ബംഗ്ലാദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു: 15 പേർ കൊല്ലപ്പെട്ടു, നിരവധി പേരുടെ നില ഗുരുതരം
ധാക്ക: ബംഗ്ലാദേശില്‍ ട്രെയിന്‍ അപകടത്തില്‍ 15 പേർ കൊല്ലപ്പെട്ടു. കിഷോർഗഞ്ചിലെ ഭൈരാബിൽ പാസഞ്ചർ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ പരിക്കുകള്‍ സാരമുള്ളതായതിനാല്‍ മരണ നിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. തലസ്ഥാനമായ ധാക്കയിൽ നിന്ന് 80 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഭൈരാബ്.
"ഞങ്ങൾ 15 മൃതദേഹങ്ങൾ കണ്ടെടുത്തു, നിരവധി പേർക്ക് പരിക്കേറ്റു," ഭൈരബിലെ സർക്കാർ അഡ്മിനിസ്ട്രേറ്റർ സാദിഖുർ റഹ്മാനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. മരണസംഖ്യ ഇനിയും ഉയരാം. രക്ഷാപ്രവർത്തകർ നല്‍കുന്നത് നടുക്കുന്ന വിവരങ്ങളാണ്. ആളുകള്‍ ചതഞ്ഞരഞ്ഞതും മറിഞ്ഞ കോച്ചുകൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതും ഇപ്പോഴും കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.

100 ലേറെ പേർക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റവരിൽ പലരും കേടായ കോച്ചുകൾക്ക് താഴെ കിടക്കുന്നതായും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി റോയിട്ടേഴ്‌സും റിപ്പോർട്ട് ചെയ്യുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥൻ സിറാജുൽ ഇസ്ലാമിനെ ഉദ്ധരിച്ചും വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നു.
അപകടത്തിൽപ്പെട്ടവരുടെ എണ്ണം വർധിക്കുമെന്ന് ഭൈരാബ് ഫയർ സ്റ്റേഷൻ ഉദ്യോഗസ്ഥൻ മൊഷറഫ് ഹുസൈനും അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. രക്ഷാപ്രവർത്തകരും നാട്ടുകാരും രക്ഷാപ്രവർത്തനം ആരംഭിച്ചതായും നിരവധി പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications