മതപരിവര്‍ത്തനം നടത്തിയെന്നാരോപണം, യുവാവിനെ മുടിയും താടിയും പുരികവും വടിപ്പിച്ച് നടത്തിച്ചു
കാണ്‍പൂര്‍: മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഹിന്ദുക്കളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ സഹായിച്ചുവെന്നാരോപിച്ചാണ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. അവദേഷ് സവിത എന്നയാളെയാണ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തിനു പുറമെ മുടിയും മീശയും താടിയും വടിപ്പിച്ച് യുവാവിനെ തെരുവിലൂടെ നടത്തിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം നടന്നത്. വീട്ടിലെത്തിയ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ അവദേഷിനെ പിടിച്ചിറക്കുകയായിരുന്നു. ആളുകള്‍ നോക്കി നില്‍ക്കെ ഇയാളെ മര്‍ദ്ദിക്കുകയും മുടിയും താടിയും വടിപ്പിക്കുകയുമായിരുന്നു.

ഹിന്ദു യുവാക്കളെ അവരുടെ സമ്മതമില്ലാതെ മതപരിവര്‍ത്തനം ചെയ്യാന്‍ അവദേഷ് സഹായിച്ചുവെന്നാണ് ആരോപണം. കൂടാതെ യുവാക്കളെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുകയും ചെയ്തുവെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. സംഭവത്തില്‍ അവദേഷിനെതിരെയും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെയും പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബലമായി പിടിച്ചുവെച്ചാണ് ഇയാളുടെ താടിയും മുടിയും വടിച്ചെടുത്തത്. താടിയും മീശയും മാത്രമല്ല പുരികവും വടിക്കുകയുണ്ടായി. സംഭവ സ്ഥലത്ത് പോലീസ് എത്തിയതോടെ രംഗം വഷളായി. അവദേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പോലീസിന് വിട്ടു തരില്ലെന്ന് പറഞ്ഞ് പ്രവര്‍ത്തകര്‍ പോലീസിനെതിരെ തിരിയുകയായിരുന്നു.












Click it and Unblock the Notifications