ബിയര്‍ ലോറി മറിഞ്ഞു; കുടിയന്‍മാര്‍ക്ക് ലോട്ടറി
ജയ്പൂര്‍: നൂറും നൂറ്റമ്പതും രൂപയുള്ള ബിയര്‍ നുണയാന്‍ കൊതിക്കുന്നവര്‍ക്കു മുന്നില്‍ ഒരു ബിയര്‍ ലോറി തന്നെ മറിഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി. അക്കാര്യം നേരിട്ടു തന്നെ കാണണമെന്നാണ് ജയ്പൂരിലെ ഒരു പ്രദേശവാസി പറയുന്നുത്. കണ്‍മുന്നില്‍ നൂറുകണക്കിന് ബിയറുകള്‍ നിറച്ച കെയ്‌സുകള്‍. ഓടിയടുക്കുന്ന നാട്ടുകാര്‍. നിമിഷങ്ങള്‍ക്കകം ബിയര്‍ മറിഞ്ഞ സ്ഥലം ശൂന്യം.
ജയ്പൂര്‍ അജ്മീര്‍ ബൈപ്പാസില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബിയര്‍ കുപ്പികള്‍ നിറച്ചു കൊണ്ടുപോവുകയായിരുന്ന ഒരു ട്രക്ക് നിയന്ത്രണം വിട്ട് ബൈപ്പാസില്‍ മറിയുകയായിരുന്നു. വാഹനം മറിഞ്ഞയുടന്‍ എവിടെ നിന്നെന്നറിയാതെ ആളുകള്‍ ഓടിയെത്തിത്തുടങ്ങി. കൈകളിലും ബാഗുകളിലുമെല്ലാം ബിയര്‍ കുപ്പികളുമായി മടങ്ങുന്നവരായിരുന്നു പിന്നീടുള്ള കാഴ്ച.

എല്ലാവരും ഇതുപോലെ സന്തോഷത്തോടെ പോകുന്ന ഒരു കാഴ്ച അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് ഒരു ദൃക്‌സാക്ഷി പറയുന്നത്. എല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു. കൈനിറയെ ബിയറുകളുമായി പോയവര്‍ വീണ്ടും മടങ്ങിവന്ന് സുഹൃത്തുക്കള്‍ക്കും മറ്റുമായി ബിയറുകള്‍ ശേഖരിച്ചു. പറ്റാവുന്നിടത്തോളം സുഹൃത്തുക്കളെ ഫോണ്‍ ചെയ്തു വരുത്തി.
തങ്ങളുടെ ബിയര്‍ കുപ്പികള്‍ മറ്റുള്ളവര്‍ കടത്തുന്നത് ദയനീയമായി നോക്കിനില്‍ക്കാന്‍ മാത്രമേ ഡ്രൈവര്‍ക്കും സഹായിക്കും കഴിഞ്ഞുള്ളൂ. നിയന്ത്രിക്കാന്‍ പറ്റാത്തത്രയും ആളുകളാണ് സ്ഥലത്തെത്തിക്കൊണ്ടിരുന്നത്. എന്നാല്‍, പൊട്ടിയ കുപ്പികള്‍ മാറ്റാന്‍ ആരും സഹായിച്ചില്ല. അധികൃതര്‍ സ്ഥലം ക്ലീന്‍ ചെയ്യാനെത്തുമ്പോഴേക്കും നാട്ടുകാര്‍ പൊട്ടാത്ത ഒറ്റക്കുപ്പിയും സ്ഥലത്തു ബാക്കിവെച്ചിട്ടുണ്ടായിരുന്നില്ല. കുപ്പിയൊന്നും കിട്ടിയില്ലെങ്കിലും അപകടത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്ന സമാധാനത്തിലാണ് ഡ്രൈവര്‍.












Click it and Unblock the Notifications