വക്താക്കളോട് നാവക്കാന്‍ രാഹുല്‍ ഗാന്ധി
ദില്ലി: നോക്കിയും കണ്ടും വേണം കോണ്‍ഗ്രസ് വക്താക്കള്‍ പ്രസ്താവനകള്‍ നടത്താനെന്ന് പാര്‍ട്ടി വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി. മണിശങ്കര്‍ അയ്യരുടെ ചായക്കച്ചവടക്കാരന്‍ പ്രയോഗവും ജനാര്‍ദനന്‍ ദ്വിവേദിയുടെ സംവരണത്തെക്കുറിച്ചുള്ള പ്രസ്താവനയും വിവാദമായ സാഹചര്യത്തിലാണ് നേതാക്കളുടെ പ്രയോഗങ്ങള്‍ക്ക് മൂക്കുകയറുമായി രാഹുല്‍ രംഗത്തുവന്നത്.
ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്കെതിരെ മണിശങ്കര്‍ അയ്യര്‍ നടത്തിയ പ്രസ്താവനയെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. മണിശങ്കര്‍ അയ്യരുടെ പ്രയോഗം തെറ്റായിപ്പോയി. എതിര്‍പക്ഷത്തെ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ല - രാഹുല്‍ പറഞ്ഞു. ചായക്കച്ചവടക്കാരനായ മോഡിക്ക് വേണമെങ്കില്‍ കോണ്‍ഗ്രസ് സമ്മേളന വേദിയില്‍ ടീ സ്റ്റാളിടാന്‍ അവസരം കൊടുക്കാം എന്നായിരുന്നു അയ്യരുടെ പ്രസ്താവന.

അയ്യരുടെ പ്രസ്താവന ഏറ്റുപിടിച്ച ബി ജെ പി രാജ്യമെങ്ങും മോഡിയുടെ പേരില്‍ ടീ സ്റ്റാളുകള്‍ തുടങ്ങി. കേവലമൊരു ചായക്കച്ചവടക്കാരനായിരുന്ന മോഡിക്ക് പോലും പ്രധാനമന്ത്രിയാകാന്‍ അവസരം നല്‍കുന്നതാണ് ബി ജെ പിയുടെ ശൈലിയെന്നും പാര്‍ട്ടിക്കാര്‍ പ്രചരിപ്പിച്ചു. അതിലും പഴികേള്‍ക്കേണ്ടി വന്നത് രാഹുല്‍ ഗാന്ധിക്കാണ്.
ജാതിയുടെ അടിസ്ഥാനത്തിലല്ല സാമ്പത്തികസ്ഥിതി നോക്കിയാവണം സംവരണം കൊടുക്കേണ്ടത് എന്ന് പറഞ്ഞാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ജനാര്‍ദ്ദനന്‍ ദ്വിവേദി പാര്‍ട്ടി നേതൃത്വത്തെ അലോസരപ്പെടുത്തിയത്. സംവരണ വിഷയത്തില്‍ പാര്‍ട്ടിയുടെ നേര്‍ വിപരീതമായ അഭിപ്രായമാണ് ദ്വിവേദി പരസ്യമായി പറഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിയും ദ്വിവേദിയെ വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications