• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്തായിരുന്നു ബാബറി മസ്ജിദ്; ഐക്യമനസില്‍ കനല്‍ കോരിയിട്ട അയോധ്യ, രക്തം ചാലിട്ടൊഴുകിയ ദിനങ്ങള്‍

  • By Ashif

മനുഷ്യരക്തം ചാലിട്ടൊഴുകുന്ന ഭാരതമായി നമ്മുടെ നാടിനെ മാറ്റിയെടുത്തതില്‍ ബാബരി മസ്ജിദ്-രാമജന്മഭൂമി വിവാദത്തിന് മുഖ്യപങ്കുണ്ട്. രാജ്യം വര്‍ഗീയവാദികളുടെ വിളനിലമായി മാറുന്ന വേളയില്‍ തന്നെയാണ് അയോധ്യയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ വിഷയം ദേശീയതലത്തിലേക്ക് ഉയര്‍ന്നുവന്നത്. ഒരു തരത്തില്‍ ഈ വിവാദം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കാത്ത പാര്‍ട്ടികളും കുറവല്ലെന്ന് പറയാം.

എന്താണ് ബാബരി മസ്ജിദ്- രാമജന്മഭൂമി വിവാദം. അയോധ്യയിലുണ്ടായിരുന്ന ബാബരി മസ്ജിദ് തകര്‍ത്തിട്ട് ഈ ഡിസംബര്‍ ആറിന് 25 വര്‍ഷം തികയുകയാണ്. വിചാരണ കോടതിയും ഹൈക്കോടതിയും കടന്ന് വ്യവഹാരം സുപ്രീംകോടതിയില്‍ എത്തി നില്‍ക്കുന്നു. പ്രതിസ്ഥാനത്തുള്ളത് രാജ്യംഭരിക്കുന്നവര്‍ തന്നെ. ഈ ഘട്ടത്തില്‍ ഇനി എന്ത് എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് പരമോന്നത നീതിപീഠമാണ്. എന്താണ് വിവാദത്തിന്റെ തുടക്കം. തര്‍ക്കത്തിന്റെ പിന്നിട്ട നാളുകളില്‍ സംഭവിച്ചത് എന്ത് എന്ന് വിശദമാക്കുകയാണിവിടെ...

1528ല്‍ നിര്‍മിച്ച ബാബരി മസ്ജിദ്

1528ല്‍ നിര്‍മിച്ച ബാബരി മസ്ജിദ്

1528ല്‍ മുഗള്‍ ഭരണാധികാരിയായിരുന്ന ബാബര്‍ നിര്‍മിച്ചതാണ് അയോധ്യയിലെ ബാബരി മസ്ജിദ്. അദ്ദേഹം നിര്‍മിച്ചതു കൊണ്ടുതന്നെയാണ് ഈ പേര് വന്നതും. അന്ന് മുതല്‍ മുസ്ലിംകള്‍ ഈ പള്ളിയില്‍ ആരാധന നടത്തിപ്പോന്നു. എന്നാല്‍ രാമന്റെ ജന്മസ്ഥലത്താണ് പള്ളി പണിതതെന്നും ഇവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നും ഒരു വിഭാഗം ഹിന്ദുക്കള്‍ വാദിച്ചു.

1853ലെ കലാപം

1853ലെ കലാപം

വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം 1853ലാണ് ബാബരി മസ്ജിദിനെതിരേ പ്രചാരണം ശക്തിപ്പെട്ടത്. ഇതിന്റെ ഭാഗമായി ആ വര്‍ഷം അയോധ്യയില്‍ വര്‍ഗീയ കലാപമുണ്ടായെന്നും പറയപ്പെടുന്നു. ഹിന്ദു മത വിശ്വാസികളായ നിര്‍മോഹികളാണ് ക്ഷേത്രത്തിന് വേണ്ടി കാര്യമായും വാദിച്ചത്. നവാബ് വാജിദ് അലിഷാ അവധ് ഭരിക്കുമ്പോഴായിരുന്നു 1853ലെ സംഘര്‍ഷം.

ബ്രിട്ടീഷുകാരുടെ കുതന്ത്രം

ബ്രിട്ടീഷുകാരുടെ കുതന്ത്രം

1859ല്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു പരിഹാരം നിര്‍ദേശിച്ചു. പള്ളിയുടെ അകത്ത് മുസ്ലിംകള്‍ക്കും പുറത്ത് ഹിന്ദുക്കള്‍ക്കും ആരാധനയ്ക്ക് സൗകര്യം ചെയ്യുകയായിരുന്നു അവര്‍. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന കുതന്ത്രത്തിന്റെ ഭാഗമായിട്ടാണ് ബ്രിട്ടീഷുകാര്‍ എരിതീയില്‍ എണ്ണയൊഴിച്ചതെന്ന് പിന്നീടുള്ള നാളുകളില്‍ ബോധ്യപ്പെട്ടു.

1885ല്‍ കോടതിയില്‍

1885ല്‍ കോടതിയില്‍

1885ല്‍ മഹദ് രഘുബീര്‍ ദാസ് എന്ന വ്യക്തി ഫൈസാബാദ് ജില്ലാ കോടതിയില്‍ ഒരു ഹര്‍ജി നല്‍കി. പള്ളിക്ക് പുറത്ത് പൂജയ്ക്ക് സൗകര്യം ഒരുക്കണമെന്നായിരുന്നു ആവശ്യം. ഈ ഹര്‍ജിയാണ് വിഷയം ആദ്യമായി കോടതിയിലെത്തിച്ചതെന്ന് പറയപ്പെടുന്നു. ദാസിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു.

പള്ളി അടച്ചുപൂട്ടി

പള്ളി അടച്ചുപൂട്ടി

എങ്കിലും സംഘര്‍ഷ സാഹചര്യം ഒഴിഞ്ഞില്ല. 1949ല്‍ തര്‍ക്കം രൂക്ഷമായി. ഒരു വിഭാഗം ഹിന്ദുക്കള്‍ പള്ളിക്കകത്ത് രാമവിഗ്രഹം കൊണ്ടുവച്ചതോടെ ആയിരുന്നു ഇത്. ഹിന്ദുക്കളും മുസ്ലിംകളും നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടു. ബാബരി മസ്ജിദ് നിന്ന സ്ഥലം തര്‍ക്കഭൂമിയായി പ്രഖ്യപിക്കുകയും കവാടം അടയ്ക്കുകയും ചെയ്തു.

പള്ളിക്ക് പുറത്ത് പ്രാര്‍ഥന നടത്താം

പള്ളിക്ക് പുറത്ത് പ്രാര്‍ഥന നടത്താം

1950ല്‍ ഫൈസാബാദ് കോടതിയില്‍ രണ്ട് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടു. ഗോപാല്‍ സിങ് വിശാരദ്, മഹന്ദ് പരമഹംസ് രാമചന്ദ്ര ദാസുമായിരുന്നു ഹര്‍ജിക്കാര്‍. പൂട്ട് തുറന്ന് ആരാധനയ്ക്ക് അവസരം ഒരുക്കണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. പള്ളി തുറന്നു നല്‍കിയില്ലെങ്കിലും പുറത്ത് പ്രാര്‍ഥനയ്ക്ക് ഹിന്ദുക്കള്‍ക്ക് അവസരം കോടതി നല്‍കി.

വീണ്ടും ഹര്‍ജി

വീണ്ടും ഹര്‍ജി

1959ല്‍ വീണ്ടും മറ്റൊരു ഹര്‍ജി ഫൈസാബാദ് കോടതിയിലെത്തി. സ്ഥലത്തിന്റെ കസ്‌റ്റോഡിയനായി നിര്‍മോഹി അഖാരയെ ചുമതലപ്പെടുത്തണമെന്നായിരുന്നു ഹര്‍ജി. നിര്‍മോഹി അഖാര തന്നെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. വിഗ്രഹം സ്ഥാപിച്ച സ്ഥലവും ചേര്‍ന്നുള്ള ഭാഗങ്ങളും തങ്ങളുടെ നിയന്ത്രണത്തില്‍ വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

മുസ്ലിംകളും കോടതിയില്‍

മുസ്ലിംകളും കോടതിയില്‍

1961ല്‍ വീണ്ടും മറ്റൊരു ഹര്‍ജി കോടതിയിലെത്തി. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡായിരുന്നു ഹര്‍ജിക്കാര്‍. പള്ളിക്കകത്ത് വിഗ്രഹം സ്ഥാപിച്ചത് ചോദ്യം ചെയ്തും പള്ളി നില്‍ക്കുന്ന സ്ഥലവും അനുബന്ധ പരിസരവും മുമ്പ് ഖബര്‍സ്ഥാനായിരുന്നുവെന്നും വഖഫ് ബോര്‍ഡ് കോടതിയില്‍ ബോധിപ്പിച്ചു.

ബിജെപി നേതൃത്വത്തിലേക്ക്

ബിജെപി നേതൃത്വത്തിലേക്ക്

രാമജന്മ ഭൂമിയില്‍ തന്നെ രാമക്ഷേത്രം പണിയുമെന്ന് പ്രഖ്യാപിച്ച് 1984ല്‍ ഹിന്ദു സംഘടനകള്‍ ചേര്‍ന്ന് ഒരു സമിതി രൂപീകരിച്ചു. ഈ സമിതിയാണ് പിന്നീട് ദേശവ്യാപകമായി രാമക്ഷേത്രത്തെ കുറിച്ച് പ്രചാരണം നടത്തിയത്. ഇതിന്റെ നേതൃത്വം ബിജെപി നേതാവ് എല്‍കെ അദ്വാനിക്കായിരുന്നു.

വിവാദമായ പള്ളി തുറക്കല്‍

വിവാദമായ പള്ളി തുറക്കല്‍

1986ല്‍ വീണ്ടും മാറ്റങ്ങള്‍ സംഭവിച്ചു. ഹരിശങ്കര്‍ ദുബെ എന്നയാള്‍ ജില്ലാ കോടതിയെ സമീപിച്ച് ഹിന്ദുക്കള്‍ക്ക് ആരാധിക്കാനുള്ള അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ കോടതി ബാബരി മസ്ജിദിന്റെ വാതില്‍ തുറക്കാനും ഹിന്ദുക്കള്‍ക്ക് ആരാധിക്കാനും അനുമതി നല്‍കി. ഏറെ കോളിളക്കം സൃഷ്ടിച്ച വിധിയായിരുന്നു അത്. മുസ്ലിംകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്നാണ് വിവിധ മുസ്ലിം സംഘടനകള്‍ ചേര്‍ന്ന് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്.

കേസ് ഹൈക്കോടതിയിലേക്ക്

കേസ് ഹൈക്കോടതിയിലേക്ക്

1989ല്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പള്ളിയുടെ തൊട്ടടുത്ത് രാമക്ഷേത്രത്തിന് തറക്കല്ലിട്ടത് വിവാദത്തിന് തിരികൊളുത്തി. വിഎച്ച്പിയുടെ മുന്‍ ഉപാധ്യക്ഷന്‍ ജസ്റ്റിസ് ദിയോങ്കി നന്ദന്‍ അഗര്‍വാള്‍ കോടതിയെ സമീപിച്ചു. പള്ളി മറ്റെവിടേക്കെങ്കിലും മാറ്റണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇതുവരെ സമര്‍പ്പിക്കപ്പെട്ട നാല് ഹര്‍ജികളും ഫൈസാബാദ് ജില്ലാ കോടതി അലഹാബാദ് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചിന് കൈമാറി.

അദ്വാനിയുടെ രഥയാത്ര

അദ്വാനിയുടെ രഥയാത്ര

1990ല്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ പള്ളിയുടെ ഒരുഭാഗം കേടുവരുത്തി. പ്രധാനമന്ത്രി ചന്ദ്രശേഖര്‍ വിഷയത്തില്‍ ഇടപെട്ടു പരിഹാരത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സപ്തംബറില്‍ അദ്വാനി രഥയാത്ര തുടങ്ങി. അയോധ്യ പ്രസ്ഥാനത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയായിരുന്നു ലക്ഷ്യം. ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ നിന്ന് തുടങ്ങിയ യാത്ര ബിഹാറിലെ സമസ്തിപൂരിലെത്തിയപ്പോള്‍ അദ്വാനിയെ ലാലു പ്രസാദിന്റെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു.

