ബേബി മോഷെ വീണ്ടും മുംബൈയിലെത്തി; ഇസ്രായേലില്‍ നിന്നെത്തിയ ആ കുട്ടി ആരാണ്?
മുംബൈ: ഇന്ത്യ ഒരിക്കലും മറക്കാത്ത ദിവസമാണ് 26/11. അതിര്‍ത്തി കടന്നെത്തിയ ഭീകരര്‍ ഇന്ത്യന്‍ മണ്ണില്‍ കൂട്ടക്കുരുതി നടത്തിയപ്പോള്‍ രാജ്യം ഞെട്ടിയ ദിവസം. ഇന്ത്യന്‍ പൗരന്‍മാരെ മാത്രമല്ല പരമാവധി വിദേശ പൗരന്‍മാരെയും കൊല്ലുകയായിരുന്നു പാക് തീവ്രവാദികളുടെ ലക്ഷ്യം. ആ ദൗത്യത്തിനായി മുംബൈ നരിമാന്‍ ഹൗസില്‍ അവര്‍ വെടിയുതിര്‍ത്തപ്പോള്‍ മോഷെ ഹോള്‍ട്‌സ്ബര്‍ഗിന് നഷ്ടമായത് അവന്റെ ഉറ്റവരെയാണ്.
രണ്ടാം പിറന്നാളിന് രണ്ട് ദിവസം ബാക്കിയുള്ളപ്പോഴാണ് മോഷെയ്ക്ക് മാതാപിതാക്കളെ നഷ്ടമായത്. ഇപ്പോള്‍ 11-ാം വയസ്സില്‍ എത്തിയ അവന്‍ വീണ്ടും ഇന്ത്യന്‍ മണ്ണില്‍ എത്തിയിരിക്കുകയാണ്. അവന്റെ പ്രിയപ്പെട്ടവര്‍ ഉള്‍പ്പെടെ നിരവധി നിരപരാധികള്‍ പിടഞ്ഞുവീണ ആ ദിനത്തിന്റെ സ്മാരകം നരിമാന്‍ ഹൗസില്‍ അനാച്ഛാദനം ചെയ്യാന്‍. മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമാണ് മോഷെ മുംബൈയില്‍ തിരിച്ചെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ആറ് മാസത്തിന് ശേഷമാണ് മോഷെ ഇന്ത്യയിലെത്തുന്നത്. ഇന്ത്യ സന്ദര്‍ശിക്കാനുള്ള താല്‍പര്യം അറിയിച്ചതോടെ കുട്ടിക്കും, മുത്തശ്ശനും, മുത്തശ്ശിക്കും മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കുകയായിരുന്നു. 2008 നവംബറില്‍ പിതാവ് റബ്ബി ഗാവ്‌റിയല്‍, അമ്മ റിവ്ക ഹോള്‍ട്‌സ്ബര്‍ഗ് എന്നിവര്‍ കൊല്ലപ്പെട്ട കൊളാബയിലെ ജൂത സെന്റര്‍ സന്ദര്‍ശിച്ച് മോഷെ പ്രാര്‍ത്ഥന നടത്തും. ഇന്ത്യക്കാരിയായ ആയ സാന്ദ്ര സാമുവല്‍സാണ് മോഷെയെ അന്ന് രക്ഷപ്പെടുത്തിയത്.
ഇന്ത്യ സന്ദര്‍ശിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം നരിമാന്‍ ഹൗസിലെ 26/11 സ്മാരകം മോഷെ അനാച്ഛാദനം ചെയ്യും. 18-ാം തീയതിയാണ് ചടങ്ങ്. ബേബി മോഷെയുടെ സന്ദര്‍ശനം വികാരപരമായ കാര്യം കൂടിയാണെന്ന് ഇപ്പോഴത്തെ റബ്ബി ഇസ്രായേല്‍ കൊസോളൊവസ്‌കി പറഞ്ഞു.












Click it and Unblock the Notifications