ബംഗ്ലാദേശ് മണ്ടത്തരം കാണിക്കുന്നോ? ഇന്ത്യയുമായുള്ള 180.25 കോടി രൂപയുടെ പ്രതിരോധ കരാർ റദ്ദാക്കി
ഇന്ത്യയുമായുള്ള 180.25 കോടി രൂപയുടെ പ്രതിരോധ കരാർ റദ്ദാക്കി ബംഗ്ലാദേശ്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കത്തിലേക്ക് ബംഗ്ലാദേശ് കടന്നത്. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഗാർഡൻ റീച് ഷിപ്പ്‌ബിൽഡേഴ്‌സ് ആൻഡ് എൻജിനീയേഴ്‌സ് ലിമിറ്റഡുമായി (GRSE) ഉണ്ടായിരുന്ന കരാറാണ് റദ്ദാക്കിയത്.
61 മീറ്റർ നീളമുള്ള ഒരു അഡ്വാൻസ്ഡ് ഓഷ്യൻ-ഗോയിംഗ് ടഗ് നിർമ്മിക്കുന്നതിനായി ഈരു രാജ്യങ്ങളും തമ്മില്‍ നേരത്തെ കരാറിലേർപ്പെട്ടിരുന്നു. 2023-ൽ 500 മില്യൺ ഡോളറിന്റെ പ്രതിരോധ വായ്പാ പദ്ധതിയുടെ ഭാഗമായായിട്ടായിരുന്നു ഈ കരാർ ഒപ്പുവെച്ചത്. ബംഗ്ലാദേശ് നാവികസേനയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഡിഫൻസ് പർച്ചേസിന്റെ ഓർഡർ പ്രകാരം 24 മാസത്തിനുള്ളിൽ ഈ ടഗ് രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും വിതരണം ചെയ്യുകയും വേണമായിരുന്നു.

13 നോട്ട് വേഗതയിൽ പൂർണ ലോഡിൽ പ്രവർത്തിക്കാൻ ശേഷിയുള്ള ഈ വാഹനം ദീർഘദൂര ടോവിങിനും സമുദ്രത്തിലെ രക്ഷാപ്രവർത്തനങ്ങൾക്കും പ്രധാന്യം നല്‍കിയാണ് നിർമ്മിക്കാനുദ്ദേശിച്ചിരുന്നത്. എന്നാൽ ബുധനാഴ്ചയോടെ "ബംഗ്ലാദേശ് ഗവൺമെന്റ് ഈ ഓർഡർ റദ്ദാക്കിയതായി" റിപ്പോർട്ടുകള്‍ പറയുന്നു.
ഇന്ത്യയുടെ വ്യാപാര നിയന്ത്രണങ്ങളോടുള്ള പ്രതികാര നടപടിയായിട്ടും ഈ റദ്ദാക്കല്‍ വിലയിരുത്തപ്പെടുന്നു. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിന്റെ താൽക്കാലിക ഗവൺമെന്റ് ചൈനയുമായുള്ള അടുപ്പവും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളും കാരണം ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയിരുന്നു.
2024 ഓഗസ്റ്റിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അധികാരത്തില്‍ നിന്നും പുറത്തായതിന് ശേഷമാണ് ഇന്ത്യ - ബംഗ്ലാദേശ് ബന്ധം കൂടുതൽ വഷളാകുന്നത്. ഇന്ത്യ ബംഗ്ലാദേശിൽ നിന്നുള്ള 770 മില്യൺ ഡോളറിന്റെ ഇറക്കുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും, ബംഗ്ലാദേശ് ഇന്ത്യൻ ചരക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ഈ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്.
ബംഗ്ലാദേശിന്റെ പുതിയ നീക്കം ചൈനയുമായുള്ള അടുപ്പം വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു. യൂനുസിന്റെ ഈ വർഷത്തെ ചൈന സന്ദർശനത്തിൽ 2.1 ബില്യൺ ഡോളറിന്റെ പുതിയ കരാറുകൾ ഒപ്പുവെച്ചിരുന്നു. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിക്ക് തിരിച്ചടിയാകുന്ന ഈ റദ്ദാക്കൽ, ജി ആർ എസ് ഇയുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. 22,680.75 കോടി രൂപയുടെ ഓർഡർ ബുക്കിന്റെ 0.8% മാത്രമായിരുന്നു ഈ കാരാർ.












Click it and Unblock the Notifications