ബാംഗ്ലൂര്‍ പെണ്‍കുട്ടി പൂവാലനെ പിടികൂടി യു ട്യൂബിലിട്ടു
ബാംഗ്ലൂര്‍: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെ വാര്‍ത്തകള്‍ വര്‍ദ്ധിച്ചുവരവെ തന്നെ ശല്യം ചെയ്ത പൂവാലനെ പിന്തുടര്‍ന്ന് ചവിട്ടിയ പെണ്‍കുട്ടിയുടെ വീഡിയോ യു ട്യൂബില്‍ വൈറലായി. ബാംഗ്ലൂരിലെ വീണ ആഷിയ ചിന്ദ്‌ലൂര്‍ എന്ന പെണ്‍കുട്ടിയാണ് സുഹൃത്തിനൊപ്പം പൂവാലനെ പിന്തുടര്‍ന്ന് നടുറോഡില്‍ മര്‍ദ്ദിച്ചത്. യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു വീണ.
കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. വീണയും സുഹൃത്തും ജോഗിംഗിനിറങ്ങിയപ്പോള്‍ വഴിയില്‍ വെച്ച് യുവാവ് പിന്തുടരുകയായിരുന്നെന്ന് പറയുന്നു. ആദ്യം ഇയാളെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ പന്നാലെ കൂടി. അടുത്തുകൂടി ശല്യപ്പെടുത്തുമെന്നായപ്പോള്‍ വഴക്കുപറഞ്ഞ് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ തങ്ങളെ കൂടുതല്‍ ശല്യപ്പെടുത്തുകയായിരുന്നെന്ന് വീണ പറയുന്നു.
വീണയുടെ സുഹൃത്ത് മൊബൈല്‍ കാമറ ഓണ്‍ ചെയ്തതോടെ ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വീണ പിന്തുടര്‍ന്ന് റോഡില്‍ വെച്ച് ഇയാളെ ചവിട്ടുകയായിരുന്നു. പെണ്‍കുട്ടികള്‍ രണ്ടുപേരും യുവാവിനെ തെറിവിളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. യുവാവ് രക്ഷപ്പെട്ടതോടെ പെണ്‍കുട്ടികള്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. വീഡിയോ തെളിവായി നല്‍കുകയും ചെയ്തു.
തുടര്‍ന്ന് നാല്‍പ്പതു മിനിറ്റിനകം ഇയാളെ പോലീസ് പിടികൂടി. മുപ്പതു വയസുള്ള കെ. ആര്‍ സൂര്യപ്രകാശ് ആണ് അറസ്റ്റിലായതെന്ന് പോലീസ് പിന്നീട് പറഞ്ഞു. ഐപിസി സെക്ഷന്‍ 354എ, സെക്ഷന്‍ 509 എന്നീ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. വീണ വീഡിയോ യു ട്യൂബില്‍ അപ് ലോഡ് ചെയ്തതോടെ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മാധ്യമങ്ങളില്‍ സംഭവം വൈറലായിരിക്കുകയാണ്.












Click it and Unblock the Notifications