പ്രണയ ദിനത്തില്‍ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ അഴിഞ്ഞാടി; റസ്റ്ററന്റ് അടിച്ചുതകര്‍ത്തു, മാളിലും അക്രമം
ഹൈദരാബാദ്: പ്രണയദിനത്തില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ റസ്റ്ററന്റില്‍ കയറി ആക്രമണം നടത്തി. ഹൈദരാബാദിലെ ഐടി കേന്ദ്രമായ കോണ്ടപൂരിലെ റസ്റ്ററന്റാണ് ആക്രമിച്ചത്. ഇവിടെയുള്ള അലങ്കാര വസ്തുക്കളെല്ലാം തകര്‍ത്തു. വാലന്റൈന്‍സ് ദിനം നിര്‍ത്തലാക്കുക എന്ന മുദ്രാവാക്യം വിളിച്ചാണ് അക്രമികള്‍ എത്തിയത്.

(ഫയല്‍ ചിത്രം)
ഇവര്‍ റസ്റ്ററന്റില്‍ കയറുന്നതിന്റെയും മുദ്രാവാക്യം വിളിക്കുന്നതിന്റെയും കസേരകളും മറ്റും തകര്‍ക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. അക്രമികളില്‍ ചിലരും വീഡിയോ എടുക്കുന്നത് ദൃശ്യത്തില്‍ കാണാം. ഹൈദരാബാദിലെ ഇനോര്‍ബിറ്റ് മാളിലും സംഘം ആക്രമണം നടത്തി. ജോലിക്കാരെ കൈയ്യേറ്റം ചെയ്തു. മാളിലെ ചില വസ്തുക്കള്‍ തകര്‍ക്കുകയും ചെയ്തു.
ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചാണ് അക്രമികള്‍ എത്തിയത്. വീഡിയോ കണ്ടെന്നും എവിടെയാണ് സംഭവം നടന്നതെന്ന് പരിശോധിച്ചുവരികയാണെന്നും പരാതി ലഭിച്ചിട്ടില്ലെന്നും മധാപൂര്‍ എസിപി ശ്യാം പ്രസാദ് റാവു പറഞ്ഞു. തങ്ങളുടെ പരിധിയില്‍ നടന്ന സംഭവമാണെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസിപി പറഞ്ഞു. ആരും പരാതി നല്‍കിയിട്ടില്ലെന്നും വീഡിയോ അടിസ്ഥാനമാക്കി കേസെടുക്കുമെന്നും ഡിസിപി വെങ്കിടേശ്വര്‍ റാവു പറഞ്ഞു.












Click it and Unblock the Notifications