ബാങ്കിംഗ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കി; ഉപഭോക്താക്കള്‍ക്ക് നേട്ടമോ കോട്ടമോ?
ന്യൂഡല്‍ഹി: ബാങ്കിംഗ് ചട്ടങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ബാങ്കിംഗ് നിയമ (ഭേദഗതി) ബില്‍ ലോക്സഭ പാസാക്കി. നിലവിലെ സിംഗിള്‍ നോമിനി സമ്പ്രദായത്തിന് പകരമായി നിക്ഷേപകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ക്കോ സ്ഥിര നിക്ഷേപങ്ങള്‍ക്കോ വേണ്ടി നാല് വ്യക്തികളെ വരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ അനുവദിക്കുന്നതാണ് ബില്ലിലെ പ്രധാന നിയമ ഭേദഗതി.
'ബാങ്കുകള്‍ ഇന്ന് പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്നു. സ്‌കെയിലുകള്‍ എല്ലാം മെച്ചപ്പെട്ട അവസ്ഥയിലാണ്. അതിനാല്‍ അവര്‍ക്ക് വിപണിയില്‍ പോയി ബോണ്ടുകളും വായ്പകളും ശേഖരിക്കാനും അതനുസരിച്ച് ബിസിനസ് നടത്താനും കഴിയും,' ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഒരു അക്കൗണ്ട് ഉടമയുടെ മരണശേഷം ഫണ്ട് വിതരണം ചെയ്യല്‍ ലളിതമാക്കാനാണ് ഈ നീക്കം.

ഈ മാറ്റം കുടുംബങ്ങള്‍ക്ക് ഫണ്ട് ആക്‌സസ് സുഗമമാക്കുകയും നടപടിക്രമങ്ങളുടെ കാലതാമസം കുറയ്ക്കുകയും ചെയ്യും. ബാങ്ക് ഡയറക്ടര്‍ഷിപ്പുകളുടെ പരിധി 5 ലക്ഷം രൂപയില്‍ നിന്ന് 2 കോടി രൂപയായി ഉയര്‍ത്തിയതാണ് ബില്ലിലെ മറ്റ് സുപ്രധാന പരിഷ്‌കാരങ്ങളില്‍ ഒന്ന്. നിയമാനുസൃത ഓഡിറ്റര്‍മാര്‍ക്കുള്ള പ്രതിഫലം തീരുമാനിക്കുന്നതില്‍ ഇത് ബാങ്കുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കും.
മാത്രമല്ല നിലവിലുള്ള രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ചകള്‍ക്ക് പകരമായി എല്ലാ മാസവും 15-ാം തീയതിയും അവസാനത്തെ തീയതിയും ആയി റെഗുലേറ്ററി റിപ്പോര്‍ട്ടിംഗ് സമയപരിധി പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. 2023-24 ലെ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി ഈ ഭേദഗതികള്‍ ആദ്യം പ്രഖ്യാപിച്ചത്.
1934 ലെ റിസര്‍വ് ബാങ്ക് നിയമം, 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ നിയമം, 1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിയമം, 1970ലെ ബാങ്കിംഗ് കമ്പനികള്‍ (അക്വിസിഷന്‍ ആന്‍ഡ് ട്രാന്‍സ്ഫര്‍ ഓഫ് അണ്ടര്‍ടേക്കിംഗുകള്‍) നിയമം, ബാങ്കിംഗ് കമ്പനികള്‍ (അണ്ടര്‍ടേക്കിംഗുകളുടെ ഏറ്റെടുക്കലും കൈമാറ്റവും) നിയമം, 1980 എന്നിവ ഭേദഗതി ചെയ്യാനാണ് നിര്‍മല സീതാരാമന്‍ ബില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.
എസ്ബിഐ നിയമത്തിലെ 38 എ വകുപ്പിലെ ഭേദഗതികള്‍ ഓഡിറ്റര്‍മാരുടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് വിവേചനാധികാരം നല്‍കുന്നതാണ്. 2011 ലെ 97-ാമത് ഭരണഘടനാ ഭേദഗതി നിയമവുമായി യോജിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ ബാങ്കുകളിലെ ഡയറക്ടര്‍മാരുടെ കാലാവധി എട്ട് വര്‍ഷത്തില്‍ നിന്ന് 10 ആയി ഉയര്‍ത്താനും ബില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഒരു കേന്ദ്ര സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ക്ക് ഒരു സംസ്ഥാന സഹകരണ ബാങ്കിന്റെ ബോര്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതാണ് ഈ ഭേദഗതി.












Click it and Unblock the Notifications