ശിവമോഗയില്‍ കലാപം; 20ലധികം പേര്‍ക്ക് പരിക്ക്, മയക്കുമരുന്ന് സംഘത്തിന് ബന്ധം?
ബെംഗളൂരു: ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകത്തിന് പിന്നാലെ കര്‍ണാടകയിലെ ശിവമോഗയില്‍ കലാപം. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചു. സംസ്‌കാര ചടങ്ങിനിടെയാണ് സംഘര്‍ഷമുണ്ടായത്. 20 പേര്‍ക്ക് പരിക്കുണ്ട്. രണ്ട് മാധ്യമപ്രവര്‍ത്തകര്‍, ഒരു യുവതി, ഒരു പോലീസുകാരന്‍ എന്നിവരും ഇതില്‍പ്പെടും. 100ലധികം വാഹനങ്ങള്‍ അഗ്നക്കിരയാക്കി. ബുധനാഴ്ച രാവിലെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും സ്‌കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ്.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഖാസിഫ്, നദീം എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന് കാരണം എന്താണെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. വിലാപ യാത്രയ്ക്ക് പോലീസ് അനുമതി നല്‍കിയിരുന്നു. വന്‍തോതില്‍ പോലീസിനെയും വിന്യസിച്ചു. എന്നിട്ടും അക്രമങ്ങള്‍ നിയന്ത്രിക്കാന്‍ സാധിച്ചില്ല. വിലാപ യാത്ര സിദ്ദയ്യ റോഡിലെത്തിയപ്പോള്‍ കല്ലേറുണ്ടാകുകയാണ് ആദ്യം ചെയ്തത്. കടകളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും തകര്‍ക്കുകയും ചെയ്തു. വീടുകള്‍ക്കും പള്ളികള്‍ക്കും നേരെ കല്ലേറുണ്ടായി.

ചിലയിടങ്ങളില്‍ നിന്ന് തിരിച്ചു കല്ലേറുണ്ടായി. ഇതോടെ ആളുകള്‍ ചിതറിയോടി. സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലീസ് ആകാശത്തേക്ക് വെടിവച്ചു. ഗാന്ധി ബസാറിലെ പള്ളിക്കടുത്ത് വിലാപയാത്ര എത്തിയ വേളയിലും കല്ലേറുണ്ടായി. ജയ് ശ്രീറാം വിളിച്ചാണ് അക്രമികള്‍ അഴിഞ്ഞാടിയത്. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറകള്‍ തകര്‍ത്തു. രാജീവ് ഗാന്ധി ലേഔട്ടിലെത്തിയപ്പോള്‍ രണ്ട് വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. 500ഓളം പേര്‍ വീടുകളിലേക്ക് കയറി എല്ലാം നശിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. അഗ്നിശമന സേനയെത്തി തീയണച്ചു.
അതേസമയം, കൊലപാതകത്തിന് പിന്നില്‍ മയക്കുമരുന്ന് മാഫിയ സംഘമാണെന്ന് പോലീസ് സംശയിക്കുന്നു. എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് എസ്പി ബിഎം ലക്ഷ്മി പ്രസാദ് ഡെക്കാണ്‍ ഹെറാള്‍ഡിനോട് പറഞ്ഞു. ബുദ്ധ നഗര്‍ സ്വദേശിയാണ് ഖാസിഫ്. ജെപി നഗറിലാണ് നദീം താമസം. രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലൊരാള്‍ ഹര്‍ഷയുമായി ആറ് മാസം മുമ്പ് കലഹിച്ചിരുന്നു. കൊലപാതകത്തിലേക്ക് നയിച്ചതിന് ഒരു കാരണം ഈ വൈരാഗ്യമാണെന്ന് എസ്പി പറഞ്ഞു. പ്രതികള്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന് ചോദ്യം ചെയ്തുവരികയാണ്.
ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ നാല് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ ബെംഗളൂരുവിലേക്ക് ട്രെയിനില്‍ പോയിരുന്നു. മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. പ്രതികളെ വൈദ്യ പരിശോധന നടത്തി. മയക്കുമരുന്ന് പ്രതികള്‍ ഉപയോഗിക്കാറുണ്ടോ എന്നറിയാന്‍ രക്തസാംപിള്‍ ശേഖരിച്ചിട്ടുണ്ട്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷ പശു സംരക്ഷണ സംഘത്തിലും പ്രവര്‍ത്തിച്ചിരുന്നു. ഹര്‍ഷയുടെ വീട് മന്ത്രിമാര്‍ സന്ദര്‍ശിച്ചു. 450 പോലീസുകാര്‍, 25 ഓഫീസര്‍മാര്‍ എന്നിവരെയാണ് ശിവമോഗയില്‍ വിന്യസിച്ചിരിക്കുന്നത്.












Click it and Unblock the Notifications