കര്‍സേവകര്‍ ഒഴുകാന്‍ തുടങ്ങി

കര്‍സേവകര്‍ ഒഴുകാന്‍ തുടങ്ങി

അതിനിടെ 1991ല്‍ ഉത്തര്‍ പ്രദേശില്‍ ബിജെപി അധികാരത്തിലെത്തി. കേന്ദ്രത്തില്‍ ശക്തമയ പ്രതിപക്ഷമാകാനും അവര്‍ക്ക് സാധിച്ചു. രാമക്ഷേത്ര വിവാദം അവര്‍ക്ക് രാഷ്ട്രീയമായി ഗുണം ചെയ്തുവെന്ന് വേണം കരുതാന്‍. യുപിയില്‍ ബിജെപി അധികാരത്തിലെത്തിയതോടെ അയോധ്യയിലേക്ക് കര്‍സേവകര്‍ ഒഴുകാന്‍ തുടങ്ങി.

ബാബരി മസ്ജിദ് തകര്‍ത്തു

ബാബരി മസ്ജിദ് തകര്‍ത്തു

ഒടുവില്‍ 1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തു. ശിവസേന, വിഎച്ച്പി, ബിജെപി എന്നിവര്‍ എല്ലാവിധ സഹായങ്ങളും നല്‍കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറി. ആയിരങ്ങള്‍ കൊല ചെയ്യപ്പെട്ടു. പ്രധാനമന്ത്രി നരസിംഹ റാവു സംഭവം അന്വേഷിക്കുന്നതിന് ജസ്റ്റിസ് എംഎസ് ലിബര്‍ഹാന്‍ അധ്യക്ഷനായ ഒരു സമിതിയെ നിയോഗിച്ചു. ഡിസംബര്‍ 16ന് കമ്മീഷന്‍ നിലവില്‍ വന്നു.

ബോംബെ കലാപം

ബോംബെ കലാപം

ബോംബെയില്‍ ശക്തമായ വര്‍ഗീയ കലാപം അരങ്ങേറി. ആയിരങ്ങള്‍ നഗരത്തില്‍ മാത്രം കൊല്ലപ്പെട്ടു. 1993 മാര്‍ച്ച് 12ന് ബോംബെയുടെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടന പരമ്പരകളുണ്ടായി. ഒരേ സമയം 13 ബോംബുകളാണ് പൊട്ടിത്തെറിച്ചത്. 257 പേര്‍ കൊല്ലപ്പെടുകയും 700ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ രാജ്യം മൊത്തം അസ്ഥിരത പടര്‍ന്നു.

ഗുജറാത്ത് കലാപം

ഗുജറാത്ത് കലാപം

2001ല്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് വിഎച്ച്പി വീണ്ടും പ്രഖ്യാപിച്ചു. 2002 ഫെബ്രുവരിയില്‍ അയോധ്യയില്‍ നിന്ന് മടങ്ങിയ കര്‍സേവകര്‍ യാത്ര ചെയ്തിരുന്ന തീവണ്ടി ഗുജറാത്തിലെ ഗോധ്രയ്ക്കടുത്ത് വച്ച് അഗ്നിക്കിരയാക്കപ്പെട്ടു. തുടര്‍ന്ന് ഗുജറാത്തില്‍ വ്യാപകമായി വര്‍ഗീയ കലാപം അരങ്ങേറി. ആയിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി.

