ബാംഗ്ലൂർ മെട്രോ വീണ്ടും നീളുന്നു; 15611 കോടിയുടെ വന്‍ പദ്ധതി: കെമ്പാപുര, കടബാഗെരെ വരെ ഇനി മെട്രോ
ബാംഗ്ലൂർ മെട്രോ റെയിൽ പദ്ധതിയുടെ മൂന്നാംഘട്ട വികസനത്തിന് കേന്ദ്രമന്ദ്രിസഭയുടെ അംഗീകാരം. മൂന്നാംഘട്ടത്തിൽ 31 സ്റ്റേഷനുകളും 44.65 കിലോമീറ്റർ നീളവുമുള്ള രണ്ട് ഇടനാഴികൾക്കാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. 2029-ഓടെ പ്രവർത്തനക്ഷമമാകുന്ന മൂന്നാം ഘട്ടത്തിൻ്റെ മൊത്തം പദ്ധതിപൂർത്തീകരണ ചെലവ് 15,611 കോടി രൂപയായിട്ടാണ് കണക്കാക്കുന്നത്.
ജെപി നഗർ നാലാം ഭാഗം മുതൽ കെമ്പാപുര വരെയുള്ള പടിഞ്ഞാറൻ ഔട്ടർ റിങ് റോഡ് ഇടനാഴി-1ന് 21 സ്റ്റേഷനുകളും 32.15 കിലോമീറ്റർ ദൈർഘ്യവും ഉണ്ടായിരിക്കും. ഹൊസഹള്ളി മുതൽ കടബാഗെരെ വരെ മഗഡി റോഡിലൂടെയുള്ള ഇടനാഴി-2ന് 12.50 കിലോമീറ്റർ നീളത്തിൽ 9 സ്റ്റേഷനുകളുമുണ്ടായിരിക്കും. ഇതോടെ ബെംഗളൂരു നഗരത്തിൽ വരുന്നത് 220.20 കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോ റെയിൽ ശൃംഖലയായിരിക്കും.

മൂന്നാം ഘട്ടത്തിലൂടെ ബെംഗളൂരു നഗരത്തിൻ്റെ പടിഞ്ഞാറൻ ഭാഗത്തെ ബന്ധിപ്പിക്കുന്ന ഏകദേശം 44.65 കിലോമീറ്ററോളം പുതിയ മെട്രോ പാത കൂട്ടിച്ചേർക്കും. പീനിയ വ്യാവസായിക മേഖല, ബന്നാർഘട്ട റോഡിലെയും ഔട്ടർ റിങ് റോഡിലെയും ഐടി വ്യവസായങ്ങൾ, തുമക്കൂരു റോഡിലെ ടെക്സ്റ്റൈൽ-എൻജിനിയറിങ് ഉൽപ്പാദന യൂണിറ്റുകൾ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), പിഇഎസ് യൂണിവേഴ്സിറ്റി പോലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന നഗരത്തിലെ പ്രധാന മേഖലകള്‍ക്ക് മുന്നാം ഘട്ടത്തിലൂടെ മെട്രോ സേവനം ലഭിക്കും.
അംബേദ്കർ കോളേജ്, പോളിടെക്‌നിക് കോളേജ്, കെഎൽഇ കോളേജ്, ദയാനന്ദസാഗർ സർവകലാശാല, ഐടിഐ മുതലായവയും പുതിയ ഘട്ടത്തിന് കീഴില്‍ വരുന്നതതാണ്. നഗരത്തിൻ്റെ തെക്കൻ ഭാഗം, പടിഞ്ഞാറൻ ഔട്ടർ റിങ് റോഡ്, മഗഡി റോഡ് തുടങ്ങി വിവിധ അയൽപ്രദേശങ്ങൾ എന്നിവയിലേക്കും യാത്രാസൗകര്യമൊരുക്കുന്നു. ഇത് നഗരത്തിലെ മൊത്തത്തിലുള്ള യാത്രാസൗകര്യം വർദ്ധിപ്പിക്കും. ഫലത്തില്‍ വാണിജ്യ - വ്യാവസായിക കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ എന്നിവയിലേക്ക് മെട്രോ സഹായത്തോടെ ആളുകള്‍ക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കും.
റോഡ് ഗതാഗതത്തിനു കാര്യക്ഷമമായ ബദൽ എന്ന നിലയിൽ ബെംഗളൂരു നഗരത്തിലെ മെട്രോ റെയിൽ ശൃംഖല, മൂന്നാം ഘട്ടത്തിലൂടെയും വലിയ തോതില്‍ ഗതാഗതക്കുരുക്ക് ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല പടിഞ്ഞാറൻ ഔട്ടർ റിങ് റോഡ്, മഗഡി റോഡ്, നഗരത്തിലെ മറ്റ് പ്രധാന റോഡുകൾ എന്നിങ്ങനെ തിരക്കേറിയ പാതകളിൽ പ്രത്യേകിച്ചും ഇത് സ്വാധീനം ചെലുത്തും. റോഡ് ഗതാഗതം കുറയുന്നത് വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനും യാത്രാ സമയം കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും.
മൂന്നാം ഘട്ടത്തിൻ്റെ നിർമ്മാണവും പ്രവർത്തനവും നിർമ്മാണ തൊഴിലാളികൾ മുതൽ നിർവഹണ ഉദ്യോഗസ്ഥർ, പരിപാലന ഉദ്യോഗസ്ഥർ വരെ വിവിധ മേഖലകളിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കൂടാതെ, മെച്ചപ്പെട്ട യാത്രാസൗകര്യത്തിലൂടെ പ്രാദേശിക വ്യവസായങ്ങളെ ഉത്തേജിപ്പിക്കാൻ കഴിയും, വിശേഷിച്ചും പുതിയ മെട്രോ സ്റ്റേഷനുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ. മുമ്പ് എത്തിച്ചേരാൻ പ്രയാസമായിരുന്ന ഇടങ്ങളിൽ പോലും നിക്ഷേപവും വികസനവും ആകർഷിക്കാനും കഴിയും.
മൂന്നാം ഘട്ടത്തിലെ എല്ലാ സ്റ്റേഷനുകളിലും പ്രത്യേക ബസ് ബേകൾ, പിക്ക് അപ്പ് ആൻഡ് ഡ്രോപ്പ് ബേകൾ, കാൽനട പാതകൾ, ഐപിടി/ഓട്ടോ റിക്ഷാ സ്റ്റാൻഡുകൾ എന്നിവയുമുണ്ടാകും. പ്രവർത്തനക്ഷമമായ മെട്രോ സ്റ്റേഷനുകളിലേക്ക് ബി എം ടിസി ഇതിനകം ഫീഡർ ബസുകളുടെ സർവീസ് നടത്തുന്നുമുണ്ട്. ഇത് മൂന്നാം ഘട്ട സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. പ്രധാനപ്പെട്ട 11 സ്റ്റേഷനുകളിൽ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഒന്നാംഘട്ടം, രണ്ടാംഘട്ടം എന്നിവയുടെ നിലവിലുള്ള സ്റ്റേഷനുകൾ മൂന്നാം ഘട്ടത്തിൻ്റെ നിർദ്ദിഷ്ട സ്റ്റേഷനുകളുമായി സംയോജിപ്പിച്ചിരിക്കുന്നു.












Click it and Unblock the Notifications