3 മാസത്തെ പരിചയം, മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയം; ബാങ്ക് മാനേജരെ കൊലപ്പെടുത്തി കാമുകൻ
മുംബൈ: നവി മുബൈയിലെ ലോഡ്ജിൽ വെച്ച് ബാങ്ക് മാനേജരായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. സ്വകാര്യ ബാങ്കിന്റെ ജൂനിയർ നഗർ ബ്രാഞ്ചിലെ മാനേജരും മുംബൈ ജി ടി ബി നഗർ സ്വദേശിയുമായ അമിത് കൗറി(35)നെയാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഷൊഹൈബ് ഷേഖ് (24) ആണ് പിടിയിലായത്.
ജനുവരി എട്ടിന് രാത്രിയാണ് സംഭവം. കൊല ചെയ്ത ശേഷം താമസസ്ഥലത്ത് എത്തിയ പ്രതിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത കണ്ട് ഒരാൾ പോലീസിനെ വിളിച്ച് സംഭവം അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് സംഭവം പുറത്തുവന്നത്. യുവതിക്ക മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്.

സാക്കിനാക്ക സ്വദേശിയായ യുവാവും അമിത് കൗറും മൂന്ന് മാസം മുൻപാണ് സോഷ്യൽ മീഡിയ വഴി പരിചപ്പെട്ടത്. വിവാഹ മോചിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് യുവതി. ഇവരെ വിവാഹം കഴിക്കണമെന്നായിരുന്നു ഷൊഹൈബിന്റെ ആഗ്രഹം. എന്നാൽ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഇയാൾക്ക് സംശയമുണ്ടായി. ഇതിന് പിന്നാലെയാണ് കൊല. ജനുവരി എട്ടാം തിയതി യുവതിയുടെ ജന്മദിനമായിരുന്നു.
അന്ന് വൈകീട്ട് ബാങ്കിലെ ജോലി കഴിഞ്ഞതിന് പിന്നാലെ പ്രതി യുവതിയെ കാണാനെത്തി. ജന്മദിനം ആഘോഷിച്ച ശേഷം ലോഡ്ജില് റൂം എടുത്തു. പ്രതിയും യുവതിയും തിരിച്ചറിയൽ കാർഡ് നൽകിയാണ് റൂം എടുത്തതെന്നാണ് ജീവനക്കാർ നൽകിയ മൊഴി. അർധ രാത്രിയോടെ യുവാവ് ലോഡ്ജിൽ നിന്ന് പുറത്തേക്ക് പോകുന്നത് ജീവനക്കാർ ശ്രദ്ധിച്ചിരുന്നു. പക്ഷേ സംശയാസ്പദമായി ഒന്നും തോന്നിയില്ലെന്ന് ജീവനക്കാർ പറഞ്ഞു.
യുവതിയെ കൊലപ്പെടുത്തിയ ശേഷം സാക്കിനാക്കയിലെ താമസസ്ഥലത്തേക്കാണ് പ്രതി മടങ്ങിയത്. സാക്കിനാക്കയിൽ ഒരു ബന്ധുവിന്റെ വർക്ക് ഷോപ്പിലാണ് ഷൊഹൈബ് ജോലി ചെയ്യുന്നത്. താമസ സ്ഥലത്ത് എത്തിയ പ്രതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുള്ളതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു..
ഇതിന് പിന്നാലെയാണ് ഇയാളെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതി യുവതിയെ കൊലപ്പെടുത്തിയ കാര്യം പറഞ്ഞു. ജനുവരി 9 ന് പുലർച്ചെ പോലീസ് ലോഡ്ജിലെത്തി നടത്തിയ പരിശോധനയിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ലോഡ്ജിൽ പോലിസെത്തയപ്പോഴാണ് ജീവനക്കാരും കൊലപാത വിവരം അറിയുന്നത്. പ്രതിയെ തുർഭേ പോലീസിന് കൈമാറുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.












Click it and Unblock the Notifications