ഗുഡ്ഗാവിനെ ഗുരുഗ്രാമാക്കി... ദ്രോണാചാര്യനല്ല ബിജെപീ, ഏകലവ്യന്മാരാണ് വേണ്ടത്...!
ദില്ലി: തങ്ങള്‍ക്ക് വോട്ട് തന്നാല്‍ തങ്ങളീ നഗരത്തിന്റെ മുഖച്ഛായ മാറ്റും എന്ന് പറഞ്ഞ് വോട്ട് വാങ്ങി ഭരണത്തിലെത്തിയവര്‍ ഭരണം കിട്ടിക്കഴിഞ്ഞാല്‍ നഗരത്തിന്റെ പേരാകും മാറ്റുക എന്ന് ഹരിയാനയിലെ ഗുഡ്ഗാവുകാര്‍ ഒരിക്കലും വിചാരിച്ചുകാണില്ല. പക്ഷേ സംഭവിച്ചത് കൃത്യമായും അതാണ്. കൗരവരുടെ ഗുരുവായിരുന്ന ദ്രോണാചാര്യര്‍ക്ക് ദക്ഷിണ നല്‍കിയത് എന്ന് പുരാണത്തെ കൂട്ടുപിടിച്ച് ഗുഡ്ഗാവിന്റെ പേര് ഗുരുഗ്രാം എന്ന് മാറ്റിയിരിക്കുകയാണ് ബി ജെ പി.
ദ്രോണാചാര്യര്‍ക്ക് ഗുരുദക്ഷിണ കിട്ടിയ ഗുരുഗ്രാമമല്ല ഗുഡ്ഗാവ് ഇന്ന്, ഇന്ത്യയിലെ ഐ ടി ഇന്‍ഡസ്ട്രിയിലെ മുഖങ്ങളിലൊന്നാണ്. പുരാണം പറഞ്ഞ് ദ്രോണാചാര്യന് വേണ്ടി ഒരു നഗരത്തിന് പേരിട്ട ബി ജെ പി പക്ഷേ ദ്രോണാചാര്യന്‍ കൈവിരല്‍ അറുത്തെടുത്ത ഏകലവ്യനെ ഓര്‍ത്തില്ല. വരാന്‍ പോകുന്ന ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ ദളിത് വോട്ടുകള്‍ ബി ജെ പിക്കെതിരെ തിരിയാന്‍ ഒരു കാരണമാകും ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

2014 ല്‍ ആദ്യമായി ഹരിയാനയില്‍ സര്‍ക്കാരുണ്ടാക്കിയ ബി ജെ പിക്ക് മികച്ചൊരു ഭരണമെന്ന പേരുകേള്‍പ്പിക്കാന്‍ ഇതുവരെ പറ്റിയിട്ടില്ല. പ്രധാനപ്പെട്ട ഒരു നഗരത്തിന്റെ പേരുമാറ്റിയ ബി ജെ പി സര്‍ക്കാര്‍ തങ്ങളും കോണ്‍ഗ്രസിന്റെ വഴിയേ തന്നെയാണ് എന്നൊരു പ്രതീതിയാണ് ഉണ്ടാക്കുന്നത്. ഗാന്ധി - നെഹ്‌റു കുടുംബത്തിലെ മുന്‍നേതാക്കളുടെ പേരില്‍ പൊതുസ്ഥാപനങ്ങള്‍ തുടങ്ങുകയാണ് കോണ്‍ഗ്രസിന്റെ പരിപാടിയെങ്കില്‍ ബി ജെ പിക്ക് അത് ഹിന്ദുത്വയ്ക്ക് വേണ്ടിയാണ് ചെയ്യുന്നത് എന്ന വ്യത്യാസം മാത്രം.
അംബേദ്കര്‍ ജയന്തി ദിവസത്തില്‍ അദ്ദേഹത്തിനെക്കുറിച്ച് പ്രധാനമന്ത്രി വാഴ്ത്തിപ്പറയുമ്പോള്‍ തന്നെയാണ് ദ്രോണാചാര്യരുടെ പേരില്‍ ഗുഡ്ഗാവിന്റെ പേരുമാറ്റവും ഉണ്ടായിരിക്കുന്നത്. അംബേദ്കറിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞതില്‍ സത്യസന്ധതയുണ്ടെങ്കില്‍ ബ്രാഹ്മണനായ ദ്രോണന് പകരം നിഷാദനായ ഏകലവ്യന്റെ പേരിലായിരുന്നില്ലേ ഗുഡ്ഗാവിന്റെ പേര് മാറ്റേണ്ടിയിരുന്നത്. ചോദ്യങ്ങള്‍ ഉയരുക തന്നെ ചെയ്യും.












Click it and Unblock the Notifications