ഞായറാഴ്ച ബാങ്കുകള്‍ തുറക്കും; അഞ്ച് ദിവസം അവധി ഇല്ല, കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു, സമരം തുടരും
രാജ്യത്തെ എല്ലാ ബാങ്കുകളും വരുന്ന ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും. ബാങ്ക് ജീവനക്കാര്‍ മൂന്ന് ദിവസം സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വേളയിലാണ് സമരം തുടങ്ങുന്നതിന് തൊട്ടു മുമ്പുള്ള ദിവസമായ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കാന്‍ കേന്ദ്ര ധനമന്ത്രാലയം നിര്‍ദേശിച്ചത്. ഇതോടെ തുടര്‍ച്ചയായ അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കില്ലെന്ന് ഉറപ്പായി.
ഈ മാസം 28 മുതല്‍ മൂന്ന് ദിവസമാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നത്. അതിന് തൊട്ടുമുമ്പുള്ള രണ്ടു ദിവസം ശനിയും ഞായറുമാണ്. നാലാം ശനിയാഴ്ച ബാങ്ക് അവധിയായിരിക്കും. ഞായറാഴ്ച കഴിഞ്ഞ് മൂന്ന് ദിവസത്തെ സമരം വരുന്നതിനാല്‍ ഫലത്തില്‍ അഞ്ച് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കുമായിരുന്നു. ഈ വേളയിലാണ് ഞായറാഴ്ച തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

ധനമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം സെപ്തംബര്‍ 27ന് ഞായറാഴ്ച ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം ആറ് മാസം തികയുന്ന വേളയിലാണ് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്. യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍ ആണ് സമരം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ലേബര്‍ ഓഫീസറുമായുള്ള ചര്‍ച്ചയില്‍ ധാരണയാകാതിരുന്നതോടെ സമരവുമായി മുന്നോട്ട് പോകാന്‍ ജീവനക്കാര്‍ തീരുമാനിക്കുകയായിരുന്നു.
ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ബാങ്ക് ബ്രാഞ്ചുകള്‍ തുറക്കുക മാത്രമല്ല എല്ലാ ഓഫീസുകളും എടിഎം ബന്ധിപ്പിച്ച ബ്രാഞ്ചുകളും പ്രവര്‍ത്തിക്കും. അതായത്, ഞായറാഴ്ച സാധാരണ പ്രവൃത്തി ദിവസം പോലെയാകുമെന്ന് അര്‍ഥം. നേരത്തെ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ ബാങ്കുകളും അവരുടെ ഉപഭോക്താക്കള്‍ക്ക് സുപ്രധാന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
ബാങ്ക് പ്രവൃത്തി ദിനങ്ങള്‍ ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കുക, ജോലി ഭാരം കുറയ്ക്കുക, കൂടുതല്‍ നിയമനങ്ങള്‍ നടത്തുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. പ്രവൃത്തി ദിനം ആഴ്ചയില്‍ അഞ്ചാക്കി കുറയ്ക്കാന്‍ നേരത്തെ ധാരണയായിരുന്നുവത്രെ. എന്നാല്‍ ഇതുവരെ നടപ്പാക്കിയില്ലെന്ന് ബാങ്ക് ജീവനക്കാര്‍ പറയുന്നു. ദിവസങ്ങളോളം ബാങ്കുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ സമരം സാധാരണക്കാരെയും ബാധിക്കും.
ഇനിയും അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചതകാല സമരം നടത്താനാണ് തീരുമാനം. ബാങ്കില്ലാത്ത ദിവസങ്ങളിലും എടിഎം സേവനങ്ങള്‍ ലഭിക്കും. പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും ഇതുവഴി സാധിക്കും. സിഎസ്പി സേവനങ്ങള്‍ കിട്ടും. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, യോനോ, യുപിഐ എന്നിവ ലഭിക്കും. ബാങ്കുകളില്‍ നേരിട്ടെത്തി ചെയ്യേണ്ട സേവനങ്ങള്‍ മുടങ്ങും. ചെക്കുമായി ബന്ധപ്പെട്ട പണമിടപാട് സാധിക്കില്ല.


Click it and Unblock the Notifications
