'പോപ്പുലർ ഫ്രണ്ടിനൊപ്പം ആർഎസ്എസിനേയും ബജ്റംഗ ദളിനേയും വിഎച്ച്പിയേയും നിരോധിക്കൂ';കോൺഗ്രസ് നേതാവ്
ദില്ലി; പോപ്പുലർ ഫ്രണ്ട്, എസ് ഡി പി ഐ എന്നിവയ്ക്കൊപ്പം ആർ എസ് എസ്, ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് (വി എച്ച് പി), ശ്രീരാമസേന എന്നിവയെയും നിരോധിക്കണമെന്ന് കർണാടകത്തിലെ കോൺഗ്രസ് നേതാവ്. കോൺഗ്രസ് പ്രചാരണ കമ്മിറ്റി ചെയർമാൻ എം ബി പാട്ടീൽ ആണ് വർഗീയ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകളെയെല്ലാം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്.ഇത്തരം വർഗീയ സംഘടനകളെ നിരോധിക്കാൻ ബി ജെ പി സർക്കാർ തീരുമാനമെടുത്താൽ കോൺഗ്രസ് പൂർണ പിന്തുണ നൽകുമെന്നും മുൻ കർണാടക ആഭ്യന്തര മന്ത്രി കൂടിയായി പാട്ടീൽ പറഞ്ഞു.

'വർഗീയ പ്രവർത്തനങ്ങളിൽ ഇടപെടുന്ന മുഴുവൻ സംഘടനകളേയും നിരോധിക്കണം. പോപ്പുലർ ഫണ്ടിനേയും എസ് ഡി പി ഐയേയും നിരോധിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. നിരോധിക്കട്ടെ, കേന്ദ്രത്തിന് ഞങ്ങളുടെ പൂർണ പിന്തുണയുണ്ട്. എന്നാൽ അതോടൊപ്പം ആർ എസ് എസിനേയും ബജ്റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത്, രാമസേന എന്നിവയെയും നിരോധിക്കണം', എന്നായിരുന്നു പാട്ടീൽ പറഞ്ഞത്.
എ ഐ എം ഐ എമ്മിനേയും നിരോധിക്കണം. അവരുടെ കാര്യത്തിൽ ഞങ്ങൾക്ക് താത്പര്യമില്ല. അക്കാര്യങ്ങൾ കൂടി വ്യക്തമാകട്ടെ.
എ ഐ എം ഐ എമ്മിനെ നിരോധിച്ച് ബി ജെ പി സർക്കാർ തങ്ങളുടം ഇച്ഛാശക്തി പ്രകടിപ്പിക്കട്ടെ. എന്തായാലും കോൺഗ്രസ് അതിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹുബ്ബള്ളിയിൽ അടുത്തിടെ നടന്ന അക്രമങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ആരും നിയമത്തിന് അതീതരല്ലെന്നും നിയമം കൈയിലെടുക്കുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ നിഷ്‌കരുണം നടപടിയെടുക്കുകയും വേണമെന്നും പാട്ടീൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നിരപരാധികളെ ഉപദ്രവിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട വിദ്വേഷ പോസ്റ്റിനെ ചൊല്ലയുണ്ടായ പ്രതിഷേധമായിരുന്നു ഹുബ്ബള്ളിയിൽ അക്രമത്തിൽ കലാശിച്ചത്. മക്കയിലെ മസ്ജിദിന്റെ ചിത്രത്തിൽ കാവിക്കൊടി ഉയർത്തിയ നിലയിലുള്ളതായിരുന്നു ചിത്രം. ഈ ചിത്രം യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയായിരുന്നു സംഘർഷം ഉണ്ടായത്. യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ പോസീസ് സ്റ്റേഷന് മുന്നിൽ തടച്ച് കൂടുകയും സ്റ്റേഷന് നേരെ കല്ലെറിയുകയുമായിരുന്നു. സംഭവത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ ഇതുവരെ ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ 40 ഓളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രദേശത്ത് തുടർന്ന് നിരോധനാജ്ഞയും ഏർപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications