കുട്ടികളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ആശുപത്രി; പ്രതികള്‍ പിടിയില്‍
ഗ്വാളിയോര്‍: കുട്ടികളെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ആശുപത്രി അധികൃതരെ പോലീസ് പിടികൂടി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. മുരാര്‍ ഏരിയയിലെ പാലാഷ് ആശുപത്രിയിലെ ഡയറക്ടര്‍ ടി കെ ഗുപ്ത, മാനേജര്‍ തുടങ്ങിയവരാണ് പോലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
ബലാത്സംഗത്തിനിരയാകുന്നവരുടെയും അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ട് ഗര്‍ഭിണികളാകുന്നവരുടെയും കുട്ടികളെയാണ് ആശുപത്രി അധികൃതര്‍ ഇടനിലക്കാരായി വില്‍പന നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. ഒരു ലക്ഷം രൂപയോളമാണ് ഓരോ കുട്ടിക്കും ഇവര്‍ ഈടാക്കിവന്നിരുന്നതെന്ന് പോലീസ് കണ്ടെത്തി.

ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് എത്തുന്നവരെയാണ് ഡോക്ടര്‍മാര്‍ വലയിലാക്കിയിരുന്നത്. രഹസ്യമായും സുരക്ഷിതമായും പ്രസവിക്കാനുളള സൗകര്യം ആശുപത്രി അധികൃതര്‍ ഇവര്‍ക്ക് ഒരുക്കിക്കൊടുക്കും. പ്രസവശേഷം കുട്ടികളെ ആവശ്യമുള്ള മാതാപിതാക്കളെ കണ്ടെത്തുന്നതിനും ആശുപത്രിക്ക് പ്രത്യേക ഏജന്റുമാരുണ്ട്.
ഏജന്റുമാര്‍ വഴി ഒരു ലക്ഷം രൂപയോളം നല്‍കി കുട്ടികളെ വില്‍ക്കുകയും ചെയ്യും. ഏതാണ്ട് നാലുവര്‍ഷത്തിനിടെ ഒട്ടേറെ കുട്ടികളെ ഇത്തരത്തില്‍ വിറ്റതായാണ് വിവരം. ആശുപത്രിയിലെ അനധികൃത പ്രവര്‍ത്തിയെക്കുറിച്ച് രഹസ്യവിവരം ലഭിച്ച പോലീസ് അന്വേഷണം നടത്തിയശേഷം പ്രതികളെ കുടുക്കുകയായിരുന്നു. അറസ്റ്റിലായവരെ കോടതി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications