ബീഫ് നിരോധനം; മഹാരാഷ്ട്ര കര്‍ഷകര്‍ ആത്മഹത്യാ മുനമ്പില്‍
മുംബൈ: പ്രായമായ കാലികളെ വിറ്റ് കടക്കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് ബീഫ് നിരോധനം തിരിച്ചടിയാകുന്നു. ബീഫ് നിരോധനത്തിന് ശേഷം കാലികളെ വിറ്റഴിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പല കര്‍ഷകരും ആത്മഹത്യാ മുനമ്പിലാണെന്ന് ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം മാത്രം 600 കര്‍ഷകര്‍ ആത്മഹത്യ ചെയ്ത വിദര്‍ഭയിലെ കര്‍ഷകരാണ് കൂടുതല്‍ ദുരിതത്തില്‍.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നാലു തവണ 15 കിലോമീറ്റര്‍ അകലെയുള്ള ചന്തയിലേക്ക് കാലികളെ വില്‍ക്കാനായി കൊണ്ടു ചെന്നെങ്കിലും വില്‍പന നടന്നില്ലെന്ന് വിദര്‍ഭ ബന്ദേര മാന്‍ഡിയിലെ കര്‍ഷകന്‍ പറയുന്നു. കാര്‍ഷിക വായ്പയുടെ കടക്കെണിയില്‍നിന്നും അല്‍പം ആശ്വാസം ലഭിക്കണമെങ്കില്‍ കാലികളെ വില്‍ക്കാതെ പറ്റില്ലെന്നാണ് കര്‍ഷകന്‍ പറയുന്നത്.

ഏതാണ്ട് 60,000 രൂപ രണ്ടു കാലികളെ കാലിച്ചന്തയില്‍ എത്തിച്ച ഭത്കലിയിലെ കര്‍ഷകന്‍ ഷെയ്ക്ക് റൗഫിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. കേവലം 24,000 രൂപമാത്രമാണ് കാലികള്‍ക്ക് പരമാവധി വാഗ്ദാനം ലഭിച്ച തുക. എന്നാല്‍ ഇതുകൊണ്ട് ഒന്നുമാവില്ലെന്ന് കര്‍ഷകന്‍ വിലപിക്കുന്നു. അന്യസംസ്ഥാനങ്ങളിലേക്ക് കാലികളെ കയറ്റി അയക്കുന്നവര്‍ ഇപ്പോള്‍ കര്‍ഷകര്‍ക്ക് ഭീഷണിയായിരിക്കുകയാണ്.
ബീഫ് നിരോധനത്തിന്റെ മറവില്‍ കുറഞ്ഞവിലയ്ക്ക് മാടുകളെ വാങ്ങി രഹസ്യമായി സംസ്ഥാനം കടത്തുകയാണിവര്‍. കുറഞ്ഞവില നല്‍കുന്നതുമൂലം കാലിച്ചന്തയില്‍ വില്‍പനയും കുത്തനെ കുറഞ്ഞിട്ടുണ്ട്. 700 കാലികളെ വരെ വിറ്റിരുന്ന ചന്തയില്‍ 200 കാലികളെ മാത്രമാണ് ഇപ്പോള്‍ വില്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ടില്ലെങ്കില്‍ ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗം തങ്ങളുടെ മുന്നിലില്ലെന്ന് കര്‍ഷകര്‍ പറയുന്നു.












Click it and Unblock the Notifications