധിയെ നേതൃ സ്ഥാനത്തെത്തിച്ചാല്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ശരിവെക്കുകയാണ് ബിജെപി അനുഭാവിയും യോഗ ഗുരുവുമായ ബാബ രാംദേവ്. പ്രിയങ്ക കോണ്‍ഗ്രസ് നേതൃത്വത്തില്‍ എത്തിയാല്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് രാംദേവിന്റെ അഭിപ്രായം.

ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാംദേവ്. പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് നേതൃ സ്ഥാനത്തെത്തിയാല്‍ ബിജെപി വിജയത്തിനായി കഠിനായി പരിശ്രമിക്കേണ്ടിവരുമെന്ന് രാംദേവ് പറഞ്ഞു. അതേസമയം, സോണിയാ ഗാന്ധി തന്നോട് ചെയ്തത് താന്‍ ഒരിക്കലും മറക്കില്ലെന്നും രാംദേവ് വ്യക്തമാക്കി.
ദില്ലിയില്‍ അണ്ണ ഹസാരെ നടത്തിയ അഴിമതി വിരുദ്ധ സമരത്തില്‍ പങ്കെടുത്ത രാംദേവിനെ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. പെണ്‍വേഷത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രാംദേവിനെ പോലീസ് പിടികൂടിയത് അന്ന് വലിയ വാര്‍ത്തയാകുകയും ചെയ്തു.












Click it and Unblock the Notifications