പന്ത് കോൺഗ്രസിന്റെ കോർട്ടിലാണ്,പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നാൽ ബിജെപി 100 കടക്കില്ല;നിതീഷ് കുമാര്‍

ദില്ലി: പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കണമെന്ന് ആവർത്തിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് മത്സരിച്ചാല്‍ ബിജെപിക്ക് 100 സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് ഇക്കാര്യത്തിൽ നിലപാട് അറിയിക്കണമെന്നും നിതീഷ് കുമാർ പറഞ്ഞു. ബിഹാറിലെ പുർണിയയിൽ നടന്ന മഹാഗത്ബന്ധൻ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിതീഷ് കുമാർ.

ബിജെപിയെ നമ്മുക്ക് 100 ൽ താഴെ സീറ്റിൽ ഒതുക്കാം
പന്ത് കോൺഗ്രസിന്റെ കോർട്ടിലാണ്. പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസ് പെട്ടെന്ന് തന്നെ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്, നിതീഷ് കുമാർ പറഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായി പോരാടിയാൽ ബിജെപി നൂറിൽ താഴെ സീറ്റിൽ ഒതുങ്ങും.എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസിന് പെട്ടെന്ന് തീരുമാനമെടുക്കേണ്ടിവരും.നിങ്ങൾ (കോൺഗ്രസ്) എന്റെ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ ബിജെപിയെ നമ്മുക്ക് 100 ൽ താഴെ സീറ്റിൽ ഒതുക്കാം. ഇല്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് അറിയാം', നിതീഷ് പറഞ്ഞു.

പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന നിലപാടാണ്
ബി ജെ പിയെ തോൽപ്പിക്കാൻ പ്രതിപക്ഷ ഐക്യത്തിനായി പ്രവർത്തിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും നിതീഷ് കുമാർ അവകാശപ്പെട്ടു. ഇത് യാഥാർത്ഥ്യമാക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും. ബിജെപിയെ രാജ്യത്തുടനീളം തുടച്ചുനീക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന നിലപാടാണ് കോൺഗ്രസിന്റെ പ്ലീനറി സമ്മേളനവും മുന്നോട്ട് വെച്ചത്. ബി ജെ പിയെ നേരിടാൻ സമാന ചിന്താഗതിയുള്ള മതേതര പാർട്ടികൾ കോൺഗ്രസിന് കീഴിൽ അണിനിരത്തണമെന്ന് സമ്മേളനം പ്രമേയം പാസാക്കി.

മൂന്നാം മുന്നണിയുടെ വരവ് എൻ ഡി എയ്ക്ക് നേട്ടമാകും
മതനിരപേക്ഷ, സോഷ്യലിസ്റ്റ് ശക്തികളുടെ ഐക്യമായിരിക്കും കോൺഗ്രസ് പാർട്ടിയുടെ ഭാവിയുടെ മുഖമുദ്ര. സമാന ചിന്താഗതിയുള്ള മതേതര ശക്തികളെ തിരിച്ചറിയാനും അണിനിരത്താനും കോൺഗ്രസ് എല്ലാ ശ്രമങ്ങളും നടത്തണം. നമ്മുടെ പ്രത്യയശാസ്ത്രത്തോട് യോജിക്കുന്ന മതേതര പ്രാദേശിക ശക്തികളെ ഉൾപ്പെടുത്തണം. പൊതു പ്രത്യയശാസ്‌ത്രപരമായ അടിസ്ഥാനത്തിൽ എൻഡിഎയെ നേരിടാൻ പ്രതിപക്ഷ ഐക്യം അനിവാര്യമാണ്. ഏതെങ്കിലും മൂന്നാം മുന്നണിയുടെ വരവ് എൻ ഡി എയ്ക്ക് വലിയ നേട്ടമുണ്ടാക്കും', കോൺഗ്രസ് പ്രമേയത്തിൽ പറഞ്ഞു.

പ്രതിപക്ഷ ഐക്യത്തിന് നേതൃത്വം നൽകാൻ
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമാന ചിന്താഗതിയുള്ള പാർട്ടികളുമായി യോജിച്ച് പ്രവർത്തിക്കാൻ കോൺഗ്രസ് തയ്യാറാണെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും പ്രതികരിച്ചിരുന്നു. നിലവിലുള്ള ദുഷ്‌കരമായ സാഹചര്യത്തിൽ പ്രതിപക്ഷ ഐക്യത്തിന് നേതൃത്വം നൽകാൻ കഴിയുന്ന ഒരേയൊരു പാർട്ടി കോൺഗ്രസ് ആണെന്നും ഖാർഗെ പറഞ്ഞിരുന്നു.

മൂന്നാം മുന്നണിക്കുള്ള നീക്കങ്ങൾ
കോൺഗ്രസിനെ മാറ്റി നിർത്തി മൂന്നാം മുന്നണിക്കുള്ള നീക്കങ്ങൾ പ്രാദേശിക കക്ഷികളുടെ നേതൃത്വത്തിൽ നടക്കുന്നതിനിടെയാണ് കോൺഗ്രസ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലാണ് മൂന്നാം മുന്നണി ചർച്ചകൾ ആരംഭിച്ചത്. കെഎസിആർ ഇതിനോടകം എൻ സി പി അധ്യക്ഷൻ ശരദ് പവാർ, ശിവസേന നേതാവ് ഉദ്ദവ് താക്കറെ തുടങ്ങിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.












Click it and Unblock the Notifications