കോണ്‍ഗ്രസിന് ചിരി; യെഡ്ഡിയുടെ പരിപാടിയില്‍ നിന്ന് വിട്ട് നിന്ന് കൂറുമാറിയ നേതാക്കള്‍, പൊട്ടിത്തെറി?
ബെംഗളൂരു: കര്‍ണാടകത്തില്‍ മന്ത്രിസഭാ വികസനം മുഖ്യമന്ത്രി യെഡിയൂരപ്പയ്ക്കും ബിജെപിയ്ക്കും വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. കൂറുമാറി ബിജെപിയില്‍ എത്തി ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച 11 പേര്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്നായിരുന്നു യെഡിയൂരപ്പ നേരത്തേ വാഗ്ദാനം നല്‍കിയത്. എന്നാല്‍ ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുണ്ട്. ദേശീയ നേതൃത്വവും മുഴുവന്‍ വിമതരേയും ഉള്‍കൊള്ളിക്കാന്‍ ആവില്ലെന്ന് നിലപാടിലാണ്.
അതിനിടെ തങ്ങളെ തയഴുന്നതില്‍ വലിയ പ്രതിഷേധമാണ് വിമതര്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ ദിവസം ബെല്‍ഗാവിയില്‍ നടന്ന മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്ന് കൂറുമാറ്റക്കാര്‍ക്കിടയിലെ പ്രമുഖ എംഎല്‍എമാര്‍ വിട്ട് നിന്നതോടെ കര്‍ണാടകത്തില്‍ മറ്റൊരു പൊട്ടിത്തെറിക്ക് കളമൊരുങ്ങുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

യെഡിയൂരപ്പയുടെ വാഗ്ദാനം
മുഖ്യമന്ത്രി ഉള്‍പ്പെടെ 18 പേരാണ് നിലവില്‍ കര്‍ണാടക മന്ത്രിസഭയില്‍ ഉള്ളത്. അടുത്ത മന്ത്രിസഭ വികസനത്തില്‍ ഇത് 34 വരെ ആകും. അതായത് കുറഞ്ഞത് 16 പേരെയെങ്കിലും ഉള്‍പ്പെടുത്താം. സഖ്യസര്‍ക്കാരിനെ താഴെയിറക്കിയ മുന്‍ കോണ്‍ഗ്രസ് -ജെഡിഎസ് അംഗങ്ങളായ 17 പേരില്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച 11 പേര്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കുമെന്നായിരുന്നു യെഡിയൂരപ്പയുടെ വാഗ്ദാനം.

വഴങ്ങാതെ ദേശീയ നേതൃത്വം
എന്നാല്‍ ഒരേ മേഖലയില്‍ നിന്നുള്ള ഒന്നില്‍ കൂടുതല്‍ നേതാക്കള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ് ശക്തമാണ്. പ്രാദേശിക സന്തുലിതാവസ്ഥ പാലിക്കണമെന്ന ആവശ്യവും ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നുണ്ട്. യെഡിയൂരപ്പയുടെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ദേശീയ നേതൃത്വവും തയ്യാറായിട്ടില്ല.

യെഡിയൂരപ്പയ്ക്ക് മുന്നറിയിപ്പ്
പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കൂറുമാറിയെത്തിയ എട്ട് പേര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാമെന്നാണ് ബിജെപി ദേശീയ നേതൃത്വം പറയുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ വിമതരും തയ്യാറായില്ല. അതിനിടെ പ്രശ്നം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് ശക്തമായ മുന്നറിയിപ്പുമായി കൂറുമാറിയെത്തി നേതാക്കള്‍ രംഗത്തെത്തി.

