ബാംഗ്ലൂരിൽ ഭക്ഷണം തൊട്ടാല്‍ ഇനി കൈ പൊള്ളില്ല
ബാംഗ്ലൂര്‍: ഒരു രൂപയ്ക്ക് ഇഡ്ഡ്‌ലിയും അഞ്ച് രൂപയ്ക്ക് ചോറും കിട്ടിയാല്‍ ബാംഗ്ലൂര്‍ നിവാസികള്‍ ഇനി അത്ഭുതപ്പെടേണ്ടതില്ല. തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിത തുടങ്ങിയതു പോലെ അക്ഷയപാത്ര ഫൗണ്ടേഷനുമായി സഹകരിച്ച് ബാംഗ്ലൂരില്‍ ഫുഡ് കിയോസ്‌ക്കുകള്‍ തുടങ്ങാനുള്ള പദ്ധതിയിലാണ് കര്‍ണ്ണാടക സര്‍ക്കാര്‍.
പരീക്ഷണാടിസ്ഥാനത്തില്‍ ബാംഗ്ലൂരില്‍ 15 സ്ഥലങ്ങളില്‍ ഫുഡ് കിയോസ്‌കുകള്‍ തുടങ്ങാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലമായിരിക്കില്ല കിയോസ്‌ക്കുകള്‍. തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷണം ജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ വില്‍ക്കുകയാണ് ലക്ഷ്യം. ധാരാളം ജനങ്ങള്‍ ചെന്നെത്തുന്ന ബസ് സ്റ്റാന്റ്, റെയില്‍വേ സ്‌റ്റേഷന്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവിടങ്ങളാണ് കിയോസ്‌ക്കുകള്‍ തുടങ്ങുന്നതിനുള്ള പ്രഥമ പരിഗണനയിലുള്ളത്.

തമിഴ്‌നാട്ടില്‍ ഉടനീളം മുഖ്യമന്ത്രി ജയലളിത വിഭാവനം ചെയ്ത ഇത്തരം കിയോസ്‌ക്കുകള്‍ ഉണ്ട്. ബാംഗ്ലൂരിലെ കലാശിപാളയത്ത് എ.ഐ.എ.ഡി.എം.കെ കര്‍ണ്ണാടക യൂണിറ്റ് സെക്രട്ടറി കെ.ആര്‍ കൃഷ്ണ രാജു തുടങ്ങിയ കിയോസ്‌ക് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഞായറാഴ്ച്ചകളില്‍ പ്രവര്‍ത്തിക്കുന്ന കിയോസ്‌കില്‍ നിന്നും ഒരു രൂപ നല്‍കിയാല്‍ ഒരു ഇഡ്‌ലി കിട്ടും. പൊങ്കല്‍/ അരി വിഭവങ്ങള്‍ക്ക് മൂന്ന് മുതല്‍ അഞ്ച് രൂപ വരെ നല്‍കിയാല്‍ മതിയാകും.
തമിഴ്‌നാട്ടില്‍ ചെന്നൈയില്‍ മാത്രം ഇത്തരം 200 കാന്റീനുകളാണ് പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളില്‍ 100 കാന്റീനുകളുമുണ്ട്. ഈ ഫീല്‍ഡില്‍ മികച്ച സേവനം നടത്തുന്ന അക്ഷയപാത്ര ഫൗണ്ടേഷനുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതായി കര്‍ണ്ണാടക ഭക്ഷ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു വെളിപ്പെടുത്തി. ഒന്‍പത് സംസ്ഥാനങ്ങളിലായി 10,631 സ്‌കൂളുകളിലേയ്ക്കായി 1.39 മില്യണ്‍ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. വിജയപഥത്തിലെത്തിയാല്‍ കേന്ദ്രസഹായത്തോടെ പദ്ധതി വിഫുലപ്പെടുത്താനാണ് കര്‍ണ്ണാടക സര്‍ക്കാരിന്റെ തീരുമാനം.












Click it and Unblock the Notifications