'ദുശകുനം'; പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിൽ മോദിയെ വിമർശിച്ച രാഹുൽ ഗാന്ധിയ്ക്കെതിരെ ബിജെപി
ദില്ലി: പാർലമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ വിമശനത്തിൽ രൂക്ഷമായി പ്രതികരിച്ച് ബി ജെ പി. പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രിയല്ല രാഷ്ട്രപതി ദ്രൗപദി മുര്‍മു ആയിരിക്കണം ഉദ്ഘാടനം ചെയ്യേണ്ടതെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബി ജെ പി വിമർശനം.
'ഏതെങ്കിലും ചരിത്ര മുഹൂർത്തങ്ങൾ രാജ്യത്ത് നടക്കുമ്പോൾ അപ്പോൾ രാഹുൽ ഗാന്ധി അതിനെതിരെ രംഗത്തെത്തും. എന്തുകൊണ്ടാണ് എപ്പോഴും ഇത് സംഭവിക്കുന്നത്', ബി ജെ പി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു.' രാജ്യം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍, ശുഭവേളകളില്‍ ദുശ്ശകുനം പോലെയാണ് അദ്ദേഹം വരുന്നത്.ജനാധിപത്യത്തിന്റെ ക്ഷേത്രമായി പുതിയ പാര്‍ലമെന്റ് മന്ദിരം മാറുന്ന ചരിത്ര നിമിഷത്തെ സ്വാഗതം ചെയ്യാന്‍ കഴിയാത്ത വിധം ഇടുങ്ങിയ ചിന്താഗതിക്കാരനാണ് രാഹുൽ എന്നും ഭാട്ടിയ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ മുന്‍ സ്പീക്കറുമായ മീരാ കുമാര്‍, പുതിയ പാര്‍ലമെന്റ് മന്ദിരം വേണമെന്ന് പറഞ്ഞിരുന്നു. മുതിർന്ന നേതാവ് ജയറാം രമേശും ആവശ്യപ്പെട്ടു. അവരാണ് ഇതിനെ കുറിച്ച് സ്വപ്നം കണ്ടത് . എന്നാൽ അവർ അഴിമതിയിൽ മുങ്ങി, അതോടെ അത് നടപ്പാക്കാൻ കഴിയാതെയായി. കോൺഗ്രസ് യാതൊരു ഉപകാരവുമില്ലാത്ത പാർട്ടിയാണ്. അവരുടെ ആഗ്രഹങ്ങൾ മോദി നടപ്പാക്കുന്നതിൽ അവർക്ക് പ്രശ്നമാണ്. ഇത് രാജ്യത്തെ ജനങ്ങളുടെ ആഗ്രഹമാണ്, അപ്പോഴും കോൺഗ്രസ് അതിനെതിരെ രംഗത്തെത്തും', ഭാട്ടിയ വിമർശിച്ചു.
അതേസമയം പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുർമുവിനേയും അവരുടെ മുൻഗാമി രാംനാഥ് കോവിന്ദിനേയും ക്ഷണിച്ചില്ലെന്ന് വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രംഗത്തെത്തിയിരുന്നു.'ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പരമോന്നത നിയമനിർമ്മാണ സ്ഥാപനമാണ് പാർലമെന്റ്. രാഷ്ട്രപതിയാണ് സർക്കാരിനെയും പ്രതിപക്ഷത്തെയും ഇന്ത്യയിലെ ഓരോ പൗരനെയും പ്രതിനിധീകരിക്കുന്നത്. രാഷ്ട്രപതി ഉദ്ഘാടനം ചെയ്താൽ അത് ജനാധിപത്യ മൂല്യങ്ങളോടും ഭരണഘടനാപരമായ ഔചിത്യത്തോടും സർക്കാരിന്റെ പ്രതിബദ്ധതയെ പ്രതീകപ്പെടുത്തുമെന്നും ഖാർഗെ പറഞ്ഞിരുന്നു.തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ച് കൊണ്ടാണ് മോദി സർക്കാർ ദലിത് വിഭാഗത്തിൽ നിന്നുള്ള വ്യക്തിയെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തത് എന്നും ഖാർഗെ വിമർശിച്ചിരുന്നു.
മെയ് 28 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്‍റിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കുന്നത്. സവർക്കറുടെ ജൻമദിനമാണ് മെയ് 28. ആ ദിവസം ഉദ്ഘാടനം നിർവ്വഹിക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications