നിക്ഷേപം പിൻവലിക്കാൻ അക്കൗണ്ട് ഉടമ നേരിട്ടെത്തണമെന്ന് ബാങ്ക്; സഹോദരിയുടെ അസ്ഥികുടവുമായി ബാങ്കിലെത്തി സഹോദരൻ
മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കാന്‍ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി സഹോദരൻ. ഒഡീഷയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം നടന്നത്. പണം പിൻവലിക്കാൻ മരിച്ചയാൾ നേരിട്ടെത്തണമെന്ന് ബാങ്ക് ശഠിച്ചതോടെയാണ് ആദിവാസി വിഭാഗക്കാരനായ മധ്യവയസ്കൻ സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയത്.
കിയോൻഝർ ജില്ലയിലെ ഒഡീഷ ഗ്രാമീൺ ബാങ്കിന്റെ മല്ലിപ്പോസി ശാഖയിലാണ് സംഭവം. രണ്ട് മാസങ്ങൾക്ക് മുമ്പ് മരിച്ച സഹോദരി കൽറാ മുണ്ടയുടെ അക്കൗണ്ടിൽ നിന്ന് 20,000 രൂപ പിൻവലിക്കാനാണ് 50 വയസ്സുകാരനായ ജീത്തു മുണ്ട ബാങ്കിലെത്തിയത്. മരണ സർട്ടിഫിക്കറ്റും മറ്റ് രേഖകളും സമർപ്പിക്കാൻ മുണ്ടയോട് ബാങ്കിംഗ് അധികൃതർ ആവശ്യപ്പെടുകയായിരുന്നു.

ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ കഴിയാതെ വന്ന ജീത്തു മുണ്ട, കഴിഞ്ഞ തിങ്കളാഴ്ച സഹോദരിയുടെ ശ്മശാനത്തിൽ നിന്ന് പുറത്തെടുത്ത അസ്ഥികൂടവുമായി ബാങ്കിൻ്റെ മല്ലിപ്പോസി ശാഖയിൽ വീണ്ടുമെത്തുകയായിരുന്നു. തുടർന്ന് മാധ്യമങ്ങളെ കണ്ട ജീത്തു മുണ്ട തൻ്റെ ദുരവസ്ഥ വിശദീകരിച്ചു. 'ഞാൻ പലതവണ ബാങ്കിൽ പോയി. അക്കൗണ്ട് ഉടമയെ കൊണ്ടുവന്നാൽ മാത്രമേ പണം പിൻവലിക്കാൻ കഴിയൂ എന്ന് അവിടുത്തെ ആളുകൾ എന്നോട് പറഞ്ഞു. അവൾ മരിച്ചുവെന്ന് ഞാൻ പറഞ്ഞിട്ടും, അവർ കേൾക്കാൻ തയ്യാറായില്ല, അവളെ ബാങ്കിലേക്ക് കൊണ്ടുവരാൻ നിർബന്ധിച്ചു. അതിനാൽ, നിരാശ കാരണം ഞാൻ കുഴിമാന്തി അവളുടെ അസ്ഥികൂടം അവളുടെ മരണത്തിൻ്റെ തെളിവായി കൊണ്ടു," നിരക്ഷരനായ ജീത്തു മുണ്ട മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംഭവം വിവാദമായതോടെ പോലീസ് വിഷയത്തിൽ ഇടപെട്ടു. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൃതദേഹാവശിഷ്ടങ്ങൾ പിന്നീട് വീണ്ടും സംസ്കരിക്കുകയും ചെയ്തു. അതേസമയം ജനരോഷം ഉയർന്നതിന് പിന്നാലെ, ഒഡീഷ ഗ്രാമീൺ ബാങ്കിൻ്റെ സ്പോൺസർ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക് വിശദീകരണവുമായി രംഗത്തെത്തി. തങ്ങളുടെ ഉദ്യോഗസ്ഥർ അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് ബാങ്ക് വ്യക്തമാക്കി. ഏപ്രിൽ 27-ന് മല്ലിപ്പോസി ശാഖയിലാണ് സംഭവം നടന്നതെന്നും, ആദ്യമായാണ് മുണ്ട മരിച്ച സഹോദരിയുടെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ എത്തിയതെന്നും ബാങ്ക് അറിയിച്ചു.
അധികാരപത്രമില്ലാതെ മൂന്നാമതൊരാൾക്ക് പണം പിൻവലിക്കാൻ കഴിയില്ലെന്നും, ക്ലെയിം തീർപ്പാക്കാൻ മരണ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും ഉദ്യോഗസ്ഥർ ജീത്തു മുണ്ടയെ വ്യക്തമായി അറിയിച്ചിരുന്നു. എന്നാൽ അദ്ദേഹം പിന്നീട് മൃതദേഹാവശിഷ്ടങ്ങളുമായി മടങ്ങി വന്നത് "അങ്ങേയറ്റം ദുരിതപൂർണ്ണമായ സാഹചര്യം" സൃഷ്ടിച്ചുവെന്നും ബാങ്ക് ചൂണ്ടിക്കാട്ടി.
"ക്ലെയിം തീർപ്പാക്കുന്ന പ്രക്രിയയെക്കുറിച്ചുള്ള ധാരണയില്ലായ്മയാണ് ഈ സംഭവത്തിന് കാരണം," ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. നിക്ഷേപകന്റെ പണം സംരക്ഷിക്കുക, കൃത്യമായ നടപടിക്രമങ്ങൾ പാലിക്കുക എന്നിവയായിരുന്നു ബാങ്കിൻ്റെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. ജീത്തു മുണ്ടയെ ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നും മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പ്രാദേശിക അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുകയും ക്ലെയിം മുൻഗണനാടിസ്ഥാനത്തിൽ തീർപ്പാക്കുകയും ചെയ്യുമെന്നും ബാങ്ക് ഉറപ്പ് നൽകി.
ജീത്തു മുണ്ട ഒരു നിരക്ഷരനായ ആദിവാസി വിഭാഗത്തിൽപ്പെട്ടയാളാണെന്നും നോമിനീ അല്ലെങ്കിൽ പിന്തുടർച്ചാവകാശികളുമായി ബന്ധപ്പെട്ട നിയമപരമായ നടപടിക്രമങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിവില്ലായിരുന്നെന്നും പഠാണാ പോലീസ് ഇൻസ്പെക്ടർ കിരൺ പ്രസാദ് സാഹു പറഞ്ഞു. ബാങ്ക് ഉദ്യോഗസ്ഥർക്ക് അദ്ദേഹത്തെ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞില്ലെന്ന് സാഹു ചൂണ്ടിക്കാട്ടി. ബാങ്കിൻ്റെ ഭാഗത്ത് ഒരു ദുരുദ്ദേശവും ഉണ്ടായിരുന്നില്ല, മറിച്ച് ആശയവിനിമയത്തിലെ വിടവാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications