ബദരീനാഥില്‍ നിന്ന് മടങ്ങവെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; തിരച്ചിലിന് മോശം കാലാവസ്ഥ വെല്ലുവിളി
ബദരീനാഥില്‍ നിന്ന് ഡെറാഡൂണിലേക്ക് പോയ ഹെലികോപ്റ്റര്‍ തകര്‍ന്നു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ആണ് സംഭവം. പൈലറ്റും അഞ്ച് യാത്രക്കാരുമടക്കം ആറ് പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ബദരീനാഥ് ധാമിനും ജോഷിമഠിനും ഇടയില്‍ സര്‍വീസ് നടത്തുന്നതിനിടെ, മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ജില്ലാ ഭരണകൂടവും സുരക്ഷാ സേനയും നടത്തിയ തിരച്ചിലില്‍ ആണ് അപകടവിവരം സ്ഥിരീകരിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 'ജോഷിമഠിന് സമീപമുള്ള ചായി ഗ്രാമത്തിന് അടുത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണെന്ന ദൗര്‍ഭാഗ്യകരമായ വാര്‍ത്ത ലഭിച്ചു,' അദ്ദേഹം 'എക്‌സ്' പ്ലാറ്റ്ഫോമില്‍ കുറിച്ചു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം.

ജില്ലാ ഭരണകൂടം, ദുരന്തനിവാരണ വകുപ്പ്, എസ് ഡി ആര്‍ എഫ് എന്നിവയുടെ നേതൃത്വത്തില്‍ സംയുക്ത രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 'ഞാന്‍ നേരിട്ട് ഈ സംഭവഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണ്. ഗുരുതരമായി പരിക്കേറ്റവരെ മികച്ച ചികിത്സയ്ക്കായി ഉടന്‍ തന്നെ വിമാനമാര്‍ഗ്ഗം വിദഗ്ധ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
തിരച്ചില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഹെലികോപ്റ്റര്‍ എവിടെയാണെന്ന് കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്റ്ററുകള്‍ കൂടി വിന്യസിച്ചിട്ടുണ്ട്. ചാര്‍ലി എക്‌സ്-റേ കമ്പനിയുടേതാണ് ഈ ഹെലികോപ്റ്റര്‍ എന്നാണ് വിവരം. തുടര്‍ച്ചയായ മഴയും കനത്ത മേഘാവൃതമായ അന്തരീക്ഷവും കാരണം, ഹെലികോപ്റ്റര്‍ എവിടെയാണെന്ന് കൃത്യമായി കണ്ടെത്താന്‍ തിരച്ചില്‍ സംഘങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
ഒക്ടോബര്‍ മാസത്തില്‍ ഉത്തരാഖണ്ഡില്‍ ചാര്‍ ധാം തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ഹെലികോപ്റ്ററുകള്‍ അടിയന്തരമായി നിലത്തിറക്കിയ രണ്ട് സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഒരു ഹെലികോപ്റ്റര്‍ രുദ്രപ്രയാഗിലും, സാങ്കേതിക തകരാറിനെത്തുടര്‍ന്ന് മറ്റൊരു ഹെലികോപ്റ്റര്‍ തെഹ്രിയിലും അടിയന്തരമായി ഇറക്കേണ്ടി വന്നിരുന്നു.


Click it and Unblock the Notifications
