മലയാള സിനിമയുടെ 'രക്ഷകന്‍' ഇനി തമിഴിലേക്കും; ശിവകാര്‍ത്തികേയനും രവി മോഹനുമൊപ്പം ബേസില്‍ ജോസഫ്?
ചെറിയ ബജറ്റിലുള്ള ചിത്രങ്ങളുടെ രക്ഷകന്‍ എന്നാണ് ബേസില്‍ ജോസഫിനെ മലയാള സിനിമയില്‍ വിശേഷിപ്പിക്കുന്നത്. സംവിധായകനായും നടനായും ഒരുപോലെ തിളങ്ങിയ താരത്തിന് മറ്റു നടന്മാര്‍ക്ക് ഇല്ലാത്ത വിധം കൈ നിറയെ ചിത്രങ്ങളാണ്. ചെറു പ്രായത്തില്‍ തന്നെ സിനിമയെ കൃത്യമായ പ്രൊഫഷണലിസത്തോടെയും പക്വതയോടെയും സമീപിക്കുന്ന ബേസില്‍ ഓരോ ദിവസവും ഉയരങ്ങള്‍ കീഴടക്കുന്ന കാഴ്ച്ചയാണ് മലയാളി പ്രേക്ഷകര്‍ കാണുന്നത്. ഏറ്റവും പുതിയ ചിത്രം പൊന്‍മാനും തിയറ്റുകളില്‍ വലിയ ഹിറ്റായി മാറിയിരുന്നു.
മലയാളത്തില്‍ വിജയക്കൊടി പാറിച്ചശേഷം ഇപ്പോഴിതാ തമിഴിലും താരം അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. അതും ഒരു വമ്പന്‍ താരനിരയ്ക്ക് ഒപ്പമാണ് ബേസിലിന്റെ അരങ്ങേറ്റം എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദേശീയ അവാര്‍ഡ് ജേതാവായ സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാര്‍ത്തികേയന്‍, രവി മോഹന്‍ അഥര്‍വ, ശ്രീലീല, ഗുരു സോമസുന്ദരം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ഈ ചിത്രത്തിലാണ് ബേസില്‍ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയില്‍ മധുര റെയില്‍വേ സ്റ്റേഷന് സമാനമായ സെറ്റ് നിര്‍മ്മിച്ചാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ബേസില്‍ ജോസഫ് ശ്രീലങ്കയിലെ സെറ്റില്‍ രവി മോഹനൊപ്പം ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാസ്‌ക് ധരിച്ചാണ് ബേസില്‍ ഇരിക്കുന്നത്. പീരിയഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍പെടുന്ന ചിത്രമാണ് പരാശക്തി.
1960 കളില്‍ തമിഴ്നാട്ടില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് പരാശക്തിയുടെ കഥ നടക്കുന്നത്. വിദ്യാര്‍ഥി നേതാവായാണ് ശിവകാര്‍ത്തികേയന്‍ എത്തുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് രവി മോഹന്‍ എത്തുന്നതെന്നാണ് വിവരം. ശിവകാര്‍ത്തികേയന്റെ കഥാപാത്രത്തെ കൊല്ലാന്‍ രവി മോഹന്റെ കഥാപാത്രം ഉദ്ദേശിക്കുന്നതായി ടീസറില്‍ സൂചിപ്പിക്കുന്നുണ്ട്. അതേസമയം, ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ബേസില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും മലയാളി പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെയാണ് ബേസിലിന്റെ തമിഴ് സിനിമയിലെ അരങ്ങേറ്റത്തെ കാണുന്നത്.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ മാസം മധുരയില്‍ പൂര്‍ത്തിയായിരുന്നു. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സൂരറൈ പോട്രിനും പാവ കഥൈകള്‍ക്കും ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് പരാശക്തി. അമരനിലൂടെയും ടൈര്‍ 2വിലൂടെയും സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ന്ന ശിവകാര്‍ത്തികേയന്റെ കരിയറിലെ അടുത്ത ബിജ് ബജറ്റ് ചിത്രമാണ് പരാശക്തി.












Click it and Unblock the Notifications