വിട്ട് നിന്ന് നേതാക്കള്‍
ബെല്‍ഗാവിയില്‍ നടന്ന മുഖ്യമന്ത്രി യെഡിയൂരപ്പ പങ്കെടുത്ത പരിപാടിയില്‍ നിന്ന് നേതാക്കള്‍ വിട്ട് നിന്നു. കൂറൂമാറ്റത്തിന് നേതൃത്വം നല്‍കിയ രമേശ് ജാര്‍ഖിഹോളി, മഹേഷ് കുമ്മത്തല്ലി, ശ്രീമന്ത് പാട്ടീല്‍ എന്നിവരാണ് ബെലഗാവിയിലെ പരിപാടിയില്‍ നിന്ന് വിട്ട് നിന്നത്. വികസന പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുമായി ചര്‍ച്ച
അതിനിടെ ബെളഗാവിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവും എട്ട് തവണ എംഎല്‍യുമായ ഉമേഷ് കട്ടി, ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവാദി എന്നിവര്‍ യെഡിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി.
മന്ത്രിസ്ഥാനം വേണമെന്ന ആവശ്യമാണ് ഉമേഷ് കട്ടി മുന്നോട്ട് വെയ്ക്കുന്നത്. ലക്ഷ്മി സവാദി നിയമസഭാംഗമല്ല. അതുകൊണ്ട് തന്നെ എംഎല്‍സി പദവി വേണമെന്ന ആവശ്യമാണ് ലക്ഷ്മണ്‍ സവാദിയുടേത്.

മന്ത്രിസ്ഥാനം വേണം
അതിനിടെ കൂറുമാറിയെത്തിയ മുന്‍ ജെഡിഎസ് നേതാവ് എച്ച് വിശ്വനാഥും മന്ത്രി സ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ വിശ്വനാഥ് പരാജയപ്പെട്ടിരുന്നു. മറ്റൊരു കോണ്‍ഗ്രസ് വിമതനായ എംടിബി നാഗരാജും യെഡിയൂപ്പയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ലഭിച്ചേ മതിയാകൂ
മത്സരിക്കാതെ തന്നെ മന്ത്രിസ്ഥാനം നല്‍കാമെന്നായിരുന്നു യെഡിയൂരപ്പയുടെ വാഗ്ദാനം. ഉപതിരഞ്ഞെടുപ്പില്‍ വിജയും പരാജയവും സാധാരണമാണ്. പരാജയപ്പെട്ടത് തന്‍റെ ഉത്തരവാദിത്തമല്ല. തനിക്ക് മന്ത്രിസ്ഥാനം ലഭിച്ചേ മതിയാകൂവെന്നും വിശ്വനാഥ് പറഞ്ഞു.

ദില്ലിയിലേക്ക്
അതേസമയം പ്രശ്നം രൂക്ഷമായതോടെ മുഖ്യമന്ത്രി യെഡിയൂരപ്പ ദില്ലിയിലേക്ക് തിരിച്ചു. രണ്ട് ദിവസത്തിനകം മന്ത്രിസഭ വികസിപ്പിക്കുമെന്നാണ് യെഡിയൂരപ്പ പറയുന്നത്. ദില്ലിയില്‍ എത്തിയാല്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായും യെഡിയൂരപ്പ കൂടിക്കാഴ്ച നടത്തും.

പുതിയ പൊട്ടിത്തെറി
പ്രശ്നം രൂക്ഷമായാല്‍ മന്ത്രിസഭയില്‍ നിന്നും ഏതാനും പേരെ മാറ്റി നിര്‍ത്തേണ്ടി വരും. ജാതി സമവാക്യങ്ങളും മന്ത്രിസഭ വികസനത്തില്‍ പാലിക്കേണ്ടി വരും. ഇത് ബിജെപിക്കുള്ളില്‍ പുതിയ പൊട്ടിത്തെറിക്ക് വഴിവെച്ചേക്കും.

താഴെ വീഴുമെന്ന്
തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കിയില്ലേങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പും വിമതര്‍ നല്‍കുന്നുണ്ട്.അതേസമയം മന്ത്രിസഭ വികസനത്തോടെ സര്‍ക്കാര്‍ താഴെ വീഴുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.












Click it and Unblock the Notifications