പണം ബാഗിലാക്കി കുഴിച്ചിടൂ... ബാങ്കുകള്‍ ഏത് സമയവും പൊളിയാം; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍
മോദി സര്‍ക്കാര്‍ രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും തകര്‍ത്തുവെന്നും ബാങ്കുകള്‍ ഏത് സമയവും പൊളിയാമെന്നുമാണ് ഹേമന്ത് സോറന്‍ പറഞ്ഞത്

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ബാങ്കുകളെ പറ്റി പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. ബാങ്കുകള്‍ ഏത് സമയവും പൊളിയാമെന്നും പണം ബാങ്കില്‍ നിക്ഷേപിക്കരുത് എന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗം പൂര്‍ണമായി തകര്‍ത്തുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാംഗഡില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ഹേമന്ത് സോറന്‍. ഇതിനെതിരെ ബിജെപി രംഗത്തുവന്നു.
തുടക്കം മുതലേ ഞാനിക്കാര്യം കര്‍ഷകരോടും തൊഴിലാളികളോടും പറഞ്ഞിരുന്നു. നിങ്ങളുടെ പണം ബാങ്കില്‍ നിക്ഷേപിക്കരുത്. ബാങ്കുകള്‍ വലിയ തകര്‍ച്ചയിലാണ് മുന്നോട്ട് പോകുന്നത്. പ്ലാസ്റ്റിക് ബാഗുകളിലാക്കി മണ്ണില്‍ കുഴിച്ചിട്ടോളൂ. എന്നാലും ബാങ്കില്‍ നിക്ഷേപിക്കരുത്. ഏത് സമയവും ബാങ്കുകള്‍ പൊളിയാം. ബാങ്കുടമകള്‍ നമ്മുടെ പണവുമായി എപ്പോഴാണ് ഓടിപ്പോകുക എന്ന് പറയാന്‍ പറ്റില്ല. പഴയ കാലത്തൊക്കെ നമ്മുടെ പൂര്‍വികര്‍ പണം സ്വന്തമായി സൂക്ഷിക്കുകയാണ് ചെയ്തിരുന്നത്. മണ്ണില്‍ കുഴിച്ചിടുമായിരുന്നു. അവരുടെ പണം നഷ്ടപ്പെട്ടിരുന്നില്ലെന്നും ഹേമന്ത് സോറന്‍ പറഞ്ഞു. ബാങ്കുകള്‍ തകര്‍ച്ചയിലാണെന്ന് സൂചിപ്പിച്ച് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോഴാണ് സോറന്‍ ഇക്കാര്യം പറഞ്ഞത്.
അതേസമയം, ഹേമന്ത് സോറന്റെ പ്രസ്താവനക്കെതിരെ മുന്‍ മുഖ്യമന്ത്രി രഘുബര്‍ദാസ് രംഗത്തുവന്നു. സോറന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പ്രകൃതി വിഭവങ്ങള്‍ വ്യാപകമായി കൊള്ളയടിക്കുകയാണ്. സ്വാഭാവികമായും കള്ളപ്പണം ഉണ്ടാകും. ഇത് ഭൂമിക്കടിയില്‍ ഒളിപ്പിക്കേണ്ടി വരും. അഴിമതിക്കാരായ ജനങ്ങളുടെ നേതാവാണ് സോറന്‍. അതുകൊണ്ടാണ് അദ്ദേഹം ഇത്തരത്തില്‍ പ്രസംഗിച്ചത്. മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകുന്ന ഭരണഘടനാ വിരുദ്ധമായ പ്രതികരണമാണിതെന്നും രഘുബര്‍ദാസ് പറഞ്ഞു.
അതേസമയം, ഹേമന്ത് സോറനെ പിന്തുണച്ച് മന്ത്രി മിഥിലേഷ് താക്കൂര്‍ രംഗത്തുവന്നു. രാജ്യത്തെ പരിതാപകരമായ സാമ്പത്തിക അവസ്ഥയാണ് മുഖ്യമന്ത്രി സൂചിപ്പിച്ചത്. ഇത് സംബന്ധിച്ച് ജനങ്ങളോട് പറയേണ്ട ബാധ്യത അദ്ദേഹത്തിനുണ്ട്. ഇവിടെ ഒരു സ്ഥാപനങ്ങളും സുരക്ഷിതമല്ല. മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പിന്തുണയ്ക്കുന്നു. സുരക്ഷിതമായി പണം സൂക്ഷിക്കാനാണ് അദ്ദേഹം സൂചിപ്പിച്ചതെന്നും താക്കൂര്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവും ബിജെപിയുടെ മുതിര്‍ന്ന അംഗവുമായ ബാബുലാല്‍ മറാണ്ടി, ബിജെപി എംപി നിശികാന്ത് ദുബെ തുടങ്ങിയവരെല്ലാം ഹേമന്ത് സോറനെതിരെ രംഗത്തുവന്നു.












Click it and Unblock the Notifications