ചാരവൃത്തി; ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായതായി പാക്കിസ്ഥാന്‍
ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് ഇന്ത്യന്‍ ഉദ്യോഗസ്ഥനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. കറാച്ചിയിലും ബലൂചിസ്ഥാനിലും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചയാളെന്ന പേരില്‍ കല്‍യാദവ് ഭൂഷണ്‍ എന്നയാളെയാണ് പിടികൂടിയതെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. ഇയാള്‍ ഇന്ത്യന്‍ നാവികസേനയില്‍ കമാന്‍ഡര്‍ റാങ്കില്‍ ഉള്ള ഉദ്യോഗസ്ഥനാണെന്നും ഇപ്പോള്‍ റോയ്ക്ക് വേണ്ടി ജോലി ചെയ്യുകയാണെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു.
അതേസമയം കല്‍യാദവ് ഭൂഷണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി യാതൊരു ബന്ധമില്ലെന്നും ഇന്ത്യയുടെ നാവികസേനയില്‍ നിന്നും കാലാവധി തികയുന്നതിന് മുമ്പ് വിരമിക്കല്‍ നേടിയ വ്യക്തിയാണെന്നും ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി. ബലൂചിസ്ഥാന്‍ ആഭ്യന്തരമന്ത്രി മിര്‍ സര്‍ഫര്‍സ് ബഗൂട്ടിയാണ് ഇന്നലെ റോ ഉദ്യാഗസ്ഥന്‍ പിടിയിലായെന്ന് അറിയിച്ചത്.

പാക്കിസ്ഥാനില്‍ ചാരവൃത്തി നടത്താന്‍ ഉദ്യോഗസ്ഥനെ നിയമിച്ചതില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി ഇന്ത്യന്‍ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ആശങ്കയും പ്രതിഷേധവുമറിയിച്ചു. ബലൂചിസ്ഥാനിലെ വിഘടന വാദികളുമായും തീവ്രവാദികളുമായും കല്‍യാദവ് ഭൂഷണ്‍ ബന്ധപ്പെട്ടതിന് തെളിവുകളുണ്ടെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി പറയുന്നു.
ഉദ്യോഗസ്ഥനെ ഏത് പ്രദേശത്തുനിന്നാണ് പിടികൂടിയതെന്ന് വ്യക്തമല്ല. ഇദ്ദേഹത്തിന്റെ കൈയ്യില്‍നിന്നും വിലപ്പെട്ട രേഖകളെന്തെങ്കിലും പിടിച്ചെടുത്തതായോ വിവരമില്ല. സംഭവത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അടുത്തദിവസം തന്നെ കൂടുതല്‍ വിശദീകരണം നല്‍കുമെന്നാണ് സൂചന.












Click it and Unblock the Notifications