തെളിവുകള്‍ ലഭിച്ചു

തെളിവുകള്‍ ലഭിച്ചു

ബാബരി മസ്്ജിദ് നിന്ന സ്ഥലം കുഴിയെടുത്ത് പരിശോധിക്കാന്‍ ഹൈക്കോടതി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. പള്ളിയുടെ അടിഭാഗം കുഴിച്ചപ്പോള്‍ ക്ഷേത്രം ഇവിടെയുണ്ടായിരുന്നുവെന്ന് സൂചനകള്‍ ലഭിച്ചുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ കണ്ടെത്തി. ഇക്കാര്യം മുസ്ലിംകള്‍ അംഗീകരിച്ചില്ല.

ബിജെപി നേതാക്കള്‍ക്ക് മുഖ്യപങ്ക്

ബിജെപി നേതാക്കള്‍ക്ക് മുഖ്യപങ്ക്

2004ല്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ അദ്വാനിക്കെതിരേ കേസെടുക്കാന്‍ ഉത്തര്‍ പ്രദേശ് കോടതി നിര്‍ദേശിച്ചു. 2005ല്‍ തര്‍ക്ക ഭൂമിയില്‍ സായുധ സംഘത്തിന്റെ ആക്രണമുണ്ടാകുകയും ആറ് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 2009ല്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പള്ളി പൊളിച്ചതിലും പിന്നീടുണ്ടായ പ്രശ്‌നങ്ങളിലും ബിജെപി നേതാക്കള്‍ക്ക് മുഖ്യപങ്കുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തിയതോടെ പാര്‍ലമെന്റില്‍ ഏറെ ബഹളമായി.

ഭൂമി മൂന്നായി തിരിച്ച് വിവാദ വിധി

ഭൂമി മൂന്നായി തിരിച്ച് വിവാദ വിധി

2010ല്‍ അലഹാബാദ് ഹൈക്കോടതി ബാബരി കേസില്‍ വിധി പ്രഖ്യാപിച്ചു. ഭൂമി മൂന്നായി തിരിച്ച് വഖഫ് ബോര്‍ഡിനും ഹിന്ദു മഹാസഭയുടെ കീഴിലുള്ള രാംലല്ലയ്ക്കും നിര്‍മോഹി അഖാരയ്ക്കുമായി വീതിച്ചു നല്‍കി. ഇതിനെതിരേ വഖഫ് ബോര്‍ഡും ഹിന്ദു മഹാസഭയും സുപ്രീംകോടതിയെ സമീപിച്ചതോടെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യപ്പെട്ടു. നിലവിലെ സ്ഥിതി തുടരാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

 അയോധ്യയിലേക്ക് കല്ലുകള്‍

അയോധ്യയിലേക്ക് കല്ലുകള്‍

2014ല്‍ നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ വിഷയം വീണ്ടും സജീവമായി. പള്ളി പൊളിക്കുന്ന വേളയില്‍ യുപി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങിനെ രാജസ്ഥാന്‍ ഗവര്‍ണറായി കേന്ദ്രം നിയമിച്ചു. തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിഎച്ച്പി ക്ഷേത്ര നിര്‍മാണത്തിന് അയോധ്യയിലേക്ക് കല്ലുകള്‍ എത്തിക്കാന്‍ തുടങ്ങി.

ഫെബ്രുവരി എട്ടിന് വാദം തുടങ്ങും

ഫെബ്രുവരി എട്ടിന് വാദം തുടങ്ങും

2017ല്‍ തീവ്ര ഹിന്ദു സംഘടനകള്‍ക്ക് രാമക്ഷേത്ര നിര്‍മാണത്തിന് കൂടുതല്‍ സൗകര്യം ഒരുങ്ങിയിരിക്കുകയാണ്. യുപിയില്‍ ബിജെപി അധികാരത്തിലെത്തി. അദ്വാനിക്കെതിരായ കേസ് ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതിക്ക് പുറത്ത് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. 2017 ഡിസംബര്‍ അഞ്ചിന് കേസ് പരിഗണിച്ച സുപ്രീംകോടതി അന്തിമ വാദം കേള്‍ക്കല്‍ ഫെബ്രുവരി എട്ടിന് തുടങ്ങുമെന്ന് അറിയിച്ചു.

English summary
Babri Masjid dispute timeline: From its roots to its bloody consequences
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more