ആ വ്യാജ ചിത്രമുണ്ടാക്കിയത് വെറും ഒന്നരമണിക്കൂര്‍ കൊണ്ട്; ഞെട്ടിപ്പിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും
ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ പ്രതിഷേധിച്ച ഗുസ്തി താരങ്ങളെ പൊലീസ് തെരുവിലൂടെ വലിച്ചിഴക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. ഇത് രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെ ഗുസ്തി താരങ്ങള്‍ പൊലീസ് വാനിലിരുന്ന് ചിരിച്ചുകൊണ്ട് സെല്‍ഫിയെടുത്തു എന്ന തരത്തില്‍ വ്യാജ ചിത്രവും പ്രചരിപ്പിച്ചിരുന്നു.
പ്രചരിപ്പിക്കുന്ന ചിത്രം വ്യാജമാണ് എന്ന് ഗുസ്തി താരം ബജ്‌റംഗ് പൂനിയ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അന്താരാഷ്ട്ര മാധ്യമമായ ബിബിസിയും ഈ ചിത്രം വ്യാജമാണ് എന്നും അത് എങ്ങനെയാണ് സൃഷ്ടിച്ചത് എന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. വിനേഷ് ഫോഗട്ടും സംഗീത ഫോഗട്ടും മറ്റ് താരങ്ങളും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം പൊലീസ് ബസിനുള്ളില്‍ ഇരിക്കുന്നതായിരുന്നു യഥാര്‍ത്ഥ ചിത്രം.

എന്നാല്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത് ഇവര്‍ ചിരിച്ച് കൊണ്ടിരിക്കുന്ന ഇതേ ചിത്രത്തിന്റെ എഡിറ്റ് ചെയ്ത പകര്‍പ്പായിരുന്നു. ഗുസ്തിക്കാരുടെ പ്രതിഷേധം ഗൗരവമുള്ളതല്ല എന്ന് പറഞ്ഞ് കൊണ്ടായിരുന്നു പലരും ഈ ചിത്രങ്ങള്‍ പങ്ക് വെച്ചത്. ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ ഗുസ്തിക്കാര്‍ മനപ്പൂര്‍വം അശാന്തി സൃഷ്ടിക്കുകയാണ് എന്നും ഇതില്‍ ലജ്ജിക്കണം എന്നുമൊക്കെയായിരുന്നു പലരും ചിത്രം പങ്ക് വെച്ച് കൊണ്ട് പറഞ്ഞത്.
ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥമെന്ന് തോന്നിയേക്കാവുന്ന ചിത്രം പല ബി ജെ പി നേതാക്കളും ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇത് വ്യാജമാണ് എന്ന് അറിഞ്ഞതോടെ ഇവര്‍ ഡിലീറ്റ് ആക്കുകയും ചെയ്തു. ബി ജെ പി ഐ ടി സെല്‍ ആണ് ചിത്രം പ്രചരിപ്പിക്കുന്നത് എന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍ ഇതിന് തെളിവുകളൊന്നുമില്ല. അതേസമയം യഥാര്‍ത്ഥ ചിത്രം പോസ്റ്റ് ചെയ്ത് ഒന്നരമണിക്കൂറിനുള്ളില്‍ ആണ് വ്യാജ ചിത്രം സൃഷ്ടിച്ചത് എന്നാണ് ബിബിസി പറയുന്നത്.
ഫേസ്ആപ്പ് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് തങ്ങള്‍ക്കും ഇതേ ചിത്രം സൃഷ്ടിക്കാന്‍ സാധിച്ചു എന്നും ബിബിസി പറയുന്നു. അതേസമയം പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ എന്തിനാണ് തങ്ങള്‍ സെല്‍ഫി എടുത്തത് എന്നതിനെ കുറിച്ച് സംഗീത ഫോഗട്ട് ബിബിസിയോട് വിശദീകരിക്കുകയും ചെയ്തു. അവര്‍ ഞങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് അറിയില്ലായിരുന്നു. അതിനാല്‍ തന്നെ ഭയവുമുണ്ടായിരുന്നു.
ആരെയൊക്കെയാണ് ഞങ്ങള്‍ക്കൊപ്പമുള്ളത് എന്ന് അറിയാന്‍ വേണ്ടിയാണ് ചിത്രം പങ്ക് വെച്ചത് എന്നാണ് സംഗീത പറയുന്നത്. അതേസമയം ഇത്തരത്തില്‍ എഡിറ്റ് ചെയ്ത ചിത്രം ഏറെ ഭയപ്പെടുത്തുന്നതാണ് എന്നാണ് സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ റെസിലിയന്‍സിലെ ഇന്‍വെസ്റ്റിഗേഷന്‍സ് ഡയറക്ടര്‍ ബെഞ്ചമിന്‍ സ്ട്രിക് പറയുന്നത്. സൂക്ഷ്മമായി നോക്കിയില്ലെങ്കില്‍ ഈ ചിത്രം വ്യാജമാണ് എന്ന് മനസിലാക്കാന്‍ പെട്ടെന്ന് സാധിക്കില്ല എന്നാണ് അതിന് കാരണമായി അദ്ദേഹം പറയുന്നത്.
ഈ ചിത്രങ്ങളില്‍ എല്ലാവര്‍ക്കും നുണക്കുഴികള്‍ ഉണ്ട്. എല്ലാവരുടെ ചിരിയും സമാനമാണ്. ഇത് ചിത്രം എഡിറ്റ് ചെയ്തതിന്റെ സൂചനയായിരുന്നു എന്ന് ബിബിസി ചൂണ്ടിക്കാട്ടുന്നു. വിനേഷ് ഫോഗട്ടിന്റെയും സംഗീതാ ഫോഗട്ടിന്റെയും മുന്‍ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇരുവര്‍ക്കും നുണക്കുഴികള്‍ ഇല്ലെന്ന് വ്യക്തമായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications