ബാലാക്കോട്ടെ ജെയ്ഷെ ക്യാമ്പുകൾ വീണ്ടും സജീവം; ആക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്
കറാച്ചി: ബാലാക്കോട്ടെ ജെയ്ഷെ മുഹമ്മദ് പരിശീലന ക്യാമ്പുകൾ വീണ്ടും പ്രവർത്തന സജ്ജമായതായി സൂചന. 50ഓളം തീവ്രവാദികൾ ബാലാക്കോട്ടിലെ ക്യാമ്പിൽ പരിശീലനം നടത്തി വരികയാണെന്നാണ് മുന്നറിയിപ്പ്. ഫെബ്രുവരിയിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ ബാലാക്കോട്ടെ ജെയ്ഷെ മുഹമ്മദിന്റെ പരിശീല ക്യാമ്പുകൾ തകർത്തിരുന്നു.
ഫെബ്രുവരി 27നാണ് ഇന്ത്യയുടെ ഫൈറ്റർ ജെറ്റുകൾ അതിർത്തി കടന്ന് ബാലാക്കോട്ടിൽ തിരിച്ചടി നൽകിയത്. ഫെബ്രുവരി 14ന് നാൽപ്പത് സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുൽവാമ ആക്രമണത്തിന് തിരിച്ചടി നൽകുന്നതായിരുന്നു ഇന്ത്യയുടെ നടപടി.

പുൽവാമ ആക്രമണത്തിന്റെ ഉത്തരാവദിത്തം ഏറ്റെടുത്ത ജെയ്ഷെ മുഹമ്മദ് തീവ്രവാദികൾ അവരുടെ പരിശീലന ക്യാമ്പുകൾ പുനരാരംഭിച്ചുവെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. കശ്മീരിലും അഫ്ഗാനാനിസ്ഥാനിലും ചാവേർ ആക്രമണങ്ങൾ നടത്താനാണ് ജെയ്ഷെ ഭീകരർ പദ്ധതിയിടുന്നതെന്നാണ് സൂചന.
ഇന്ത്യയുടെ സുരക്ഷാ സേനയെ ലക്ഷ്യം വെച്ച് തീവ്രവാദികൾ നുഴഞ്ഞുകയറ്റശ്രമം ശക്തമാക്കിയിട്ടുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ഇതിനിടെ ജെയ്ഷെ ഭീകരൻ മസൂദ് അസറിനെ പാകിസ്താൻ രഹസ്യമായി മോചിപ്പിച്ചെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇന്ത്യയിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെട്ടത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള നീക്കത്തിന് പിന്നാലെ പാകിസ്താൻ വൻ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായും രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.












Click it and Unblock the Notifications